23 January Wednesday

കേന്ദ്രത്തിന്റെ പ്രളയ ദുരിതാശ്വാസവും അനിശ്ചിതത്വത്തിൽ; റിപ്പോർട്ട‌് പോലും സമര്‍പ്പിച്ചില്ല

കെ ശ്രീകണ‌്ഠൻUpdated: Thursday Oct 18, 2018

തിരുവനന്തപുരം > പ്രളയാനന്തര പുനർനിർമിതിക്ക‌് ധനസമാഹരണം ലക്ഷ്യമിട്ട‌ുള്ള മന്ത്രിമാരുടെ വിദേശയാത്ര വിലക്കിയതിന‌് പുറമെ കേരളത്തിനുള്ള കേന്ദ്ര പ്രളയ ദുരിതാശ്വാസവും അനിശ്ചിതത്വത്തിൽ. പ്രളയക്കെടുതി വിലയിരുത്തി കേന്ദ്രസംഘം മടങ്ങിയിട്ട‌് ആഴ‌്ചകൾ പിന്നിട്ടെങ്കിലും ഇതുവരെ റിപ്പോർട്ട‌് പോലും നൽകിയിട്ടില്ല. 5000 കോടി രൂപയുടെ അടിയന്തര സഹായം ആവശ്യപ്പെട്ട‌് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക‌് നേരിട്ട‌് നൽകിയ നിവേദനവും ഇതുവരെ ഫലം കണ്ടില്ല.

സംസ്ഥാനത്തിന്റെ വായ‌്പാ പരിധി നാലര ശതമാനമായി ഉയർത്തണമെന്ന‌ ആവശ്യത്തിലും ഇതുവരെ അനുകൂല നടപടിയായിട്ടില്ല. ലോക ബാങ്ക‌്, എഡിബി എന്നിവയിൽനിന്ന‌് വായ‌്പ എടുക്കുന്നതിന‌് സമർപ്പിച്ച പദ്ധതികൾക്കും കേന്ദ്രാനുമതി നൽകിയിട്ടില്ല. പ്രളയ കെടുതിയിൽനിന്ന‌് കരകയറാൻ സംസ്ഥാനം സ്വന്തംനിലയ‌്ക്ക‌് നടത്തുന്ന പരിശ്രമങ്ങളെ നിരുത്സാഹപ്പെടുത്തിയും കേന്ദ്ര സഹായം അനുവദിക്കാതെയും കേരളത്തെ വരിഞ്ഞുമുറുക്കാനുള്ള ആസൂത്രിത തന്ത്രമാണ‌് കേന്ദ്ര സർക്കാർ പ്രയോഗിക്കുന്നത‌്.  

മന്ത്രിമാരുടെ വിദേശയാത്രയ‌്ക്ക‌് ഈമാസം രണ്ടിന‌് തന്നെ കേന്ദ്രാനുമതി തേടിയതാണ‌്. വിദേശ, ആഭ്യന്തരമന്ത്രാലയങ്ങൾ ആവശ്യപ്പെട്ട എല്ലാ രേഖകളും ഹാജരാക്കുകയും ചെയ‌്തിരുന്നു. വിദേശ മന്ത്രാലയത്തിൽനിന്ന‌് അതത‌് രാജ്യത്തെ എംബസികൾക്ക‌് വിശദാംശങ്ങൾ അയച്ചുകൊടുക്കുകയും എംബസികൾ ക്ലിയറൻസ‌് നൽകുകയും ചെയ‌്തിരുന്നു.

ഈ മാസം 17 മുതലാണ‌് വിദേശയാത്ര നിശ്ചയിച്ചിരുന്നത‌്. അവസാന നിമിഷമാണ‌് അനുമതി നിഷേധിച്ച‌് കേന്ദ്ര സർക്കാർ അറിയിപ്പു നൽകിയത‌്. പ്രളയാനന്തര പുനർനിർമാണത്തിനുള്ള ധനസമാഹരണത്തെ ആദ്യം മുതൽക്കേ എതിർത്ത സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ ഇടപെടലും ഇതിന‌് പിന്നിലുണ്ട‌്.

മുഖ്യമന്ത്രിക്ക‌് പുറമെ 17 മന്ത്രിമാരാണ‌് വിവിധ രാജ്യങ്ങളിലെ മലയാളികളെ നേരിട്ട‌് കണ്ട‌് സഹായം തേടാനിരുന്നത‌്. ഇതിൽ കർശനമായ നിയന്ത്രണങ്ങളോടെ മുഖ്യമന്ത്രിക്ക‌ുമാത്രം അനുമതി ലഭിച്ചു. മന്ത്രിമാർക്ക‌് അനുമതി നിഷേധിക്കാനുള്ള കാരണം കേന്ദ്ര സർക്കാർ ഇതുവരെ വെളിപ്പെടുത്തിയിട്ടുമില്ല. വിവിധ രാജ്യങ്ങളിലെ പ്രവാസികളിൽനിന്ന‌് കേരള പുനർനിർമാണത്തിന‌് 5000 കോടിരൂപ സമാഹരിക്കുകയായിരുന്നു ലക്ഷ്യം. പ്രളയ ദുരന്തം വിലയിരുത്തിയ കേന്ദ്രസംഘം ഇതുവരെ റിപ്പോർട്ട‌് നൽകിയിട്ടില്ല. ഇതുസംബന്ധിച്ച‌് സംസ്ഥാനം നടത്തിയ അന്വേഷണത്തിന‌് തൃപ‌്തികരമായ മറുപടിയും ഇതുവരെ നൽകിയിട്ടില്ല. റിപ്പോർട്ട‌്  തയ്യാറാക്കുകയാണ‌് എന്ന ഒഴുക്കൻ മറുപടിയാണ‌് നൽകുന്നത‌്.

5000 കോടി രൂപ അടിയന്തര സഹായമായി നൽകണമെന്ന‌് പ്രധാനമന്ത്രിയെ മുഖ്യമന്ത്രി നേരിൽക്കണ്ട‌് അഭ്യർഥിച്ചിട്ട‌് ആഴ‌്ചകൾ കഴിഞ്ഞു. ഇതുസംബന്ധിച്ച നിവേദനവും നൽകിയെങ്കിലും നടപടിയായില്ല. സംസ്ഥാനത്തിന്റെ വായ‌്പാ പരിധി മൂന്ന‌് ശതമാനത്തിൽനിന്ന‌് നാലരയായി ഉയർത്തണമെന്ന‌് ആവശ്യപ്പെട്ടിട്ട‌് നാളേറെയായി. എഡിബി, ലോകബാങ്ക‌് എന്നിവയുൾപ്പെടെയുള്ള ഏജൻസികളിൽ നിന്ന‌ുള്ള സഹായത്തിന‌് നിരവധി പദ്ധതികളാണ‌് കേന്ദ്ര ധനമന്ത്രാലയത്തിന‌് സമർപ്പിച്ചിട്ടുള്ളത‌്. ഒന്നിന‌ുപോലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. പ്രളയ ദുരിതാശ്വാസ നിധിയിലേക്ക‌് ജിഎസ‌്ടി സെസ‌് ഈടാക്കാനുള്ള നിർദേശം ജിഎസ‌്ടി കൗൺസിൽ വിവിധ സംസ്ഥാനങ്ങളുടെ അഭിപ്രായത്തിന‌് വിട്ടിരിക്കുകയാണ‌്. ഇതിലും അന്തിമതീരുമാനം എന്നുണ്ടാകുമെന്ന‌് ഉറപ്പില്ല.

പ്രളയ ദുരിതാശ്വാസമായി ആകെ 600 കോടി രൂപയാണ‌് ഇതുവരെ സംസ്ഥാനത്തിന‌് കിട്ടിയത‌്. പ്രധാനമന്ത്രി ഉൾപ്പെടെ ദുരന്തം നേരിട്ട‌് കണ്ടതാണ‌്. 45000 കോടി രൂപയുടെ പുനർനിർമാണ പദ്ധതിയാണ‌് സംസ്ഥാനം തയ്യാറാക്കിയത‌്. എന്നാൽ, ഇതിനോട‌് മുഖം തിരിഞ്ഞുനിൽക്കുകയാണ‌് കേന്ദ്ര സർക്കാർ.

യുഎഇ ഉൾപ്പെടെ വിവിധ രാജ്യങ്ങൾ സഹായ വാഗ‌്ദാനം മുന്നോട്ടുവച്ചെങ്കിലും അഭിമാനപ്രശ‌്നം ചൂണ്ടിക്കാട്ടി കേന്ദ്രം നിരസിച്ചു. കേന്ദ്രത്തിൽനിന്ന‌് ഒരുരൂപ അധികം നൽകാനുള്ള മനോഭാവം പുലർത്തുന്നുമില്ല. ദുരിതക്കയത്തിലായ  സംസ്ഥാനത്തെ കൂടുതൽ ശ്വാസം മുട്ടിച്ച‌്  രസിക്കാനാണ‌് കേന്ദ്ര നീക്കം.


പ്രധാന വാർത്തകൾ
 Top