16 January Saturday
പണക്കൊഴുപ്പിൽ ബിജെപി

തെരഞ്ഞെടുപ്പ്‌ കളം ചൂടുപിടിച്ചു ; സർവ സജ്ജമായി എൽഡിഎഫ്‌ ; വിമതപ്പേടിയിൽ യുഡിഎഫ്‌

കെ ശ്രീകണ‌്ഠൻUpdated: Monday Nov 23, 2020


തിരുവനന്തപുരം
നാമനിർദേശ പത്രിക പിൻവലിക്കൽ കൂടി പൂർത്തീകരിച്ചതോടെ തെരഞ്ഞെടുപ്പ്‌ കളം ചൂടുപിടിച്ചു. ഗ്രാമ, നഗര ഭേദമില്ലാതെ രാഷ്‌ട്രീയ കേരളം തീപിടിക്കുന്നതായിരിക്കും ഇനിയുള്ള ദിനരാത്രങ്ങൾ. നിയമസഭാ തെരഞ്ഞെടുപ്പിന്‌ ഏതാനും മാസങ്ങൾ ബാക്കിനിൽക്കെയുള്ള തദ്ദേശപ്പോരിന്‌ വീറുംവാശിയും ഏറുമെന്ന്‌ തീർച്ച. ലൈഫു‌മുതൽ കിഫ്‌ബിവരെയുള്ള വികസന മുതൽക്കൂട്ടാണ്‌ എൽഡിഎഫിന്റെ ആയുധം. വിവാദങ്ങളും ആരോപണവും മറയാക്കി മേൽക്കൈ നേടാനുള്ള തന്ത്രമാണ്‌ യുഡിഎഫും ബിജെപിയും മെനഞ്ഞിട്ടുള്ളത്‌. മുന്നണി ബന്ധങ്ങളിലുണ്ടായ മാറ്റവും ഈ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നു.

തിരുവനന്തപുരംമുതൽ കാസർകോടു‌വരെ വിമതരുടെ രംഗപ്രവേശവും പേമെന്റ്‌ സീറ്റ്‌ ആരോപണവും കോൺഗ്രസിന്‌ കടുത്ത തലവേദനയായി തുടരുകയാണ്‌. പത്രിക പിൻവലിക്കൽ ഘട്ടം പിന്നിടുമ്പോഴും യുഡിഎഫിലെ മുഖ്യകക്ഷികളായ കോൺഗ്രസും മുസ്ലിംലീഗും തമ്മിൽ തർക്കം തീർന്നിട്ടില്ല. അഴിമതിക്കെതിരെ വോട്ട്‌ എന്ന മുദ്രാവാക്യം ഉയർത്തിയപ്പോൾതന്നെ യുഡിഎഫിന്‌ പിൻവലിക്കേണ്ടിവന്നത്‌ നാണക്കേടായി. പാലാരിവട്ടം പാലം അഴിമതിയിൽ മുൻമന്ത്രിയും ജ്വല്ലറി തട്ടിപ്പിൽ എംഎൽഎയും അടക്കം അറസ്‌റ്റിലായതും ബാർ ഉടമയിൽനിന്ന്‌ കോടികൾ വാങ്ങിയതിന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയ്‌ക്കെതിരെ വിജിലൻസ്‌ അന്വേഷണംപ്രഖ്യാപിച്ചതും യുഡിഎഫിനെ പ്രതിരോധത്തിലാക്കി.

സർവ സജ്ജമായി എൽഡിഎഫ്‌
സീറ്റ്‌ വിഭജനം, സ്ഥാനാർഥി നിർണയം എന്നിവയിൽ  കല്ലുകടിയില്ലാതെയാണ്‌ എൽഡിഎഫ്‌ പോർക്കളത്തിൽ നിലയുറപ്പിച്ചിട്ടുള്ളത്‌.   കേരള കോൺഗ്രസ്‌ എം, ലോക്‌താന്ത്രിക്‌ ജനതാദൾ എന്നിവ മുന്നണിയിലെ നവാഗതരാണ്‌. കക്ഷികളുടെ എണ്ണം കൂടിയത്‌ വർധിതമായ വീര്യവും നവോന്മേഷവും പകർന്നിട്ടുണ്ട്‌. സർക്കാരിന്റെ ഭരണനേട്ടം ജനങ്ങളിൽ ഉണ്ടാക്കിയ മതിപ്പും എൽഡിഎഫിന്‌ മുതൽക്കൂട്ടാകും.

വിമതപ്പേടിയിൽ യുഡിഎഫ്‌
സ്ഥാനാർഥി നിർണയ തർക്കം എല്ലാ ജില്ലകളിലും കോൺഗ്രസിനെ വേട്ടയാടുകയാണ്‌. കോൺഗ്രസും മുസ്ലിംലീഗും പരസ്‌പരം മത്സരിക്കുന്ന ജില്ലകളും അപൂർവമല്ല. വെൽഫെയർ പാർടി അടക്കമുള്ള തീവ്രവാദ ഗ്രൂപ്പുകളുമായി രഹസ്യമായി കൂട്ടുക്കെട്ട്‌ പ്രകടമാണ്‌. 

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെഞ്ഞാറമൂട്‌ ഡിവിഷനിൽ പ്രചാരണത്തിന്‌ ഇറങ്ങിയ സ്ഥാനാർഥിയെ പിൻവലിച്ച്‌ കെപിസിസി പ്രസിഡന്റ്‌ വേറെ ആളെ കെട്ടിയിറക്കിയെന്നാണ്‌ ആക്ഷേപം. കോർപറേഷനിൽ മഹിളാ കോൺഗ്രസ്‌ നേതാവിനെ വെട്ടി പുറത്തുനിന്ന്‌ സ്ഥാനാർഥിയെ രംഗത്തിറക്കി. രണ്ടിടത്തും പേമെന്റ്‌ സീറ്റ്‌ ആരോപണം ശക്തമാണ്‌. കൊല്ലം കോർപറേഷനിൽ പത്തിടത്താണ്‌ കെപിസിസി നേതൃത്വം ഈ ആരോപണം നേരിടുന്നത്‌. മലപ്പുറത്ത്‌‌ ഡിസിസി ഓഫീസിന്‌ മുമ്പിൽ സ്ഥാനാർഥി നിർണയത്തിനെതിരെ പ്രവർത്തകർ സംഘടിതരായി പ്രതിഷേധിച്ചു.

പണക്കൊഴുപ്പിൽ ബിജെപി
പണക്കൊഴുപ്പും തമ്മിൽത്തല്ലുമാണ്‌ ബിജെപി മുന്നണിയിൽ‌. മെഡിക്കൽ കോളേജ്‌ കോഴമുതൽ കുമ്മനം രാജശേഖരനെതിരെ ഒടുവിൽ ഉയർന്ന തട്ടിപ്പ്‌ കേസു‌വരെ ബിജെപിയെ പ്രതിക്കൂട്ടിൽ കയറ്റി. ശോഭ സുരേന്ദ്രൻ അടക്കമുള്ള മുതിർന്ന നേതാക്കൾ പ്രചാരണത്തിനില്ല.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top