21 February Thursday

കേരള ബാങ്ക‌് : ആശങ്കകൾക്ക‌് അടിസ്ഥാനമില്ല: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Jan 20, 2019


കേരള ബാങ്കിനെക്കുറിച്ച‌് ചില കേന്ദ്രങ്ങളിൽനിന്നും ഉയരുന്ന ആശങ്കകൾക്ക‌് അടിസ്ഥാനമില്ലെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ബാങ്ക‌് കേരളത്തിന്റെ കുതിച്ചുചാട്ടത്തിന‌് വഴിയൊരുക്കും. അവസാന  കടമ്പകളിൽ തീരുമാനമായാൽ കേരള ബാങ്ക‌് യാഥാർഥ്യമാകും. നിലവിൽ  പ്രവർത്തിക്കുന്ന ഏത‌് ഷെഡ്യൂൾഡ‌് ബാങ്കുകളെക്കാളും ശേഷിയും കേരള ബാങ്കിനുണ്ടാകും. പാപ്പിനിശേരി സർവീസ‌് സഹകരണ ബാങ്കിന്റെ  ഹെഡ്ഡ‌് ഓഫീസ‌് കെട്ടിടം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ ബാങ്കുകളിലൂടെ പ്രൈമറി ബാങ്കുകൾക്ക‌് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഇനി നേരിട്ട‌് ലഭിക്കും. സംസ്ഥാന ബാങ്കിന്റെ നേരിട്ടുള്ള കൈകാര്യകർത്താവായി പ്രൈമറി ബാങ്കുകൾ മാറും. വിദേശത്തുള്ള മലയാളികൾക്ക‌് ഇത‌് ഏറെ പ്രയോജനപ്പെടും. നാട്ടിലെത്തിക്കേണ്ട പണം പിറ്റേദിവസം ഇവിടെ ലഭിക്കുന്ന സ്ഥിതിയുണ്ടാകും.

കേരളത്തിലെ സഹകാരികളാകെ ചർച്ചചെയ‌്ത‌് ഐക്യകണ‌്ഠ്യേനയാണ‌് കേരള ബാങ്ക‌് എന്ന തീരുമാനമെടുത്തത‌്. ഇത‌് നിലവിൽവരുമ്പോൾ ജില്ലാ ബാങ്കിലെ ജീവനക്കാർക്ക് പ്രയാസമുണ്ടാകുമെന്ന വാർത്ത അടിസ്ഥാനരഹിതമാണ്. എല്ലാ ജീവനക്കാരും ഈ ബാങ്കിന്റെ ഭാഗമായി മാറുകയാണ്ചെയ്യുക. എന്തെങ്കിലും പ്രയാസമുണ്ടൊയാൽ അത‌് സഹകരണ ബാങ്കെന്ന നിലയിൽ പരിഹരിക്കാം. കേന്ദ്രത്തിൽ മുമ്പ‌് അഗ്രികൾച്ചറൽ കോ.-ഓപ്പറേറ്റീവ‌് സൊസൈറ്റികൾക്കും അർബൻ ബാങ്കുകൾക്കും മാത്രം അംഗത്വമുണ്ടായിരുന്ന ജില്ലാ ബാങ്ക‌് സംവിധാനം നടപ്പാക്കിയിട്ടുണ്ട‌്. അന്നൊന്നും ആർക്കും പ്രയാസമുണ്ടായിരുന്നില്ല.

നാടിനും നാട്ടുകാർക്കുംവേണ്ടി ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നതാണ് സഹകരണ ബാങ്കുകളുടെ പ്രത്യേകത. ഇത്തരം സേവനങ്ങളിലൂടെ നാട്ടുകാരുമായി വലിയൊരു ഹൃദയബന്ധം ഉണ്ടാക്കിയെടുക്കാൻ സഹകരണ സ്ഥാപനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. അഴിമതി ഉണ്ടായിരുന്നില്ല എന്നതാണ‌് സഹകരണ മേഖലയുടെ വലിയ നേട്ടം. സമൂഹം മാറിയപ്പോൾ ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഈ മേഖലയിൽ ഉണ്ടായിട്ടുണ്ട്. പൊതുവെ അഴിമതിയിൽനിന്ന് മാറിനിൽക്കാൻ സഹകരണ മേഖലയ്ക്ക് കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് വസ്തുതയാണ്. നിലവിൽ  ക്രഡിറ്റ് ബാങ്ക് മേഖലയിൽ മാറ്റം വരുത്താൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top