തിരുവനന്തപുരം> ജനങ്ങളാണ് പരമാധികാരികളെന്നും അവർക്കാവശ്യമായ സേവനങ്ങൾ വേഗത്തിൽ ചെയ്‌തുനൽകാൻ ജീവനക്കാർക്ക് സാധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ സുവർണ ജൂബിലി സമ്മേളനത്തിന്റെ പൊതുയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണനടപടികൾ അതിവേഗത്തിലാക്കേണ്ടത് പ്രധാനമാണ്. ഓരോ ഫയലും ഓരോ ജീവിതമാണെന്ന പൊതുബോധം ജീവനക്കാരിലുണ്ടായി. ഫയൽ തീർപ്പാക്കലിൽ നല്ല പുരോഗതിയുണ്ടായി. ഫയൽ തീർപ്പാക്കൽ യജ്ഞത്തിന് നല്ല ഫലമുണ്ടായിയിട്ടുണ്ട്. സെക്രട്ടറിയേറ്റിലെ അവസ്ഥ പരിശോധിച്ച് ആവശ്യമെങ്കിൽ തിരുത്തൽ വരുത്താൻ തയ്യാറാകണം. 900 സേവനങ്ങൾ ഓൺലൈനായി. 600 എണ്ണം ആപ്പിലൂടെയുമായി. പൂർണമായി ഓൺലൈനിലേക്ക് മാറുന്നതോടെ സേവനങ്ങൾ സുതാര്യമാകും. അതിദാരിദ്ര്യമില്ലാതാക്കാൻ വകുപ്പുകൾ മുന്നിട്ടിറങ്ങണം. അടുത്ത രണ്ട് നവംബർ ഒന്നിനും കണക്കെടുപ്പുണ്ടാകും. 2025ലെ കേരളപ്പിറവിയാകുമ്പോൾ അതിദരിദ്ര കുടുംബങ്ങളില്ലാത്ത സംസ്ഥാനമായി മാറാൻ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മതനിരേപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കാൻ ചുമതലപ്പെട്ടവർ തന്നെ രാജ്യത്ത് അതിന് ഭീഷണി ഉയർത്തുകയാണ്. പാഠപുസ്‌തകങ്ങളിൽ നിന്ന് ഗാന്ധി വധം ഒഴിവാക്കുന്നു. ഗോഡ്‌സെയുടെ സംഘപരിവാർ ബന്ധവും ആർഎസ്‌എസ് നിരോധിച്ചതടക്കമുള്ള ചോദ്യങ്ങളും ഉയരുമെന്നതാണ് കാരണം. ഇതിനായി ചരിത്രത്തെ പുതിയ രീതിയിൽ തിരുത്തിയെഴുതുകയാണ്. ആൻഡമാൻ ജയിലിൽ പീഡനമേറ്റ ഒട്ടനവധിപേരുണ്ട്. അവരാരും മാപ്പെഴുതിയിട്ടില്ല. ബ്രിട്ടീഷുകാരുടെ പാദസേവകരായി നിന്നോളാമെന്ന് മാപ്പെഴുതിയ സവർക്കറെ വീർസവർക്കറാക്കാനുള്ള ശ്രമമാണിപ്പോൾ. കേരളത്തിലെ പാഠപുസ്‌തകങ്ങളിൽ ഈ ചരിത്രമുണ്ടാകും. പൗരത്വ നിയമത്തിന്റെ കാര്യത്തിലും ഇതേ നിലപാട് കേരളം സ്വീകരിച്ചു. കഴിഞ്ഞ ഏഴുവർഷത്തിനുള്ളിൽ സംസ്ഥാനത്ത് രണ്ട് ലക്ഷത്തിലധികം പേർക്ക് പിഎസ്‌സി നിയമനം നൽകാനായി. ഇത്രയും നിയമനം യുപിഎസ്‌സിക്ക് പോലും നടത്താനായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..