06 December Friday

മികച്ച നഗര ഗതാഗതത്തിന്‌ കേരളത്തിന്‌ കമൻഡബിൾ ഇനിഷ്യേറ്റീവ്‌ പുരസ്‌കാരം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2019

കൊച്ചി >  നഗരങ്ങളിലെ മികച്ച ഗതാഗതത്തിന്‌ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ ‘കമൻഡബിൾ ഇനിഷ്യേറ്റീവ്‌  പുരസ്‌കാരം’ കേരളത്തിന്‌. ബെസ്‌റ്റ്‌ സിറ്റി ബസ്‌ സർവീസ്‌ വിഭാഗത്തിൽ ‘കൊച്ചിയിലെ തടസ്സങ്ങളില്ലാത്ത ഗതാഗത സംവിധാന’ത്തിനാണ്‌ പുരസ്‌കാരം.

 പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിന്‌ 2017ൽ എൽഡിഎഫ്‌ സർക്കാർ പ്രഖ്യാപിച്ച സമഗ്ര നഗര ഗതാഗത നയത്തിന്റെ ഭാഗമായാണ്‌ പദ്ധതി നടപ്പാക്കിയത്‌. ഇതിന്റെ ഭാഗമായി കൊച്ചി മെട്രോ റെയിൽ, സ്വകാര്യ ബസുകൾ, വാട്ടർ മെട്രോ, മാളുകൾ എന്നിവയിൽ ഉപയോഗിക്കാൻ കൊച്ചി വൺ കാർഡ്‌ നടപ്പാക്കി. ഈ പദ്ധതി രാജ്യത്ത്‌ ആദ്യത്തെ സംരംഭമായിരുന്നു. കെഎസ്‌ആർടിസി ബസിലും ഈ മാതൃക ഉടനുണ്ടാകും.

 നഗരത്തിലെ 1,000 സ്വകാര്യ ബസുകളെ സംയോജിപ്പിച്ച്‌ കമ്പനി രൂപീകരിച്ചു. ഇതും രാജ്യത്ത്‌ ആദ്യമായിരുന്നു. 120 ബസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ എൽഇഡി സ്‌ക്രീനുകൾ സ്ഥാപിച്ചു. യാത്രാ വിവരണങ്ങൾ, വാർത്തകൾ, റോഡ്‌ സുരക്ഷാ നിർദേശങ്ങൾ എന്നിവ യാത്രക്കാർക്ക്‌ സ്‌ക്രീനിൽ കാണാം.

സ്‌മാർട്‌ ബസുകളിൽ രണ്ട്‌ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. മുന്നിലെ ക്യാമറ റോഡിലെ ഗതാഗത ലംഘനങ്ങളും അമിത വേഗവും ഒപ്പിയെടുക്കും.  ബസിനുള്ളിലെ രണ്ടാമത്തെ ക്യാമറ യാത്രക്കാരുടെയും ജീവനക്കാരുടെയും പ്രവർത്തനങ്ങൾ നിരീക്ഷിക്കും. ദൃശ്യങ്ങൾ ബസ്‌ ഉടമകൾക്കും പൊലീസിനും തത്സമയം ലഭിക്കും. 120 ബസുകളിൽ 10 വനിത കണ്ടക്‌ടർമാരെ നിയമിച്ചതും മാതൃക നടപടിയായി.

 പൊതു–സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ഈ പദ്ധതികൾ ആക്‌സിസ്‌ ബാങ്കുമായി ചേർന്നാണ്‌ നടപ്പാക്കുന്നത്‌. ഡീസലിൽ പ്രവർത്തിക്കുന്ന ബസുകൾ വൈദ്യുതിയിലേക്ക്‌ മാറുന്നതിന്റെ ഭാഗമായാണ്‌ സ്‌മാർട്‌ ബസ്‌ സർവീസുകൾക്ക്‌ തുടക്കം കുറിച്ചത്‌. 17ന്‌ ലഖ്‌നൗവിൽ നടക്കുന്ന 12ാമത്‌ അർബൻ മൊബിലിറ്റി ഇന്ത്യ ദേശീയ സമ്മേളനത്തിൽവച്ച്‌ പുരസ്‌കാരം ഏറ്റുവാങ്ങും.
 


പ്രധാന വാർത്തകൾ
 Top