22 October Tuesday
കെവിൻ ദുരഭിമാനക്കൊലക്കേസ‌്

കെവിൻ പ്രതികളിൽനിന്ന‌് രക്ഷപെട്ടതല്ല, കൊല്ലപ്പെട്ടതാണ‌്: അന്വേഷണ ഉദ്യോഗസ്ഥൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 18, 2019

കോട്ടയം> കെവിൻ പ്രതികളുടെ കൈയിൽനിന്ന‌് രക്ഷപെട്ടതല്ല, കൊല്ലപ്പെട്ടതാണെന്ന‌് കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ ഗിരീ‌ഷ‌് പി സാരഥി കോടതിയിൽ മൊഴി നൽകി. 2018 മെയ‌് 27ന‌് രാവിലെ ആറിന‌് മുഖ്യപ്രതി ഷാനുചാക്കോ ഗാന്ധിനഗർ സ‌്റ്റേഷനിലെ എഎസ‌്ഐ എം എസ‌് ബിജുവിനെ ഫോണിൽ വിളിക്കുന്ന സമയത്തുതന്നെ കെവിൻ കൊല്ലപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു. സെഷൻസ‌് കോടതിയിൽ നടന്ന പ്രതിഭാഗം ക്രോസ‌് വിസ‌്താരത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ മൊഴി. ബുധനാഴ്ചയും പ്രതിഭാഗം വിസ‌്താരം തുടരും.

ഷാനു ചാക്കോയുടെ ഫോൺകോൾ എത്തുമ്പോൾ കെവിൻ രക്ഷപ്പെട്ടിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നില്ലേ എന്ന പ്രതിഭാഗം അഭിഭാഷകന്റെ ചോദ്യത്തിന‌് മറുപടിയായാണ‌് ഇക്കാര്യം പറഞ്ഞത‌്. ഈസമയം കെവിൻ പ്രതികളുടെ കസ‌്റ്റഡിയിൽ ഇല്ലായിരുന്നല്ലോ എന്ന‌് ചോദിച്ചപ്പോൾ അക്കാര്യം പ്രതികൾക്കുമാത്രമേ പറയാൻ കഴിയൂ എന്നായിരുന്നു മറുപടി. കെവിന്റേത‌് മുങ്ങിമരണം എന്നല്ലേ അന്വേഷണത്തിൽ കണ്ടെത്തിയത‌് എന്ന ചോദ്യത്തിന‌് കൊലപാതകമാണെന്നതിന‌് ശാസ‌്ത്രീയ തെളിവുണ്ടെന്ന‌് അദ്ദേഹം പറഞ്ഞു.

നീനുവിനെ വിട്ടുനൽകിയാൽ മാത്രമേ കെവിനെ വിട്ടയക്കൂ എന്ന പ്രതികളുടെ ഭീഷണി തെളിയിക്കുന്ന  ഫോൺകോളുകളുടെ വിശദാംശങ്ങൾ ശേഖരിച്ചിട്ടുണ്ട‌്. നീനുവിനെ  പ്രതികൾ പറയുന്ന സ്ഥലത്ത‌് എത്തിച്ചുകൊടുത്താൽ മാത്രമേ അനീഷിനെ വിട്ടയക്കൂ എന്ന‌് അനീഷിന്റെ പിതൃസഹോദര പുത്രനായ സിബിയെ പ്രതികൾ ഫോണിൽ അറിയിച്ചകാര്യം സഹോദരനായ സന്തോഷ‌് എഎസ‌്ഐയെ അറിയിച്ചിട്ടുണ്ട‌്. 27ന‌് പുലർച്ചെ 5.43ന‌ാണ‌് ഈ കോൾ എത്തിയത‌്. ഇക്കാര്യം സാക്ഷിമൊഴിയിൽ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെവിന്റെ വീട‌് പ്രതികൾ ആക്രമിക്കുന്നത‌് കണ്ട സാക്ഷികളുണ്ടെന്നും ഇക്കാര്യം മൊഴി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

അച്ഛൻ ചാക്കോ തന്നെ ഭീഷണിപ്പെടുത്തിയതായി നീനു മൊഴി നൽകിയിട്ടുണ്ടെന്നും കെവിനും നീനുവും തമ്മിലുള്ള വാട‌്സ‌് ആപ്പ‌് ചാറ്റിന്റെ വിശദാംശങ്ങൾ ശേഖരിച്ചിട്ടില്ലെന്നും അത‌് കേസന്വേഷണത്തിന‌് ആവശ്യമില്ലെന്നും പ്രതിഭാഗം അഭിഭാഷകന്റെ ചോദ്യത്തിന‌് മറുപടിയായി അദ്ദേഹം പറഞ്ഞു.


പ്രധാന വാർത്തകൾ
 Top