21 November Thursday

സല്യൂട്ട്‌ എസ്‌ഐ മാഡം ; വനിതാ സബ്‌ ഇൻസ്‌പെക്ടർമാരുടെ പാസിങ്‌ ഔട്ട്‌ പരേഡ്‌ നാളെ

റഷീദ്‌ ആനപ്പുറംUpdated: Saturday Nov 9, 2019


കേരള പൊലീസിൽ നേരിട്ട്‌ നിയമനം ലഭിച്ച വനിതാ സബ്‌ ഇൻസ്‌പെക്ടർമാരുടെ ആദ്യസംഘം കർമപഥത്തിലേക്ക്‌. കേരള പൊലീസ്‌ അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ  37 വനിതകൾ  ഞായറാഴ്‌ച പുരുഷ എസ്‌ഐമാർക്കൊപ്പം മുഖ്യമന്ത്രിക്ക്‌ അഭിമാനത്തിന്റെ സല്യൂട്ട്‌ നൽകും. നിലവിൽ  വനിതാ എസ്‌ഐമാരുണ്ടെങ്കിലും സ്ഥാനക്കയറ്റംവഴി വന്നവരാണ്‌. ആദ്യമായാണ്‌ നേരിട്ട്‌ നിയമനം.

ഞായറാഴ്‌ചത്തെ പാസിങ്‌ ഔട്ട്‌ പരേഡ്‌ കഴിഞ്ഞാൽ ഉടൻ ഇവരെ സ്റ്റേഷൻ പരിശീലനത്തിനായി ഒരു മാസത്തേക്ക്‌ മാവോയിസ്‌റ്റ്‌ സാന്നിധ്യമുള്ള വനത്തോടു ചേർന്ന സ്‌റ്റേഷനുകളിൽ നിയമിക്കും. 

കേരള പൊലീസിന്റെ 29–-ാമത്‌ സബ്‌ ഇൻസ്‌പെക്ടർ ബാച്ചിന്റെ പാസിങ്‌ ഔട്ട്‌ പരേഡാണ്‌ ഞായറാഴ്‌ച നടക്കുന്നത്‌. 121 പേരുള്ള ബാച്ചിൽ 37 പേർ വനിതകളാണ്‌. പുരുഷൻമാർക്കൊപ്പം അതേ പരിശീലനമാണ്‌ വനിതകൾക്കും നൽകിയത്‌. കോസ്‌റ്റൽ പൊലീസിങ്‌,  കമാൻഡോ പരിശീലനം തുടങ്ങിയവ ഇവയിൽ ചിലത്‌. നീന്തൽ, യോഗ, കളരി, ഡ്രൈവിങ്‌ എന്നിവയും പരിശീലിപ്പിച്ചു. ഇടുക്കി കുട്ടിക്കാനത്ത്‌ ഹൈ ആപ്‌റ്റിറ്റ്യൂഡ്‌ പരിശീലനവും നൽകി.

രണ്ടാംഘട്ട പരിശീലനത്തിന്റെ ഭാഗമായാണ്‌ പാലക്കാട്‌ മുതൽ മലപ്പുറംവരെ വനത്തോടു ചേർന്ന സ്‌റ്റേഷനുകളിൽ ഇവരെ നിയമിക്കുന്നത്‌. തുടർന്ന്‌ അതത്‌ റേഞ്ചിൽ നിയമിക്കും.

വനിതാ ബറ്റാലിയൻ, വനിതാ കമാൻഡോ, പിങ്ക്‌ പൊലീസ്‌, വനിതാ എസ്‌എച്ച്‌ഒ തുടങ്ങി പൊലീസിൽ സ്‌ത്രീ ശാക്തീകരണത്തിനായി എൽഡിഎഫ്‌ സർക്കാർ ഒട്ടേറെ നടപടി സ്വീകരിച്ചു.

 


പ്രധാന വാർത്തകൾ
 Top