22 September Tuesday

കരിപ്പൂർ അപകടം; അന്വേഷണം തുടങ്ങി, പ്രദേശത്ത്‌ കനത്ത മഴയും കാറ്റുമെന്ന്‌ ആദ്യ നിഗമനം

സി പ്രജോഷ്‌ കുമാർUpdated: Sunday Aug 9, 2020

കരിപ്പൂർ > കരിപ്പൂരിൽ എയർഇന്ത്യ വിമാനം റൺവേയിൽനിന്ന്‌ തെന്നിമാറി താഴേയ്‌ക്ക്‌ പതിച്ച്‌‌ 18 പേർ മരിച്ച സംഭവത്തിൽ അന്വേഷണം തുടങ്ങി. ഡയറക്ടർ ജനറൽ ഓഫ്‌ സിവിൽ ഏവിയേഷ (ഡിജിസിഎ)നും എയർക്രാഫ്‌റ്റ്‌  ആക്‌സിഡന്റ്‌ ഇൻവെസ്‌റ്റിഗേഷൻ ബ്യൂറോയു (എഎഐബി)‌മാണ് അന്വേഷിക്കുന്നത്‌. മരിച്ചവർക്ക്‌ സംസ്ഥാന സർക്കാരും എയർഇന്ത്യയും 10 ലക്ഷം രൂപവീതം ധനസഹായം പ്രഖ്യാപിച്ചു.  ചികിത്സാച്ചെലവ്‌ പൂർണമായും സർക്കാർ വഹിക്കും. ഗുരുതര പരിക്കേറ്റവർക്ക്‌ എയർഇന്ത്യ രണ്ടു‌ലക്ഷം രൂപയും നിസ്സാര പരിക്കുള്ളവർക്ക്‌ 50,000 രൂപയും നൽകും.

പൈലറ്റ്‌ ക്യാപ്‌റ്റൻ ദീപക്‌ വസന്ത്‌ സാെഠ, സഹ പൈലറ്റ്‌ അഖിലേഷ്‌ കുമാർ എന്നിവർ ഉൾപ്പെടെയുള്ളവരാണ്‌ മരിച്ചത്‌‌.  ഇതിൽ നാലുപേർ കുട്ടികളാണ്‌. ഒരു ഗർഭിണിയും‌‌. ഒമ്പതുപേർ കോഴിക്കോട്‌ ജില്ലക്കാരാണ്‌. മലപ്പുറം (അഞ്ച്‌),  പാലക്കാട്‌ (രണ്ട്‌) എന്നിങ്ങനെയാണ്‌ മറ്റു ജില്ലക്കാർ. 190 യാത്രക്കാരിൽ  149 പേരാണ്‌ വിവിധ ആശുപത്രികളിൽ ചികിത്സതേടിയത്‌. ഇതിൽ 23 പേരുടെ നില അതിഗുരുതരമായി തുടരുന്നു. 22 പേർ ആശുപത്രിവിട്ടു. 
കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ പോസ്‌റ്റ്‌മോർട്ടം നടപടി പൂർത്തിയാക്കി ശനിയാഴ്‌ച വൈകിട്ടോടെ 18 മൃതദേഹങ്ങളും ബന്ധുക്കൾക്ക്‌ വിട്ടുകൊടുത്തു. മരിച്ച ഒരാൾക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു.

മുഖ്യമന്ത്രി ദുരന്തഭൂമിയിൽ

ദുരന്തസ്ഥലവും പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിയും ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാനും മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ്‌ സിങ്‌ പുരിയും സന്ദർശിച്ചു. എയർഇന്ത്യ അന്വേഷണം ആരംഭിച്ചു. ചെയർമാൻ രാജീവ്‌ ബാസിലിന്റെ നേതൃത്വത്തിലുള്ള ഉന്നത സംഘം സ്ഥലത്തെത്തി.

ബ്ലാക്ക്‌ ബോക്‌സ്‌ പരിശോധന തുടങ്ങി

സിവിൽ ഏവിയേഷൻ ഉദ്യോഗസ്ഥർ ശനിയാഴ്‌ച പുലർച്ചെ രണ്ടോടെ കരിപ്പൂരിലെത്തി അന്വേഷണം ആരംഭിച്ചു. ഡിജിസിഎ പ്രാഥമിക റിപ്പോർട്ട്‌ സമർപ്പിച്ചു. കനത്ത മഴയും കാറ്റുമാണ്‌ അപകടകാരണമെന്നാണ്‌ ആദ്യ നിഗമനം. വിമാനത്തിന്റെ രണ്ട് ബ്ലാക്ക്‌ ബോക്‌സും ലഭിച്ചു. ഡിജിറ്റൽ ഡാറ്റാ റെക്കോർഡറും കോക്ക്‌ പിറ്റ്‌ വോയ്‌സ്‌ റെക്കോർഡറും കണ്ടെത്തി‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top