23 August Friday

ഓർത്തഡോക‌്സ‌് വിഭാഗത്തിന്റെ ഹർജി തീർപ്പാക്കി; പള്ളിത്തർക്കത്തിൽ വിധി ഉടൻ നടപ്പാക്കണമെന്ന‌് സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 2, 2019

ന്യൂഡൽഹി> കേരളത്തിലെ യാക്കോബായ–-ഓർത്തഡോക‌്സ‌് പള്ളിത്തർക്കവുമായി ബന്ധപ്പെട്ട വിധി എത്രയുംവേഗം നടപ്പാക്കണമെന്ന‌് സുപ്രീംകോടതി. കട്ടച്ചിറ, വരിക്കോലി പള്ളികളിൽ പ്രാർഥന നടത്തുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ‌് ചോദ്യംചെയ‌്ത‌് ഓർത്തഡോക‌്സ‌് വിഭാഗം നൽകിയ ഹർജി തീർപ്പാക്കി.

2017ലെ സുപ്രീംകോടതി വിധി നടപ്പാക്കണമെന്നും മറ്റ‌് കോടതികളിൽ ഹർജി നൽകി നടപടികൾ നീട്ടിക്കൊണ്ടുപോകരുതെന്നും കോടതി വ്യക്തമാക്കി. വിധി വന്നശേഷം നിരവധി റിട്ട‌് പെറ്റീഷനുകൾ സുപ്രീംകോടതിയിൽ എത്തി. വിധി നടപ്പാക്കാൻ വൈകിയാൽ ചീഫ‌് സെക്രട്ടറിയെ കോടതി വിളിച്ചുവരുത്തി ജയിലിലടയ‌്ക്കുമെന്ന‌് ജസ‌്റ്റിസ‌് അരുൺ മിശ്ര വാക്കാൽ നിരീക്ഷിച്ചു.

കട്ടച്ചിറ, വരിക്കോലി പള്ളികളിൽ പൊലീസ‌് സംരക്ഷണം ആവശ്യപ്പെട്ട‌് ഓർത്തഡോക‌്സ‌് വിഭാഗം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ക്രമസമാധാന പ്രശ‌്നങ്ങൾ ഉണ്ടെങ്കിൽ പൊലീസ‌് സുരക്ഷ നൽകണമെന്ന‌് ഹൈക്കോടതി ഉത്തരവിട്ടു. പള്ളിയിൽ മൃതദേഹം അടക്കംചെയ്യുന്നതിലും ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഇത‌് ചോദ്യംചെയ‌്താണ‌് ഓർത്തഡോക‌്സ‌് വിഭാഗം സുപ്രീംകോടതിയെ സമീപിച്ചത‌്.

സുപ്രീംകോടതി തീർപ്പാക്കിയ ഉത്തരവിൽ മറ്റ‌് കോടതികൾ ഇടപെടരുതെന്ന‌് ആവർത്തിച്ച കോടതി ഹർജി തള്ളി. മലങ്കരസഭയുടെ 1934ലെ ഭരണഘടനപ്രകാരം ഓർത്തഡോക‌്സ‌് വിഭാഗത്തിന‌് പള്ളികളുടെ ഭരണനിർവഹണാനുമതി നൽകിക്കൊണ്ടുള്ളതാണ‌് സുപ്രീംകോടതി വിധി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top