25 August Sunday

ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കര്‍ദിനാളിനെ ഭരണച്ചുമതലയില്‍നിന്നു മാറ്റുക; ആലഞ്ചേരിക്കെതിരെ വൈദികര്‍ ഉപവാസം തുടങ്ങി

സ്വന്തം ലേഖകന്‍Updated: Thursday Jul 18, 2019

കൊച്ചി> കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എറണാകുളം--അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല തിരിച്ചുനല്‍കിയതിലും സഹായമെത്രാന്മാരെ പുറത്താക്കിയതിലും പ്രതിഷേധിച്ച് വിമത വൈദികര്‍ ബിഷപ്ഹൗസിനുള്ളില്‍ അനിശ്ചിതകാല ഉപവാസം തുടങ്ങി.  സഹായമെത്രാന്മാരെയും വൈദികരെയും വിശ്വാസികളെയും കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്നത് അവസാനിപ്പിക്കുക, 14 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കര്‍ദിനാളിനെ അതിരൂപതയുടെ ഭരണച്ചുമതലയില്‍നിന്നു മാറ്റുക, അകാരണമായി പുറത്താക്കിയ സഹായമെത്രാന്മാരെ ചുമതലകള്‍ നല്‍കി തിരിച്ചെടുക്കുക, കര്‍ദിനാളിനെ മാറ്റിനിര്‍ത്തി മാര്‍പാപ്പയുടെ പ്രതിനിധിയുടെ നിരീക്ഷണത്തില്‍ സിനഡ് സമ്മേളനം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉപവാസം.

കര്‍ദിനാള്‍വിരുദ്ധ പക്ഷത്തെ ഇരുന്നൂറോളം വൈദികര്‍ വ്യാഴാഴ്ച രാവിലെ അതിരൂപതാ ആസ്ഥാനത്ത്  യോഗം ചേര്‍ന്നതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് ഉപവാസത്തിലേക്ക് നയിച്ചത്. ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസില്‍ വൈദികസമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടനെ കഴിഞ്ഞദിവസം അന്വേഷണസംഘം ചോദ്യംചെയ്തത് ചര്‍ച്ച ചെയ്യാനായിരുന്നു യോഗം. യോഗത്തിലെത്തിയ കര്‍ദിനാളിന്റെ മറുപടിയില്‍ തൃപ്തരാകാതെ വൈദികര്‍ ബഹളംവച്ചപ്പോള്‍ ആലഞ്ചേരി യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി.

തുടര്‍ന്നാണ് വൈദികര്‍ ഉപവാസം തുടങ്ങിയത്. സ്ഥിരം സിനഡ് അംഗങ്ങളായ ബിഷപ്പുമാര്‍ ചേര്‍ന്ന് പ്രശ്നം പരിഹരിക്കാതെ ഉപവാസത്തില്‍നിന്നു പിന്മാറില്ലെന്ന നിലപാടിലാണ് വൈദികര്‍.

 


പ്രധാന വാർത്തകൾ
 Top