തിരുവനന്തപുരം > സൗജന്യ ആംബുലൻസ് ശൃംഖല ‘കനിവ്- 108'ന്റെ കേന്ദ്രീകൃത കോൾസെന്റർ മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു. സാങ്കേതിക പരിശീലനം സിദ്ധിച്ച 70 പേരാണ് ടെക്നോപാർക്കിൽ സജ്ജീകരിച്ച മുഴുവൻസമയ കോൾ സെന്ററിലുള്ളത്. 108 എന്ന ടോൾഫ്രീ നമ്പരിലൂടെയും ആൻഡ്രോയിഡ് ആപ്പുവഴിയും സഹായം തേടാം.
സംസ്ഥാനത്ത് എവിടെനിന്ന് വിളിച്ചാലും കേന്ദ്രീകൃത കോൾ സെന്ററിലാണ് സഹായാഭ്യർഥന എത്തുക. ഒരു കോൾപോലും നഷ്ടമാകാതിരിക്കാനും വ്യാജന്മാരെ കണ്ടെത്താനും പ്രത്യേക സംവിധാനമുണ്ട്. ഡ്രൈവറും എമർജൻസി മെഡിക്കൽ ടെക്നീഷനുമുള്ള ആംബുലൻസിൽ ജിപിഎസും മാപ്പിങ് സംവിധാനവും പ്രത്യേക സോഫ്റ്റ്വെയറുള്ള സമാർട്ട് ഫോണുമുണ്ടാകും. കൃത്യമായ അപകടസ്ഥലം കോൾ സെന്ററിൽനിന്ന് ടെക്നീഷ്യനെ അറിയിക്കും. പ്രത്യേക മുൻകരുതൽ വേണമെങ്കിൽ വിളിച്ച ആളും മെഡിക്കൽ ടെക്നീഷ്യനുമായി കോൺഫറൻസ് കോൾ ചെയ്യാനും സംവിധാനമുണ്ട്.
ടെക്നീഷ്യന്റെ കൈവശമുള്ള സ്മാർട്ട് ഫോണിൽ രേഖപ്പെടുത്തുന്ന വിവരങ്ങൾ കോൾ സെന്ററിൽ അപ്പപ്പോൾ ലഭിക്കും. അതിനനുസരിച്ച് ഏത് ആശുപത്രിയിലേക്ക് പോകണമെന്ന് നിർദേശിക്കും. സംശയമുണ്ടെങ്കിൽ കോൾ സെന്റർ ജീവനക്കാർ ടെലി കോൺഫറൻസുവഴി ഡോക്ടറുടെ സഹായം തേടും. രോഗിയെ കൊണ്ടുവരുന്ന ആശുപത്രിക്കും അറിയിപ്പ് നൽകും. അതിനായി ഓരോ ആശുപത്രിയിലും നോഡൽ ഓഫീസറെ നിയമിച്ചു.
രോഗിയുടെ അവസ്ഥ അറിഞ്ഞയുടൻ ആശുപത്രിയിൽ അവശ്യ മുന്നൊരുക്കം നടത്താനാകും. ആവശ്യമായ സൗകര്യങ്ങളില്ലെങ്കിൽ മറ്റ് ആശുപത്രികളിലേക്ക് മാറ്റിവിടാനും കഴിയും. നഗരങ്ങളിൽ പരമാവധി 15 മിനിറ്റിനുള്ളിലും ഗ്രാമങ്ങളിൽ 20 മിനിറ്റിനുള്ളിലും ഇടുക്കി, വയനാട് തുടങ്ങിയ മലയോര ജില്ലകളിൽ പരമാവധി 30 മിനിറ്റിനുള്ളിലും ആംബുലൻസ് എത്തും. ആദ്യഘട്ടത്തിൽ ഏഴ് ജില്ലയിലായി 101 ആംബുലൻസ് 25ന് പ്രവർത്തനം ആരംഭിക്കും. ഒക്ടോബർ അവസാനംമുതൽ പദ്ധതി പൂർണതോതിൽ സജ്ജമാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..