16 January Saturday

ആര് എതിര്‍ത്താലും കിഫ്ബി പദ്ധതി ഉപേക്ഷിക്കില്ല; കേന്ദ്രഏജന്‍സികളുടെ നീക്കങ്ങള്‍ക്ക് മുന്നില്‍ വഴങ്ങില്ല: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 24, 2020

 

തിരുവനന്തപുരം> കിഫ്ബി സി ആന്റ് എജി ഓഡിറ്റിന് വിധേയമാണെന്നും, അല്ല എന്നത് തീര്‍ത്തും വ്യാജ പ്രചാരണമാണെന്നും മുഖ്യമന്ത്രി. സി ആന്റ് എജിയുടെ അധികാരങ്ങള്‍ നിര്‍ണ്ണയിക്കുന്ന നിയമമുണ്ട്. ഒരു സ്ഥാപനം അതിന്റെ വാര്‍ഷിക ചെലവിന്റെ 75 ശതമാനം, കുറഞ്ഞത് 25 ലക്ഷം രൂപ സഹായമായി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും കിട്ടുന്നു എങ്കില്‍ പ്രസ്തുത നിയമത്തിന്റെ വകുപ്പ് 14 (1) പ്രകാരം ആ സ്ഥാപനം സി ആന്റ് എജി ഓഡിറ്റിന് നിര്‍ബന്ധമായും വിധേയമാണ്.

 ആരുടെയും അനുവാദം വേണ്ട. ആ സ്ഥാപനത്തിന്റെ എല്ലാ വരവുചെലവു കണക്കുകളും സമഗ്രമായി സി ആന്റ് എജിക്ക് ഓഡിറ്റ് ചെയ്യാം. ഇക്കാര്യത്തില്‍ ഒരു തര്‍ക്കമേയില്ല. ഇതില്‍ പ്രകാരം ഈ സര്‍ക്കാരിന്റെ കാലത്ത് നാലു തവണ ഓഡിറ്റു നടക്കുകയും ചെയ്തു. പിന്നെ എന്താണ് പ്രശ്‌നം?

ഇതു വ്യക്തമായപ്പോള്‍ പുതിയ വാദമാണ് ചിലര്‍ ഉയര്‍ത്തിയത്. കിഫ്ബിയുടെ വാര്‍ഷിക ചെലവ് ഇനി ഉയരുമല്ലോ? അപ്പോള്‍ 75 ശതമാനം വരവ് സര്‍ക്കാരില്‍ നിന്നാകില്ലല്ലോ? അപ്പോള്‍ എജി ഓഡിറ്റിന്റെ പരിധിയില്‍ നിന്നും പുറത്തു പോകുമല്ലോ? ഇതിന് പരിഹാരം 14-ാം വകുപ്പില്‍ തന്നെയുണ്ട്. ഒരിക്കല്‍ തുടങ്ങിയാല്‍ ശതമാനക്കണക്കില്‍ താഴ്ന്നാലും തുടര്‍ന്നുള്ള രണ്ടു വര്‍ഷം ഇതേ ഓഡിറ്റ് തുടരാം. അതും കഴിഞ്ഞാലോ? ഇതേ വ്യവസ്ഥയില്‍ സി ആന്റ് എജി ഓഡിറ്റ് തുടരണമെന്ന് സര്‍ക്കാരിന് എജിയോട് ആവശ്യപ്പെടാം. ഇത്തരത്തില്‍ മുന്‍കൂര്‍ അനുവാദം നല്‍കിക്കൊണ്ട് സര്‍ക്കാര്‍ നേരത്തേ തന്നെ കത്ത് നല്‍കിയിട്ടുമുണ്ട്.

അപ്പോള്‍ 14 (1) പ്രകാരമുള്ള ഓഡിറ്റിന് ഒരു തടസവും ഇല്ല.

ആദ്യ ഘട്ടത്തിലെ പ്രവര്‍ത്തനത്തിനുശേഷം തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കിഫ്ബി ഏറെക്കുറെ നിര്‍ജീവാവസ്ഥയില്‍ ആയി. പിന്നീട് 2014-15ലാണ് അടിസ്ഥാന സൗകര്യവികസനത്തിന് വേണ്ടത്ര ഫണ്ട് ബജറ്റില്‍ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍, വികസനപ്രക്രിയ മുന്നോട്ട് കൊണ്ടുപോകാന്‍ ബദല്‍ മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ ആരായുകയും, ഇതിനു വേണ്ടി വീണ്ടും കിഫ്ബിയെ നോഡല്‍ ഏജന്‍സിയായി നിയോഗിക്കുകയും ചെയ്തത്. ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നതിന് മുന്നേ ഭരണം മാറി. 2016ല്‍ ഇപ്പോഴത്തെ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ എത്തി. ഈ സര്‍ക്കാര്‍ കിഫ്ബിയുടെ പ്രവര്‍ത്തനത്തിലും സംവിധാനത്തിലും ഉള്ള പോരായ്മകള്‍ തിരിച്ചറിഞ്ഞ് കിഫ്ബിയെ പുനഃസംഘടിപ്പിക്കാനും കാലാനുസൃതവും സമഗ്രവുമായ മാറ്റങ്ങള്‍ നടപ്പാക്കാനും തീരുമാനിച്ചു.
ഇതാണ് കിഫ്ബി ഭേദഗതി നിയമത്തിന് വഴി തെളിച്ചത്.


പുതുജീവന്‍ ലഭിച്ച കിഫ്ബി


സെബി, ആര്‍ബിഐ തുടങ്ങിയ നിയന്ത്രണ ഏജന്‍സികളുടെ ചട്ടങ്ങള്‍ക്കനുസരിച്ച് ആധുനിക വിപണിയിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുവാനുള്ള പരിഷ്‌കാരങ്ങള്‍ 2016ലെ ഭേദഗതി ആക്ടില്‍ കൊണ്ടുവന്നു. മറ്റൊരു സ്ഥാപനത്തിലും ഇല്ലാത്ത രീതിയില്‍ അതിപ്രഗത്ഭമായ ഒരു ബോര്‍ഡാണ് കിഫ്ബിയെ നിയന്ത്രിക്കുന്നത്. ഭരണനിര്‍വഹണം, ധനകാര്യം തുടങ്ങിയ മേഖലകളില്‍ ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ പ്രാഗത്ഭ്യവും പ്രവര്‍ത്തനപരിചയവുമുള്ള സ്വതന്ത്ര അംഗങ്ങള്‍ അടങ്ങിയതാണ് കിഫ്‌ബോര്‍ഡ്. സ്വതന്ത്ര അംഗങ്ങളും സര്‍ക്കാര്‍ പ്രതിനിധികളും തുല്യ അനുപാതത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതാണ് അത്. ഇത്തരം ഉദാഹരണങ്ങള്‍ അധികമില്ല. മുഖ്യമന്ത്രി ചെയര്‍പേഴ്‌സണും ധനകാര്യമന്ത്രി വൈസ് ചെയര്‍പേഴ്‌സണും ആയ ബോര്‍ഡില്‍ പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍, ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി, നിയമസെക്രട്ടറി എന്നിവര്‍ ഉള്‍പ്പെടുന്നു. ഇത്തരത്തില്‍ ശക്തമായ ഒരു നിയന്ത്രണ സംവിധാനമാണ് കിഫ്ബിയുടേത്.

പഴയ കിഫ്ബിയില്‍ വിവിധ സ്രോതസുകളില്‍ നിന്ന് കിഫ്ബി സമാഹരിച്ച പണം സംസ്ഥാന ട്രഷറിയില്‍ സൂക്ഷിച്ചിരുന്നത് വകമാറി സര്‍ക്കാരിന്റെ ദൈനംദിന ചിലവുകള്‍ക്ക് ചിലവഴിച്ചിരുന്നു. ഇതാണ് കിഫ്ബിയുടെ ഉദ്ദേശ്യ ലക്ഷ്യം നേടാതെ പോകാന്‍ പ്രധാനകാരണം. ഇതിനു പരിഹാരമായി ഭേദഗതി വഴി, സമാഹരിക്കപ്പെടുന്ന ധനം സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് മാറ്റി വിവേകപൂര്‍വവും സുരക്ഷിതവുമായ നിക്ഷേപങ്ങളാക്കി മാറ്റുന്നതിനുള്ള വ്യവസ്ഥകളും കൊണ്ടുവന്നു. കിഫ്ബിയുടെ തിരിച്ചടവുകള്‍ ഉറപ്പു വരുത്തുന്നതിനും നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനുമായി മോട്ടോര്‍ വെഹിക്കിള്‍ ടാക്‌സിന്റെ അമ്പതുശതമാനവും പെട്രോളിയം സെസും നിയമംമൂലം കിഫ്ബിക്ക് അനുവദിച്ചു നല്‍കി. ഇവയാണ് കിഫ്ബിയുടെ പ്രധാന വരുമാനമാര്‍ഗങ്ങള്‍. ഇത്തരത്തിലുള്ള സമഗ്രമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഭേദഗതി ആക്ട് ഐകകണ്‌ഠ്യേനയാണ് നിയമസഭ പാസാക്കിയത്.

കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ സുശക്തമായ നിരീക്ഷണസംവിധാനമാണ് ഫണ്ട് ട്രസ്റ്റീ അഡൈ്വസറി കമ്മിഷന്‍ അഥവാ എഫ്ടാക്. ഇതും കിഫ്ബി ഭേദഗതി നിയമത്തില്‍ നിഷ്‌കര്‍ഷിക്കുന്നതാണ്. മുന്‍ സി ആന്‍ഡ് എജി ആയ വിനോദ് റായി ആണ് നിലവിലെ എഫ്ടാക് ചെയര്‍മാന്‍. ഓരോ ആറുമാസം കൂടുമ്പോഴും വിശ്വാസ്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കുക എന്നതാണ് എഫ്ടാക്കിന്റെ പ്രധാന ചുമതല. പൊതുജനങ്ങള്‍, സര്‍ക്കാര്‍, നിക്ഷേപകര്‍ എന്നീ മൂന്ന് വിഭാഗങ്ങളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് എഫ്ടാക് ഉറപ്പാക്കുന്നു.

കിഫ്ബിയില്‍ വരുന്ന ഓരോ പ്രോജക്ടും ബജറ്റിലൂടെ നിയമസഭയില്‍ അവതരിപ്പിക്കുന്നവയും അതാത് ഭരണവകുപ്പുകളുടെ അനുമതി ഉള്ളവയുമാണ്. ബജറ്റില്‍ പ്രഖ്യാപിക്കാത്ത പദ്ധതികള്‍ മന്ത്രിസഭയുടെ അംഗീകാരത്തോടെയാണ് കിഫ്ബിയുടെ പരിഗണനയ്ക്കായി വരുന്നത്. ഇങ്ങനെയല്ലാത്ത ഒരു പദ്ധതിയ്ക്കും കിഫ്ബി അംഗീകാരം നല്‍കിയിട്ടില്ല. പൊതുതാല്‍പര്യം മുന്‍നിര്‍ത്തി സാധാരണക്കാരന്റെ ആവശ്യങ്ങള്‍ പരിഗണിച്ച് ഭരണ പ്രതിപക്ഷ ഭേദമെന്യേ ആണ് പദ്ധതികള്‍ അനുവദിക്കുന്നത്. കേരളത്തിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും കിഫ്ബിയുടെ സ്പര്‍ശമുണ്ട്.

2020 വരെയുള്ള കാലയളവിലെ സമ്പൂര്‍ണ ഓഡിറ്റ് സിഎജി പൂര്‍ത്തീകരിച്ചിട്ടുണ്ട്. എട്ടുമാസത്തോളം നീണ്ടു നിന്ന ഓഡിറ്റിനുള്ള എല്ലാ സൗകര്യങ്ങളും കിഫ്ബി സിഎജിക്ക് ചെയ്തുകൊടുത്തിരുന്നു. കിഫ്ബിയുടെ ഇ-ഗവേണന്‍സ് സംവിധാനത്തിലേക്ക് സിഎജിക്ക് പൂര്‍ണ പ്രവേശനാനുമതി നല്‍കിയിരുന്നു. ലോക്ക്ഡൗണില്‍ പോലും ഓഡിറ്റ് പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടന്നു. ഓഡിറ്റിനെ തുടര്‍ന്നു നടന്ന എക്‌സിറ്റ് മീറ്റിനു ശേഷവും സിഎജി കിഫ്ബിയുടെ ഫയലുകള്‍ ഓണ്‍ലൈനായി പരിശോധിക്കാനുള്ള അനുമതി ആവശ്യപ്പെടുകയും ഒരു തടസവും ഉന്നയിക്കാതെ അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്.

കിഫ്ബിയുടെ നേട്ടങ്ങള്‍

60,102.51 കോടിരൂപയുടെ 821 പദ്ധതികള്‍ക്കാണ് നാളിതുവരെ കിഫ്ബി അംഗീകാരം നല്‍കിയിരിക്കുന്നത്. ഇതില്‍ 20,000 കോടിയുടെ ഭൂമി ഏറ്റെടുക്കല്‍ പദ്ധതികളും ഉള്‍പ്പെടും. 16,191.54 കോടി രൂപയുടെ 433 പദ്ധതികള്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മാണത്തിലേക്ക് കടന്നു. 388 പദ്ധതികളുടെ ടെന്‍ഡറിങ് നടപടികള്‍ പുരോഗമിക്കുന്നു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഇഴഞ്ഞു നീങ്ങുകയായിരുന്ന ദേശീയപാതാ വികസനം, കിഫ്ബിയുടെ സഹായത്തോടെ യാഥാര്‍ഥ്യമാവുകയാണ്. 5374 കോടി രൂപ പദ്ധതിയുടെ സംസ്ഥാനവിഹിതമായി കിഫ്ബി വഴി അനുവദിച്ചു കഴിഞ്ഞു.

3500 കോടിയുടെ മലയോര ഹൈവേ, 6500 കോടിയുടെ തീരദേശ ഹൈവേ, 5200 കോടി രൂപയുടെ ട്രാന്‍സ്ഗ്രിഡ് 2.0 ശൃംഖല, 3178.02 കോടി മുതല്‍മുടക്കുള്ള ആരോഗ്യപദ്ധതികള്‍, നമ്മുടെ പൊതുവിദ്യാലയങ്ങളുടെ സാങ്കേതികനിലവാരവും അടിസ്ഥാനസൗകര്യങ്ങളും വര്‍ധിപ്പിക്കുന്നതിനായി 2427.55 കോടി രൂപയുടെ പദ്ധതികള്‍, പട്ടികജാതി-പട്ടികവര്‍ഗ, മല്‍സ്യത്തൊഴിലാളി വിഭാഗങ്ങളുടെ ഉന്നമനത്തിനായി 1103.58 കോടി രൂപയുടെ പദ്ധതികള്‍ തുടങ്ങി സംസ്ഥാനചരിത്രത്തില്‍ സമാനതകളില്ലാത്ത വികസനപ്രവര്‍ത്തനങ്ങളാണ് ഇവിടെ കിഫ്ബി വഴി നടപ്പാക്കുന്നത്.

ഓരോ വകുപ്പുകള്‍ മുഖേന ചെലവിട്ടതും അനുവദിച്ചതുമായി പദ്ധതികളുടെ വിശദവിവരങ്ങള്‍ ഇവിടെ പറയുന്നില്ല. ഒരു കാര്യം മാത്രം, ആവര്‍ത്തിച്ചു പറയാം. നമ്മുടെ സംസ്ഥാനം ചരിത്രത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത വിപുലവും വേഗതയുള്ളതുമായ വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. കേന്ദ്രം പണം നല്‍കുന്നില്ല, വരുമാന സ്രോതസ്സുകള്‍ അടഞ്ഞു, വിഭവ ലഭ്യത കുറഞ്ഞു എന്നൊന്നും പറഞ്ഞു വികസനത്തിന് അവധി കൊടുക്കാന്‍ ഈ സര്‍ക്കാര്‍ തയാറായിട്ടില്ല. അത്തരം നിസ്സഹായതയല്ല; നാടിന്റെ വളര്‍ച്ച ഉറപ്പാക്കിയേ മുന്നോട്ടുള്ളൂ എന്നതാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ സമീപനം, അതിനു കണ്ടെത്തിയ ബദല്‍ മാര്‍ഗമാണ് കിഫ്ബി. അതിനെ തകര്‍ത്താല്‍ ഈ നാടിനെ തകര്‍ക്കാം എന്ന് കരുതുന്നവര്‍ക്ക് വഴങ്ങും എന്ന ധാരണ ആരും വെച്ചു പുലര്‍ത്തേണ്ടതില്ല.

ഈ നേട്ടങ്ങള്‍ കിഫ്ബിയുടെ സാധ്യത നാടിനുവേണ്ടി ഉപയോഗിച്ചതിന്റെ ഫലമായി ഉണ്ടായതാണ്. ഇതിനെയല്ലേ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്? കിഫ്ബിയെക്കുറിച്ച് വ്യാജകഥകളും അപവാദവും പ്രചരിപ്പിക്കുന്നവര്‍ നാടിന്റെയും ജനങ്ങളുടെയും ശത്രുക്കളാണ്. നാട് നശിച്ചുകാണാന്‍ കൊതിക്കുന്നവരാണ്. അത്തരക്കാരുടെ മനോവൈകല്യത്തിന് വഴങ്ങാന്‍ ഈ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല.

ആര് എതിര്‍ത്താലും കിഫ്ബി പദ്ധതികള്‍ ഉപേക്ഷിക്കില്ല. പ്രതിപക്ഷനേതാവ് എതിര്‍ത്താലും അദ്ദേഹത്തിന്റെ ഹരിപ്പാട് നിയോജക മണ്ഡലത്തിലെ കിഫ്ബി പദ്ധതികള്‍ ഉപേക്ഷിക്കാന്‍ പോകുന്നില്ല. ഒരു പ്രതിപക്ഷ എംഎല്‍എയുടെയും മണ്ഡലത്തിലെ ഒരു കിഫ്ബി പദ്ധതിയും ഉപേക്ഷിക്കില്ല. കാരണം ഈ നാടിനുവേണ്ടിയുള്ള പദ്ധതികളാണത്. ഞങ്ങള്‍ ഈ നാടിനെയും ജനങ്ങളെയുമാണ് കാണുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെയും പ്രതികൂലാവസ്ഥയുടെയും വെല്ലുവിളിയ്ക്കു മുന്നില്‍ പ്രതിമപോലെ നിസ്സഹായമായി നില്‍ക്കാനല്ല ഈ സര്‍ക്കാരിനെ ജനങ്ങള്‍ തെരഞ്ഞെടുത്തത്. ഈ നാട് തളര്‍ന്നുപോകരുത്. ഇവിടെ വളര്‍ച്ച മുരടിക്കരുത്. വികസനം സാധ്യമാകണം. അതിനുള്ള ഉപാധിയാണ് കിഫ്ബി. അതിനെ തകര്‍ക്കാന്‍ ഏതു ശക്തിവന്നാലും ചെറുക്കുക തന്നെ ചെയ്യും. അത് ഈ നാടിന്റെ ആവശ്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top