25 March Monday

പ്രളയാനന്തര പുനർനിർമാണ പരിപാടികൾക്ക്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Monday Feb 18, 2019

പറവൂർ > പ്രളയാനന്തര കെടുതികളിൽനിന്നുള്ള അതിജീവനത്തിന് കരുത്തു പകർന്ന് ജില്ലയിലെ പ്രളയാനന്തര പുനർനിർമാണ പരിപാടികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മന്ത്രി എ സി മൊയ്തീൻ അധ്യക്ഷനായി. ലൈഫ് ഭവനപദ്ധതിയിൽ ജില്ലയിൽ പൂർത്തിയായ 1001–-ാമത്തെ വീടിന്റെ താക്കോൽ വടക്കുംപുറം ഇല്ലത്തുപറമ്പിൽ തങ്കമണിയും മക്കളും ചേർന്ന് മുഖ്യമന്ത്രിയിൽനിന്ന് ഏറ്റുവാങ്ങി.

റീബിൽഡ് കേരള പദ്ധതിയിൽ ജില്ലയിൽ പൂർത്തിയായ 75 വീടുകളിൽ ഗോതുരുത്ത് സ്വദേശി മാർഗരറ്റ് സിൽവസ്റ്റർ, പാലാതുരുത്ത് സ്വദേശി എം എ അബ്ദുൾ റഹിമാൻ എന്നിവരുടെ വീടുകളുടെ താക്കോലും  കൈമാറി. മത്സ്യത്തൊഴിലാളികളുടെ തൊഴിൽസുരക്ഷയ‌്ക്കായുള്ള  നാവിക് ഉപകരണങ്ങളും പ്രളയത്തിൽ പൂർണമായും തകർന്ന കുടുംബശ്രീ സംരംഭമായ ചൂർണിക്കര ന്യൂട്രിമിക്സ് യൂണിറ്റിന് മൂന്നുലക്ഷം രൂപയുടെ സഹായവും മുഖ്യമന്ത്രി നൽകി.

ജില്ലയിലെ പ്രളയബാധിത മേഖലകളിൽ ഹിൻഡ് വെയർ  നൽകിയ 200 ബാത്ത്റൂം സെറ്റുകളും ലീഗ്രാൻഡ‌് കമ്പനി 400 വീടുകൾക്ക് നൽകുന്ന വയറിങ‌് ഉപകരണങ്ങളും മുഖ്യമന്ത്രിക്ക് കമ്പനി അധികൃതർ കൈമാറി. വി ഡി സതീശൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.
കെ വി തോമസ് എംപി, എംഎൽഎമാരായ എസ് ശർമ, എം സ്വരാജ്, ഹൈബി ഈഡൻ, കെ ജെ മാക്സി, ജോൺ ഫെർണാണ്ടസ്, അൻവർ സാദത്ത്, ചേന്ദമംഗലം  പഞ്ചായത്ത് പ്രസിഡന്റ‌്  ടി ജി അനൂപ‌്, സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, പി എച്ച് കുര്യൻ എന്നിവർ സംസാരിച്ചു. കലക്ടർ കെ മുഹമ്മദ് വൈ സഫീറുള്ള സ്വാഗതവും ഡെപ്യൂട്ടി കലക്ടർ പി ഡി ഷീലാദേവി നന്ദിയും പറഞ്ഞു.


പ്രധാന വാർത്തകൾ
 Top