15 September Sunday

പ്രളയാനന്തര പുനർനിർമാണം: കുട്ടനാട്ടിൽ വീടുകൾ പൂർത്തിയാകുന്നു

സ്വന്തം ലേഖകൻUpdated: Friday May 3, 2019

ആലപ്പുഴ >  കുട്ടനാട്ടിലെ ജീവിതം വീണ്ടും സർക്കാർ ചുമലിൽ തളിരിടുന്നു. പ്രളയാനന്തര പുനർനിർമാണ പ്രവർത്തനങ്ങളാണ‌് നാടിനുഗതിവേഗം പകരുന്നത‌്. പ്രളയത്തിൽ നാശമുണ്ടായ വീടുകളുടെ നഷ‌്ടം കണക്കാക്കി തുക അനുവദിച്ചു. പൂർണമായും തകരാറിലായ വീടുകളുടെ നിർമാണം അന്തിമഘട്ടത്തിലെത്തി. 472 വീടുകൾ പൂർണമായി തകർന്നതെന്നായിരുന്നു ആദ്യ കണ്ടെത്തൽ. അപ്പീൽ അപേക്ഷകളും പരിഗണിച്ചതോടെ എണ്ണം 575 ആയി ഉയർന്നു. പുതിയവീട‌് നിർമിക്കാൻ നാലുലക്ഷമാണ‌് സർക്കാർ ധനസഹായം. ഇതിൽ രണ്ടുഗഡു വിതരണം പൂർത്തിയായെന്ന‌് കുട്ടനാട‌് തഹസീൽദാർ അറിയിച്ചു. വീടിന‌് തറകെട്ടിക്കഴിഞ്ഞാൽ 95,000 രൂപയായിരുന്നു ആദ്യഗഡു.

75 ശതമാനം പണി പൂർത്തീകരിച്ചപ്പോൾ 1,55,000 രൂപ രണ്ടാംഗഡുവായി നൽകി.  ബാക്കി തുക വീട‌് പൂർത്തീകരിക്കുന്ന മുറയ‌്ക്ക‌് കൊടുക്കും. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയാണ‌് പ്രളയാനന്തരപുനർനിർമാണ പ്രവർത്തനങ്ങളുടെ ഏകോപനചുമതല. വീടുകൾ നഷ‌്ടമായത‌് സംബന്ധിച്ച‌് ഒട്ടേറെ പരാതികൾ കലക‌്ടറേറ്റിൽ ലഭിച്ചിട്ടുണ്ട‌്. ഇതിൽ ഒട്ടേറെയെണ്ണം വീണ്ടും ഉൾപ്പെടുത്തിയാണ‌് പുനർനിർമാണം ആരംഭിച്ചത‌്. ജനങ്ങളുടെ മുഴുവൻ പരാതികളും പരിഹരിക്കാനാണ‌് സർക്കാരിന്റെ നിർദേശം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത‌് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലും ഇതുസംബന്ധിച്ച‌് നിർദേശം നൽകി. പുനർനിർമാണം വേഗത്തിലാക്കാനും തീരുമാനമെടുത്തു. ജനുവരി 31 വരെ ലഭിച്ച അപേക്ഷകളിൽ തീരുമാനമെടുക്കാനായി ജില്ലാതല അപ്പീൽ കമ്മിറ്റി വെള്ളിയാഴ‌്ച യോഗം ചേരുന്നുണ്ട‌്. പൊതുമരാമത്ത‌് കെട്ടിട വിഭാഗം എൻജിനിയർമാരും അംഗങ്ങളായ അപ്പീൽ കമ്മിറ്റി അപേക്ഷകരുടെ വീടും പരിശോധിക്കും. തുടർന്നാണ‌് വീട‌് പൂർണമായോ ഭാഗികമായോ തകരാറിലെന്ന‌് വിലയിരുത്തുക. നാല‌് വിഭാഗങ്ങളിലായി ഭാഗികമായി വീട‌് തകർന്നവർക്ക‌് സർക്കാർ സഹായം നൽകിയിട്ടുണ്ട‌്. അതുപ്രകാരം വീടിന‌് 15 ശതമാനം നാശം നേരിട്ട 13,555 വീടുകൾക്ക‌് 10,000 രൂപ വീതം നൽകി. 16 മുതൽ 29 ശതമാനം വരെ നാശമുള്ള 9182 വീടുകൾക്ക‌് 60,000 രൂപ വീതമായിരുന്നു ധനസഹായം.

30 മുതൽ 59 ശതമാനം വരെ നഷ‌്ടം നേരിട്ട വീടുകൾ 2726 എണ്ണമായിരുന്നു. ഒന്നേകാൽ ലക്ഷമായിരുന്നു ഇവർക്കുള്ള നഷ‌്ടപരിഹാരം. 60 മുതൽ 74 ശതമാനം വരെ  നശിച്ച 922 വീടുകൾക്കായി രണ്ടര ലക്ഷം വീതവും അനുവദിച്ചിട്ടുണ്ട‌്. സർക്കാരിന്റെ നേരിട്ടുള്ള ഈ പ്രവർത്തനം കൂടാതെ തദ്ദേശസ്ഥാപനങ്ങളും പ്രളയാനന്തര പുനർനിർമാണത്തിൽ സജീവമാണ‌്. ലൈഫ‌് മിഷൻ മുഖേന  ഓരോ പഞ്ചായത്തുകളിലും നൂറിലേറെ വീടുകൾ ഇതിനകം പൂർത്തിയായി. കെയർഹോം പദധതിയിലൂടെ സഹകരണവകുപ്പ‌ും വീട‌് നിർമാണം ഏറ്റെടുത്തിട്ടുണ്ട‌്.
  2018 ജൂലൈ, ആഗസ‌്ത‌് മാസങ്ങളിലായി മൂന്നുതവണയാണ‌് കുട്ടനാട്ടിൽ വെള്ളപ്പൊക്കമുണ്ടായത‌്. ആഗസ‌്ത‌് 16ന് പെയ‌്തിറങ്ങിയ മഹാപ്രളയം ലക്ഷങ്ങളെ പലായനം ചെയ്യിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞവരെ വീടുകളിലെത്തിക്കുകയായിരുന്നു ആദ്യവെല്ലുവിളി.   സർക്കാർ വകുപ്പുകളും സന്നദ്ധ സംഘടനകളും ചേർന്ന് ചെളിയും മണ്ണും മൂടിയ  വീടുകളോരോന്നായി താമസയോഗ്യമാക്കി. നിത്യോപയോഗ സാധനങ്ങളടങ്ങിയ ഉപജീവന കിറ്റായിരുന്നു ആദ്യസഹായം.   വീടുകളിലെത്തി അധികം വൈകാതെ 10,000 രൂപ അക്കൗണ്ടിൽ കൊടുത്തു. കുട്ടനാട്ടിലെ  53,000 കുടുംബങ്ങളിൽ ഈ തുകയെത്തി. വീട്ടുപകരണങ്ങൾ നഷ‌്ടമായവർക്ക‌് കുടുംബശ്രീ മുഖേനയുള്ള വായ‌്പ വീട്ടമ്മമാർക്ക‌് ഗുണകരമായി.


പ്രധാന വാർത്തകൾ
 Top