07 June Wednesday

"കക്കുകളി' നാടകത്തിനെതിരായ പ്രതിഷേധം ആർക്കുവേണ്ടി?; രാഷ്‌ട്രീയ നീക്കം തിരിച്ചറിയണമെന്ന്‌ അശോകൻ ചരുവിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 15, 2023

തിരുവനന്തപുരം > "കക്കുകളി' എന്ന നാടകത്തിനെതിരെ ക്രൈസ്‌തവ വിശ്വാസികളുടെ പേരിൽ നടക്കുന്ന പ്രതിഷേധനാടകങ്ങളുടെ പിന്നിലെ രാഷ്‌ട്രീയ നീക്കം തിരിച്ചറിയണമെന്ന്‌ പുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ. പ്രതിഷേധക്കാർക്ക് പിന്തുണയുമായി ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ രംഗത്തുവന്നിട്ടുണ്ട്. ഈ പ്രതിഷേധനാടകത്തിൻ്റെ തിരക്കഥയും സംഭാഷണവും ആരുടേതാണെന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടില്ല - അശോകൻ ചരുവിൽ പറഞ്ഞു.

ഒരു വർഷത്തിലേറെയായി കേരളത്തിൽ പലയിടങ്ങളിലായി അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന നാടകമാണ് 'കക്കുകളി.' ഫ്രാൻസിസ് നെറോണയുടെ ഇതേ പേരിലുള്ള ഒരു കഥയുടെ നാടകാവിഷ്‌ക്കാരമാണ്. കഥ വായിച്ചവരും നാടകം കണ്ടവരും അതിൽ ക്രൈസ്‌തവവിശ്വാസത്തെ വ്രണപ്പെടുത്തുന്ന യാതൊന്നും ഇതുവരെ കണ്ടിട്ടില്ല. ഒരു സുപ്രഭാതത്തിൽ സഭയിൽ പെട്ട ചിലർ നാടകത്തിനെതിരെ രംഗത്തു വരികയാണ്. ഇവരിലാരെങ്കിലും തങ്ങൾ പ്രസ്‌തുത നാടകം കണ്ടതായി ഇതുവരെ പറഞ്ഞിട്ടുമില്ല.

നാടകത്തിലോ സാഹിത്യത്തിലോ തങ്ങൾക്കെതിരായ വാക്കും  വരിയും അന്വേഷിച്ച് പരിഭ്രമിക്കുന്ന പരിതാപകരമായ അവസ്ഥയിലല്ല ഇന്ന് ആഗോള കത്തോലിക്കസഭ എന്നു നമുക്കറിയാം. ഇതര മതവിശ്വാസികളേയും അവിശ്വാസികളേയും ഹൃദയത്തിൽ ചേർത്തു പിടിച്ചു മുന്നേറാനുള്ള വിശ്വാസത്തിൻ്റെ ആത്മബലം അഭിവന്ദ്യനായ ഫ്രാൻസിസ് മാർപ്പാപ്പയുടെ നേതൃത്തത്തിൽ അത് നേടിയെടുത്തിരിക്കുന്നു. എന്നിട്ടും ഏതോ കുട്ടികൾ എവിടെയൊക്കെയോ കളിച്ച ഒരു നാടകത്തെ കേട്ടറിവു വെച്ച് എതിർക്കാൻ ചിലർ മുന്നോട്ടു വന്നത് എന്തുകൊണ്ട്? അതൊരു രാഷ്ട്രീയ കുതന്ത്രമാണ്.

കേരളത്തിൻ്റെ രാഷ്‌ട്രീയ ബലാബലത്തിനിടയിൽ തങ്ങൾക്ക് പ്രവേശിക്കണമെങ്കിൽ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ജനങ്ങളിൽ കുറച്ചു പേരുടെയെങ്കിലും പിന്തുണ വേണമെന്ന് ബിജെപി തിരിച്ചറിഞ്ഞിട്ടുണ്ട്. മുസ്ലീംവിഭാഗത്തെ ശത്രുവാണെന്ന് പ്രഖ്യാപിച്ച് മറുപുറത്ത് നിർത്തിയിരിക്കുന്നതു കൊണ്ട് അതിൽ പ്രതീക്ഷയില്ല. വിവിധ ക്രൈസ്‌തവസഭകൾ തമ്മിലെ തർക്കങ്ങളും സഭകൾക്കകത്തെ തർക്കങ്ങളും മറ്റ് പള്ളിത്തർക്കങ്ങളും സ്വത്തുകേസുകളും അഴിമതിയാരോപണങ്ങളും അന്വേഷണവും ഉപയോഗപ്പെടുത്തി ഒരു ചെറിയ പങ്ക് ക്രൈസ്തവരെയെങ്കിലും വരുതിയിലാക്കാമെന്ന് ബി.ജെ.പി. കരുതുന്നു. അതിനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് കേരളത്തിൻ്റെ അണിയറയിൽ നടക്കുന്നത്. ചാരന്മാരും കങ്കാണിമാരും വിശ്വാസികൾക്കിടയിൽ കടന്നു പ്രവർത്തിക്കുന്നുണ്ട്.

സംഘപരിവാറിന് കേരളത്തിലെ സഭാവിശ്വാസികളുടെ പിന്തുണ നേടിയെടുക്കുക എളുപ്പമല്ല. വിദ്യാഭ്യാസം നൽകി അധസ്ഥിത ഹിന്ദുജനതയെ നവോത്ഥാനത്തിന് പ്രേരിപ്പിച്ചതിൻ്റെ പേരിൽ ക്രൈസ്തവ മിഷണറിമാരെ കുറ്റവിചാരണ ചെയ്‌തതിൻ്റെ ചരിത്രം ഹിന്ദുത്വവാദികൾക്കുണ്ട്. തിരുവതാംകൂറിൽ ക്രിസ്‌ത്യാനികൾ സാമ്പത്തികമായി മേൽക്കൈ നേടുന്നു എന്നു ചൂണ്ടിക്കാണിച്ച് സർ സി പി നടത്തിയ നീക്കമാണ് കേരളത്തിലെ ഹിന്ദു ഏകോപനത്തിൻ്റെയും വർഗ്ഗീയരാഷ്‌ട്രീയത്തിൻ്റേയും തുടക്കം.

മാത്രമല്ല, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രിസ്‌തുമത വിശ്വാസികൾക്കും പള്ളികൾക്കും മഠങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ പൂർവ്വാധികം ശക്തമായി നടക്കുകയാണ്. ഇക്കാര്യം ബോധ്യമുള്ള വിശ്വാസികൾ ബിജെപിയെ ഭയക്കുകയും വെറുക്കുകയും ചെയ്യുന്നു. മലയാളികളായ കന്യാസ്‌ത്രികൾ ആർഎസ്എസിൽ നിന്ന് നേരിടുന്ന ഭീഷണിയും അക്രമണങ്ങളും കേരളത്തിലെ വീട്ടകങ്ങളിൽ നെഞ്ചിടിപ്പോടെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. വിശ്വാസസംരക്ഷണത്തിനു വേണ്ടി നിരവധി സഭകൾ ഒത്തുചേർന്ന് ബിജെപിസർക്കാരിനെതിരെ ഡൽഹിയിൽ പ്രകടനം നടത്തിയത് അടുത്ത കാലത്താണ്.

ആർഎസ്എസ് പോലുള്ള ഒരു മതഭീകര വർഗ്ഗീയ കക്ഷി രാജ്യം ഭരിക്കുമ്പോൾ തങ്ങളുടെ സമാധാന ജീവിതത്തിനുണ്ടാകുന്ന  പ്രതിസന്ധി കഴിഞ്ഞ ഒമ്പതു കൊല്ലത്തെ അനുഭവത്തിൻ്റെ വെളിച്ചത്തിൽ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളും തിരിച്ചറിഞ്ഞിരിക്കുന്നു. ഇന്നു മുസ്ലീമുകളെ തേടി വരുന്നവർ നാളെ ക്രിസ്ത്യാനികളെ തേടി വരും എന്നറിയാൻ സാമാന്യബുദ്ധി മാത്രം മതി. സ്വാഭാവികമായി ബി.ജെ.പി. വിരുദ്ധ മതനിരപേക്ഷ ജനാധിപത്യ ശക്തികളോട് ചേർന്നു നിൽക്കാൻ ന്യൂനപക്ഷ മതവിശ്വാസികൾ താൽപ്പര്യം കാണിക്കും.

ന്യൂനപക്ഷ മതവിശ്വാസികളും മതേതര ജനാധിപത്യ ശക്തികളും തമ്മിലുള്ള ഈ ഐക്യം തകർക്കുന്നതിനുള്ള ഒരു മാർഗ്ഗം എന്ന നിലയിലാണ് കക്കുകളി 'പ്രതിഷേധനാടകം' കൊണ്ടു വന്നിരിക്കുന്നത്. നാടകം നിരോധിക്കണമെന്ന ആവശ്യം ഉയരുമ്പോൾ ആവിഷ്ക്കാരസ്വാതന്ത്ര്യത്തിനു വേണ്ടി എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും രംഗത്തുവരുമല്ലോ. സ്വഭാവികമായും ജനാധിപത്യ മതേതര പ്രസ്ഥാനങ്ങൾ അവർക്കൊപ്പം നിൽക്കും. ഈ സംഘർഷത്ത മൂർച്ഛിപ്പിച്ച് ക്രൈസ്‌തവ വിശ്വാസികളിൽ കുറെ പേരെയെങ്കിലും വശത്താക്കാമെന്നാണ് ബിജെപിയും അവർക്കു വേണ്ടി കങ്കാണിപ്പണി നടത്തുന്നവരും കരുതുന്നത്. 2024 ലെ ലോകസഭാ തെരഞ്ഞെടുപ്പാണ് അവരുടെ ലക്ഷ്യം - അശോകൻ ചരുവിൽ കുറിപ്പിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top