28 November Saturday

12 വര്‍ഷത്തിനുശേഷം കെല്‍ ലാഭത്തില്‍; എറണാകുളം മാമല യൂണിറ്റില്‍ മാത്രം 77 കോടിയിലധികം വിറ്റുവരവ്

വെബ് ഡെസ്‌ക്‌Updated: Saturday Nov 21, 2020

തിരുവനന്തപുരം> 12 വര്‍ഷത്തിനുശേഷം ലാഭത്തിലെത്തി സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം കേരളാ ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എഞ്ചിനിയറിങ്ങ് കമ്പനി (കെല്‍) . ഈ സാമ്പത്തികവര്‍ഷം പകുതിയായപ്പോള്‍ 70 ലക്ഷം രൂപയുടെ ലാഭമാണ് കെല്‍ കൈവരിച്ചതെന്ന് മന്ത്രി ഇപി ജയരാജന്‍ വ്യക്തമാക്കി. എറണാകുളം മാമല യൂണിറ്റില്‍ മാത്രം 77 കോടി രൂപയിലധികം വിറ്റുവരവുണ്ടായി.

2007-2008 സാമ്പത്തികവര്‍ഷമാണ് സ്ഥാപനം അവസാനമായി ലാഭം കൈവരിച്ചത്.തമിഴ്നാട് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ നിന്ന്  ലഭിച്ച 111 കോടിയുടെ ഓര്‍ഡര്‍ യഥാസമയം ചെയ്ത് നല്‍കിയത് നേട്ടത്തിന് വഴിയൊരുക്കി. ഇതിനായി സര്‍ക്കാര്‍ പ്രവര്‍ത്തന മൂലധനം നല്‍കി. കമ്പനിയുടെ കുണ്ടറ, മാമല യൂണിറ്റുകളില്‍ നടത്തിയ ആധുനിവല്‍ക്കരണവും കുതിപ്പിന് സഹായകമായി. 18 കോടിയുടെ വികസനപ്രവര്‍ത്തനങ്ങളാണ് രണ്ട് യൂണിറ്റിലുമായി സര്‍ക്കാര്‍ നടത്തിയത്.

കെഎസ്ഇബിക്കും ഇതരസംസ്ഥാനങ്ങളിലെ വൈദ്യുത ബോര്‍ഡുകള്‍ക്കും ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്ഫോര്‍മറുകള്‍ നിര്‍മ്മിച്ച് നല്‍കുന്നത് കെല്‍ ആണ്. കൊല്ലം കുണ്ടറ യൂണിറ്റില്‍ റെയില്‍വേക്ക് ആവശ്യമായ ഓള്‍ട്ടര്‍നേറ്ററുകളാണ് നിര്‍മ്മിക്കുന്നത്. ഒപ്പം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൂക്കുപാലങ്ങളും മറ്റ് സിവില്‍ ജോലികളും വിവിധ ടൂറിസ്റ്റ് പദ്ധതികളും സ്ഥാപനം ഏറ്റെടുത്ത് നിര്‍മ്മിച്ചു നല്‍കുന്നുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന നിര്‍മ്മാണ പദ്ധതികളുടെ നിര്‍വഹണത്തിന്  കെല്ലിനെ നോഡല്‍ ഏജന്‍സിയായി നിയമിച്ചിരുന്നു. ഇതുവഴി എം.എല്‍.എമാരുടെ ആസ്തി വികസന പദ്ധതികള്‍, തദ്ദേശ സ്വയംഭരണ വകുപ്പിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍, എസ്.സി എസ്.ടി കോളനികളുടെ പുനരുദ്ധാരണം, സ്മാര്‍ട്ട് സ്‌കൂള്‍ പദ്ധതികള്‍ തുടങ്ങിയവ ഏറ്റെടുത്ത് നടപ്പാക്കി.

 ഇതും ലാഭത്തിലേക്കെത്തിക്കുന്നതിന് സഹായിച്ചു.കമ്പനിയുടെ  മാമല യൂണിറ്റില്‍ വ്യാവസായികാടിസ്ഥാനത്തില്‍ പവര്‍ ട്രാന്‍സ്ഫോമറുകളുടെ ഉല്‍പാദനം നടത്തുന്ന പദ്ധതി പൂര്‍ത്തിയാക്കി പരീക്ഷാണാടിസ്ഥാനത്തില്‍ ഉല്‍പ്പാദനം ആരംഭിച്ചിട്ടുണ്ട്. ഡിസംബറോടെ വ്യാവസായികാടിസ്ഥാനത്തില്‍ ഉല്‍പ്പാദനം ആരംഭിക്കും. പ്ലാന്റ് പ്രവര്‍ത്തനക്ഷമമാകുന്നതോടെ 47 കോടി രൂപയുടെ അധിക വിറ്റുവരവും 2.53 കോടിയുടെ അറ്റാദായവുമാണ് പ്രതീക്ഷിക്കുന്നത്.

കുണ്ടറ യൂണിറ്റില്‍ വൈദ്യുത വാഹനങ്ങള്‍ക്കാവശ്യമായ മോട്ടോറുകള്‍ ഉല്‍പ്പാദിപ്പിക്കാനുളള പ്ലാന്റിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണെന്നും മന്ത്രി വീശദീകരിച്ചു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top