മലപ്പുറം > ‘‘ബസ്യാത്രക്കിടെ പിറകിൽവന്ന് ഞരമ്പുരോഗികൾ തോണ്ടുമ്പോൾ ഒന്നും മിണ്ടാതെ സഹിച്ച് നിസ്സഹായയായി നിൽക്കേണ്ടിവന്നിട്ടുണ്ട്. ശബ്ദമുയർത്താൻപോലും കഴിഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ ധൈര്യമായി. അത്തരക്കാരെ കൈകാര്യംചെയ്യാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരാറില്ല. മറ്റുള്ളവരെ ശല്യപ്പെടുത്തുന്നത് കണ്ടാൽപോലും ഇടപെടും﹣ പറയുന്നത് ബംഗളൂരുവിൽ രണ്ടാംവർഷ നിയമവിദ്യാർഥിനിയായ അനഘ ജോസഫ്. അനഘയെപ്പൊലെ ആയിരങ്ങൾ ഇപ്പോൾ ധൈര്യശാലികളാണ്. പൂവാലൻമാരുടെ നോട്ടത്തിനുമുന്നിൽ കണ്ണുകലങ്ങി ചൂളിനിൽക്കാൻ ഇനി അവരെ കിട്ടില്ല. വേണ്ടാതീനം കാണിച്ചാൽ സ്പോട്ടിൽ കിട്ടും അടി.
നോട്ടംകൊണ്ടും സ്പർശം കൊണ്ടും അസ്വസ്ഥരാക്കുന്ന പുരുഷൻമാരെ നിലയ്ക്കുനിർത്താൻ പെൺകുട്ടികളെയും സ്ത്രീ കളെയും സജ്ജരാക്കുകയാണ് പൊലീസിന്റെ വനിതാ സ്വയംപ്രതിരോധ വിദ്യാപരിശീലനകേന്ദ്രം. പടിഞ്ഞാറ്റുമുറിയിൽ ജില്ലാ പൊലീസ് ഹെഡ്ക്വാർട്ടേർസിലാണിതിന്റെ പ്രവർത്തനം. എല്ലാ പ്രതിരോധമാർഗങ്ങളെപ്പറ്റിയും പരിശീലനം നൽകും. സ്കൂളിൽ, വീട്ടിൽ, പൊതുസ്ഥലങ്ങളിൽ, എടിഎം കൗണ്ടറിൽ അങ്ങനെ അവൾക്ക് പോകേണ്ടിവരാറുള്ള ഇടങ്ങളിലെല്ലാം ഇനി ഭയം അശേഷംവേണ്ട. നിർഭയ പദ്ധതിക്കുകീഴിലാണ് വനിതകൾക്ക് സ്വയം പ്രതിരോധത്തിനുള്ള പരിശീലനം നൽകുന്നത്. കേരള പൊലീസ് 2015 ജൂലൈയിലാണ് തുടങ്ങിയത്. 2017 മാർച്ചിലാണ് മലപ്പുറം ജില്ലയ്ക്ക് സ്വന്തമായി കേന്ദ്രം അനുവദിച്ചത്.
ജില്ലയിൽ 23,278 പേർ പരിശീലനം നേടി മൂന്നുവർഷമാവുമ്പോൾ ജില്ലയിൽ 23,278 പേർ പരിശീലനം നേടി. 10,831 സ്കൂൾ വിദ്യാർഥിനികൾ, 5941 കോളേജ് വിദ്യാർഥിനികൾ, 4779 കുടുംബശ്രീ പ്രവർത്തകർ, റസിഡൻഷ്യൽ അസോസിയേഷൻ, ക്ലബ്ബുകൾ, വായനശാലകൾ, കോളനി, കലക്ടറേറ്റ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ വനിതാജീവനക്കാർ എന്നിവരുൾപ്പെടെ 1242 പേർ എന്നിങ്ങനെയാണ് ഔട്ട്ഡോർ പരിശീലനത്തിൽ പങ്കെടുത്തത്. ജില്ലാ ട്രെയിനിങ് സെന്ററിലെത്തി 115 കുടുംബശ്രീ അംഗങ്ങൾ, 141 സ്കൂൾ വിദ്യാർഥികൾ, എട്ട് കോളേജ് വിദ്യാർഥിനികൾ, മറ്റുവിഭാഗങ്ങളിലുള്ള 221 പേരും പരിശീലനം നേടി. പരിശീലനം നൽകുന്നതിനായി ജില്ലയിൽ 15 മാസ്റ്റർ ട്രെയിനർ, 21 ജില്ലാ ട്രെയിനർ, 130 സ്റ്റേഷൻ ട്രെയിനർ എന്നിവരുണ്ട്. മൂന്ന്, അഞ്ച്, പത്ത് ദിവസംവീതമുള്ള ബാച്ചുകളിലായി ഏഴുമുതൽ എഴുപത് വയസുവരെയുള്ള സ്ത്രീകൾക്കും കുട്ടികൾക്കുമാണ് പരിശീലനം.
പ്രതികരിക്കാം... പ്രതിരോധിക്കാം
വിവിധ സന്ദർഭങ്ങളിൽ വനിതകൾ നേരിടേണ്ടിവരുന്ന അതിക്രമ സാഹചര്യങ്ങളെ നേരിടാൻ അവരെ പ്രാപ്തരാക്കുകയാണ് പരിശീലനത്തിലൂടെ സാധ്യമാകുന്നതെന്ന് ഡബ്ല്യുഎസ്ഡിടി (വുമൺ സെൽഫ് ഡിഫൻസ് ടെക്നിക്സ്) ജില്ലാ ടീം ലീഡറും മാസ്റ്റർ ട്രെയിനറും സീനിയർ സിവിൽ പൊലീസ് ഓഫീസറുമായ കെ വത്സല പറഞ്ഞു. മുടി പിടിച്ചുവലിക്കുക, മാലപൊട്ടിക്കുക, ബാഗ് തട്ടിപ്പറിക്കുക, ബസിൽവച്ച് ദേഹത്ത് തട്ടുക, പിറകിൽനിന്നും മറ്റുവിധത്തിലും ലൈംഗികാതിക്രമത്തിന് മുതിരുക, ബലാത്സംഗത്തിന് ശ്രമിക്കുക തുടങ്ങി ഒട്ടേറെ തരത്തിലുള്ള അതിക്രമമാണ് വനിതകൾക്കുനേരെയുള്ളത്. അത്തരം സന്ദർഭങ്ങളിൽ പ്രതികരിക്കാനും പ്രത്യാക്രമണത്തിനും പ്രാപ്തമാക്കുകയാണ് ലക്ഷ്യം.
വിദഗ്ധ നേതൃത്വം ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ നോഡൽ ഓഫീസർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി സി ഹരിദാസനാണ്. എആർ അസിസ്റ്റന്റ് കമാൻഡന്റ് ജെ ഡാൽവിൻ സുരേഷ് ഇംപ്ലിമെന്റിങ് ഓഫീസറും വനിതാ സെൽ സിഐ ഷെർലറ്റ് മാണി അസി. ഇംപ്ലിമെന്റിങ് ഓഫീസറുമാണ്. കെ സി സിനിമോൾ അസിസ്റ്റന്റ് ലീഡറായും പ്രവർത്തിക്കുന്നു.