24 May Friday

കല്ലട ബസ്‌ ജീവനക്കാർക്കെതിരെ വധശ്രമത്തിന്‌ കേസ്‌; നാലുപേർ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Apr 23, 2019

കൊച്ചി > യാത്രക്കാരെ ആക്രമിച്ച സംഭവത്തിൽ കല്ലട ബസിലെ ജീവനക്കാർക്കെതിരെ വധശ്രമത്തിന്‌ കേസെടുത്തതു.  ജീവനക്കാര്‍ യാത്രക്കാരെ ആക്രമിച്ചെന്ന്‌ കല്ലട ട്രാവല്‍സ് നിയന്ത്രിക്കുന്നവർ സമ്മതിച്ചിരുന്നു. നാല്‌ ജീവനക്കാരെ അറസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌. വൈറ്റിലയില്‍ വച്ചുണ്ടായ ആക്രമണത്തില്‍ അധികൃതർ ഖേദപ്രകടനം നടത്തി. യാത്രക്കാരെ ആക്രമിച്ച ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തെന്നു കല്ലട ട്രാവൽസ് പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ അറിയിച്ചു.

അന്തർസംസ്ഥാന സർവീസ് നടത്തുന്ന സുരേഷ് കല്ലട ബസ് കമ്പനിയുടെ രണ്ടു ജീവനക്കാരെ തിങ്കളാഴ്ച കൊച്ചിയിൽ അറസ്റ്റ് ചെയ്തിരുന്നു. യാത്രക്കാരെ ബസിൽ മർദിച്ച കേസിൽ കമ്പനിയുടമ സുരേഷ് കുമാറിനെ വിളിച്ചുവരുത്തി താക്കീതു ചെയ്യാനും സംസ്ഥാന പൊലീസ് മേധാവി നിർദേശിച്ചു. ബസ് കൊച്ചി മരട് പൊലീസ് പിടിച്ചെടുത്തു. കേസിൽ കൂടുതൽ പേർ പ്രതികളാകുമെന്നു പൊലീസ് അറിയിച്ചു.
 
അതേസമയം, കല്ലട ബസില്‍ നടന്നത് അതിക്രൂരമായ അക്രമമെന്നു സംഭവം പുറംലോകത്തെ അറിയിച്ച ഡോ. ജേക്കബ് ഫിലിപ് പറഞ്ഞു. യുവാക്കളെ റോഡില്‍ ഓടിച്ചിട്ട് അടിച്ചു‌. തലമുടി വലിച്ച് ബിയര്‍ കുപ്പി കൊണ്ട് അടിക്കാൻ ശ്രമിച്ചതും കണ്ടു. ജീവനക്കാർ തന്നെ ഫോണില്‍ വിളിക്കുകയും ദൃശ്യം ഒഴിവാക്കിയില്ലെങ്കില്‍ നിയമ നടപടിയെടുക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്യതെന്നും അദ്ദേഹം പറഞ്ഞു.
 
കല്ലട ജീവനക്കാരുടെ അതിക്രമത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ബംഗളൂരുവിലെ കല്ലടയുടെ ഓഫിസ് മലയാളികൾ ഉപരോധിച്ചു. വൈക്കത്തെ ബുക്കിങ് ഓഫിസ് എൽഡിഎഫ് പ്രവർത്തകർ പൂട്ടിച്ചു. സമൂഹമാധ്യമങ്ങളിലും പ്രതിഷേധം അലയടിക്കുകയാണ്.

 


പ്രധാന വാർത്തകൾ
 Top