29 February Saturday

കിഫ്‌ബി വഴി 4014 കോടി; 96 പദ്ധതിക്കുകൂടി അംഗീകാരം

സ്വന്തം ലേഖകൻUpdated: Wednesday Jan 22, 2020

തിരുവനന്തപുരം > കേരള അടിസ്ഥാന സൗകര്യ നിക്ഷേപനിധി ബോർഡ്‌ (കിഫ്‌ബി) 4,014 കോടി രൂപയുടെ 96 പദ്ധതികൂടി അംഗീകരിച്ചതായി ധനമന്ത്രി തോമസ്‌ ഐസക്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പൊതുമരാമത്ത്‌ വകുപ്പിന്റെ 24 റോഡ്, മലയോര, തീര ഹൈവേകളുടെ ഒന്നുവീതം റീച്ച്‌, 15 പാലം, ഏഴ്‌ റെയിൽവേ മേൽപ്പാലം, ഒരു മേൽപ്പാലം എന്നിവയ്‌ക്ക്‌ 2,989.56 കോടിരൂപ നീക്കിവച്ചു.  കോതമംഗലം ചേലാട്‌ സ്‌റ്റേഡിയത്തിന്‌ 15.83 കോടി രൂപയുണ്ട്‌. ചിത്രാജ്ഞലിയുടെ സമ്പൂർണ നവീകരണം ഉൾപ്പെടെ 122.99 കോടിരൂപയുടെ മൂന്നു പദ്ധതി സാംസ്‌കാരികവകുപ്പുവഴി നടപ്പാക്കും. കോട്ടയം മെഡിക്കൽ കോളേജ്‌, ചെങ്ങന്നൂർ, പാറശാല താലൂക്ക്‌ ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന്‌ 298.62 കോടി രൂപയുണ്ട്‌. തീരദേശത്തെ 56 സ്‌കൂളുകൾ 64.18 കോടി രൂപയ്‌ക്ക്‌ നവീകരിക്കും. ചെത്തി ഹാർബറിന്‌ 97.43 കോടിരൂപ അനുവദിച്ചു.

പത്തൊമ്പത്‌ കോളേജിന്റെ അടിസ്ഥാന സൗകര്യ നവീകരണത്തിന്‌ 166.92 കോടിരൂപ ചെലവിടും. തിരുവനന്തപുരം വട്ടിയൂർക്കാവ്‌ ജങ്‌ഷഷൻ വികസനം ഉൾപ്പെടെ തദ്ദേശസ്ഥാപനങ്ങളുടെ മൂന്ന്‌ പദ്ധതിക്ക്‌ 64.37 കോടിരൂപ അനുവദിച്ചു. ടൂറിസം വകുപ്പിന്റെ രണ്ട്‌ പദ്ധതിക്ക്‌ 77.52 കോടി രൂപയുണ്ട്‌. വനമേഖലയിലെ വേലി നിർമാണത്തിന്‌ 110.01 കോടി രൂപയുണ്ട്‌. തൃശൂർ ആഗ്രോ പാർക്കിനായി 7.17 കോടിരൂപയും അനുവദിച്ചു.
 

സ്ഥലമെടുപ്പിന്‌ പണം ഉറപ്പ്‌

ദേശീയപാത വികസനത്തിന്‌ സ്ഥലമെടുപ്പിന്റെ സംസ്ഥാനവിഹിതം കിഫ്‌ബിവഴി നൽകും. ആദ്യഗഡു 349.7 കോടി രൂപ കിഫ്‌ബി ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിക്ക്‌ കൈമാറി.

ആസ്‌തി–-ബാധ്യതാ പരിപാലന മാതൃക

കിഫ്‌ബിയുടെ ആസ്‌തി–-ബാധ്യതാ പരിപാലന മാതൃക എക്‌സിക്യൂട്ടിവ്‌ കമ്മിറ്റിയും ഗവേണിങ്‌ ബോഡിയും പരിശോധിച്ച്‌ തൃപ്‌തി രേഖപ്പെടുത്തി. ജൂണിൽ പൂർണരൂപത്തിൽ, അന്താരാഷ്‌ട്ര നിലവാരത്തിലുള്ള മാതൃക ലഭ്യമാകുമെന്നും സിഇഒ ഡോ. കെ എം എബ്രഹാം പറഞ്ഞു.


പ്രധാന വാർത്തകൾ
 Top