18 September Wednesday

കേരള കോൺഗ്രസിനെ ചൊല്ലി യുഡിഎഫ്‌ യോഗത്തിൽ ബഹളം

സ്വന്തം ലേഖകൻUpdated: Wednesday Jul 31, 2019

തിരുവനന്തപുരം > യുഡിഎഫ്‌ യോഗത്തിൽ പരസ്‌പരം പോരടിച്ച്‌ കേരള കോൺഗ്രസ്‌ ജോസഫ്‌–-ജോസ്‌ വിഭാഗങ്ങൾ.  കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കമാണ്‌ അതിരുവിട്ടത്‌. തർക്കം പരിഹരിക്കാനുള്ള വേദിയല്ല യുഡിഎഫ്‌ യോഗമെന്ന്‌ പ്രതിപക്ഷ നേതാവും മറ്റു പാർടി പ്രതിനിധികളും തുറന്നടിച്ചു. പി ജെ  ജോസഫും സി എഫ് തോമസും പ്രതിഷേധ സൂചകമായി യോഗത്തിൽനിന്ന്‌ വിട്ടുനിന്നു. ഇവരുടെ അഭാവത്തിൽ മോൻസ് ജോസഫാണ് ചർച്ച തുടങ്ങിയത്‌. യോഗത്തിൽ ജോസ് പക്ഷത്തുനിന്ന്‌ റോഷി അഗസ്റ്റിൻ എത്തിയതും പ്രതിഷേധത്തിനിടയാക്കി.

മാണിക്ക്‌ പകരമാണ്‌  യുഡിഎഫ് ഏകോപനസമിതിയിൽ അംഗമല്ലാത്ത റോഷി അഗസ്റ്റിൻ എത്തിയത്‌.  മോൻസ് ജോസഫും ജോയ് എബ്രഹാമും ഇതിൽ എതിർപ്പ്‌ അറിയിച്ചു. യുഡിഎഫ്‌ ധാരണപ്രകാരം കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം തങ്ങൾക്ക് അർഹതപ്പെട്ടതാണെന്ന്  മോൻസ്‌ പറഞ്ഞു.   അതിൽ ആദ്യ അവസരം മറുപക്ഷത്തിന് നൽകിയത് ഭീഷണിയുടെ പേരിലാണെങ്കിൽ അത് ശരിയായ നടപടിയല്ല.

കീഴ്‌വഴക്കങ്ങൾ ലംഘിക്കുന്നത്‌ നല്ലതല്ലെന്നും മോൻസ് പറഞ്ഞു. മുന്നണിയിലെ മുൻധാരണ പ്രകാരമാണ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ തെരഞ്ഞെടുത്തതെന്ന്‌  റോഷി മറുപടി പറഞ്ഞു.  ഈ വിഷയത്തിൽ ചർച്ച വേണ്ടെന്ന് കൺവീനർ ബെന്നി ബഹന്നാൻ പറഞ്ഞു. തുടർന്ന് സംസാരിച്ച രമേശ് ചെന്നിത്തല  പാർട്ടിയിലെ ആഭ്യന്തരപ്രശ്‌നം മുന്നണിയോഗത്തിൽ ചർച്ചയാക്കുന്നത് ശരിയല്ലെന്ന് അറിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top