തിരുവനന്തപുരം
2019ൽ ഗ്രീൻഫീൽഡിൽ നടന്ന ഇന്ത്യ– വെസ്റ്റിൻഡീസ് ട്വന്റി 20 മത്സരത്തിൽനിന്ന് കോടികൾ വരുമാനം ലഭിച്ചിട്ടും സർക്കാരിന് വിനോദനികുതി അടയ്ക്കാതെ കേരള ക്രിക്കറ്റ് അസോസിയേഷൻ. കുടിശ്ശികയായ 66,44,392 രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം കോർപറേഷൻ രണ്ട് തവണ നോട്ടീസ് അയച്ചിട്ടും കെസിഎ അവഗണിച്ചു. ഈ കുടിശ്ശിക അടയ്ക്കാതെയാണ് കഴിഞ്ഞ ദിവസം നടന്ന മൽസരത്തിൽ കാണികൾ കുറഞ്ഞതിന് കെസിഎ സർക്കാരിനെ കുറ്റപ്പെടുത്തി മുഖം രക്ഷിക്കുന്നത്.
നാൽപ്പതിനായിരത്തോളം വരുന്ന ഗ്രീൻഫീൽഡിലെ സീറ്റുകൾ 2019ൽ നിറഞ്ഞിരുന്നു. അന്ന് 24 ശതമാനം വിനോദനികുതിയാണ് കോർപറേഷൻ ചുമത്തിയത്. വിനോദനികുതി ഒഴിവാക്കാൻ സർക്കാരിന് നിവേദനം നൽകിയിട്ടുണ്ടെന്നാണ് കെസിഎയുടെ വാദം. കേരള ലോക്കൽ എന്റർടെയിൻമെന്റ് ടാക്സ് ആക്ട് 1961 വകുപ്പ് പ്രകാരം വിനോദപരിപാടികൾക്ക് 24 ശതമാനംമുതൽ 48 ശതമാനംവരെ വിനോദനികുതി തദ്ദേശസ്ഥാപനങ്ങൾക്ക് ഈടാക്കാം.
2022 സെപ്തംബർ 28ന് നടന്ന ഇന്ത്യ–- ദക്ഷിണാഫ്രിക്ക ട്വന്റി20 മത്സരത്തിൽ നികുതി ഇളവ് തേടി കെസിഎ കോർപറേഷനെ സമീപിച്ചിരുന്നു. നിയമപ്രകാരം കോർപറേഷൻ 24 ശതമാനം നികുതി നിശ്ചയിച്ചു. എന്നാൽ, കെസിഎ അപ്പീൽ നൽകിയതോടെ സർക്കാർ ആദ്യഘട്ടമെന്ന നിലയിൽ നികുതി അഞ്ച് ശതമാനമായി കുറച്ചു. ഇതിന്റെ നികുതിയായ 22,32,419 രൂപ കെസിഎ അടച്ചു. എന്നാൽ, സർക്കാർ നികുതി കുറച്ചിട്ടുപോലും ടിക്കറ്റ് നിരക്ക് കുറയ്ക്കാതെ കെസിഎ കൊള്ളലാഭം കൊയ്തു.
ഞായറാഴ്ച നടന്ന മത്സരത്തിൽനിന്ന് 63,22,000 രൂപ വരുമാനം ലഭിച്ചെന്നാണ് കെസിഎ കോർപറേഷനെ അറിയിച്ചത്. ഇതിന്റെ നികുതിയായ 7,58,640 രൂപ കെസിഎ തിങ്കളാഴ്ച അടച്ചു. 12 ശതമാനം നികുതിയാണ് ഞായറാഴ്ച നടന്ന മത്സരത്തിന് സർക്കാർ ഈടാക്കിയത്.
സർക്കാർ നികുതി കൂട്ടിയിട്ടില്ല: മന്ത്രി എം ബി രാജേഷ്
കാര്യവട്ടത്തെ ഇന്ത്യ–ശ്രീലങ്ക ക്രിക്കറ്റ് മത്സരത്തിൽ കാണികൾ കുറഞ്ഞതിന്റെ പഴി സംസ്ഥാന സർക്കാരിന്റെ തലയിൽ കെട്ടിവയ്‌ക്കാനുള്ള ശ്രമം ആസൂത്രിതമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. സർക്കാർ വിനോദ നികുതി കൂട്ടിയിട്ടില്ല. കോർപറേഷൻ ചുമത്തിയ നികുതി 12 ശതമാനമാക്കി കുറയ്‌ക്കുകയാണ് ചെയ്‌തത്.
ക്രിക്കറ്റ് അസോസിയേഷൻ ഉന്നയിക്കാത്ത ആക്ഷേപം ഒരു വിഭാഗം മാധ്യമങ്ങളും പ്രതിപക്ഷവും ഉന്നയിക്കുകയാണ്. സെപ്‌തംബറിൽ നടന്ന ഇന്ത്യ–-ദക്ഷിണാഫ്രിക്ക ട്വന്റ–-ട്വന്റി മത്സരത്തിൽ നിരക്ക് ഇതിനേക്കാൾ കൂടുതലായിരുന്നു. ഓരോ തവണയും വ്യത്യസ്‌തമായ രീതിയിലാണ് ഇളവ് നൽകുന്നത്. ഈ വസ്‌തുത മറച്ചു വച്ചുള്ള വിവാദം സംസ്ഥാനത്തിന് മത്സരം കിട്ടാനുള്ള സാധ്യത ഇല്ലാതാക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..