20 September Sunday

സിപിഒ നിയമനം : യുഡിഎഫ്‌ 4796; എൽഡിഎഫ്‌ 11,268; വനിതാ സിപിഒ: മെയിൻ ലിസ്‌റ്റിൽ 2013 പേർ

വിജേഷ്‌ ചൂടൽUpdated: Wednesday Aug 5, 2020


തിരുവനന്തപുരം
സിവിൽ പൊലീസ്‌ ഓഫീസർ നിയമന കാര്യത്തിൽ  പ്രതിപക്ഷ പിന്തുണയോടെ നടത്തുന്ന കുപ്രചാരണത്തിൽ കഴമ്പില്ല‌ .  യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ഒറ്റ റാങ്ക്‌ലിസ്‌റ്റിൽനിന്ന്‌ 4796 പേർക്ക്‌ നിയമനശുപാർശ അയച്ചു. അന്ന്‌ മെയിൻലിസ്‌റ്റിൽ 4432 ഉം സപ്ലിമെന്ററിയിൽ 7179 പേരടക്കം ആകെ 11611 പേർ. നിയമനം 41.3 ശതമാനം. എൽഡിഎഫ്‌ സർക്കാർ വന്നശേഷം 2016ലും 2019ലുമായി രണ്ട്‌  റാങ്ക്‌ലിസ്‌റ്റ്‌. മേൽപ്പറഞ്ഞ കണക്ക്‌ മാനദണ്ഡമാക്കിയാൽ ആദ്യത്തേതിൽ 62.7 ശതമാനവും രണ്ടാമത്തേതിൽ 51.2 ശതമാനവുമാണ്‌ നിയമനം. ഇരു ലിസ്‌റ്റിൽ നിന്നുമായി 11268 പേർക്ക്‌ നിയമനത്തിന്‌ അവസരമൊരുക്കി. അടുത്ത സിപിഒ പരീക്ഷയ്‌ക്കായി വിജ്ഞാപനവും പുറപ്പെടുവിച്ചു.


 

ഒരുവർഷ കാലാവധിയുള്ള ഈ മൂന്ന് ലിസ്‌റ്റുകൾക്കുംമുമ്പ്‌ 2009ൽ എൽഡിഎഫ്‌ ഭരണകാലത്താണ്‌ റാങ്ക്‌ലിസ്‌റ്റുണ്ടായിരുന്നത്‌. മൂന്നുവർഷമായിരുന്നു അതിന്റെ കാലാവധി. പിഎസ്‌സി എല്ലാകാലത്തും അടിസ്ഥാനമാക്കുന്ന മെയിൻ ലിസ്‌റ്റിനൊപ്പം, സപ്ലിമെന്ററി ലിസ്‌റ്റിനെയും കൂട്ടിക്കെട്ടിയാണ്‌ ഉദ്യോഗാർഥികളെ തെറ്റിദ്ധരിപ്പിക്കുന്നത്‌. യഥാർഥത്തിൽ മെയിൻലിസ്‌റ്റിൽനിന്ന്‌ സംവരണവിഭാഗത്തിലുള്ള ഉദ്യോഗാർഥികളെ ലഭ്യമായില്ലെങ്കിൽ അത്‌ നൽകാനുള്ള സംവിധാനം മാത്രമാണ്‌ സപ്ലിമെന്ററി ലിസ്‌റ്റ്‌. മെയിൻലിസ്‌റ്റിലുള്ള എല്ലാവർക്കും നിയമനം ലഭിച്ചാൽ റാങ്ക്‌ലിസ്‌റ്റ്‌ ഒന്നാകെ ഇല്ലാതാകും. ഉദ്യോഗാർഥികളെ തെറ്റിദ്ധരിപ്പിക്കാൻ ഇതു രണ്ടും ചേർത്തുള്ള പ്രതിപക്ഷവാദം മാനദണ്ഡമാക്കിയാൽപോലും എൽഡിഎഫ്‌ സർക്കാർ ഏറെ മുന്നിലാണെന്ന്‌‌ പിഎസ്‌സിയുടെ ഔദ്യോഗിക കണക്കുകളിൽനിന്ന്‌ വ്യക്തം.

വനിതാ സിപിഒ: മെയിൻ ലിസ്‌റ്റിൽ 2013 പേർ
വനിതാ സിവിൽ പൊലീസ്‌ ഓഫീസർ റാങ്ക്‌ലിസ്‌റ്റ്‌ പിഎസ്‌സി പ്രസിദ്ധീകരിച്ചു. മെയിൻലിസ്‌റ്റിൽ 2013 പേരാണുള്ളത്‌. 45.67 മാർക്കു‌വരെ ലഭിച്ചവരാണ്‌ പട്ടികയിൽ. കായികക്ഷമതാ പരീക്ഷ നടത്താൻ ബാക്കിയുള്ളവരെ അതിനുശേഷം  റാങ്ക്‌ലിസ്‌റ്റിൽ ഉൾപ്പെടുത്തുമെന്ന്‌ പിഎസ്‌സി അറിയിച്ചു. വനിതകൾക്കുമാത്രമായി പ്രത്യേക ബറ്റാലിയനിലേക്ക്‌ ആദ്യമായി പ്രസിദ്ധീകരിച്ച റാങ്ക്‌ലിസ്റ്റിൽനിന്ന്‌ ആദ്യഘട്ടത്തിൽ 600 പേർക്കെങ്കിലും നിയമനം ലഭിക്കും‌.

413 ഒഴിവ്‌  പൊലീസ്‌ ആസ്ഥാനത്തുനിന്ന്‌ പിഎസ്‌സിക്ക്‌ റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. സംസ്ഥാന വ്യവസായ സുരക്ഷാസേനയിൽ (എസ്‌ഐഎസ്‌എഫ്) ഉൾപ്പെടെ ‌സൃഷ്‌ടിക്കപ്പെടുന്ന ഒഴിവുകളിലേക്കും ഈ ലിസ്റ്റിൽനിന്നാകും നിയമനം. എഴുത്തുപരീക്ഷ നടത്തി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചിട്ടും കായികക്ഷമതാ പരീക്ഷ നീട്ടിവയ്‌ക്കാൻ ചില ഉദ്യോഗാർഥികൾ കോടതിയെ സമീപിച്ചതാണ് റാങ്ക്‌ലിസ്‌റ്റ്‌ വൈകാൻ ഇടയാക്കിയത്‌.

 

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top