11 December Wednesday

കെ വിജയരാഘവന്‍ പുരസ്‌കാരം ആര്‍ എസ് ബാബുവിന്

വെബ് ഡെസ്‌ക്‌Updated: Monday Jun 10, 2019

തിരുവനന്തപുരം > മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കി വരുന്ന കെ വിജയരാഘവന്‍ പുരസ്‌കാരത്തിന് ഈ വര്‍ഷം പ്രശസ്ത പത്രപ്രവര്‍ത്തകനും കേരള മീഡിയാ അക്കാദമി ചെയര്‍മാനുമായ ആര്‍ എസ് ബാബു അര്‍ഹനായി.

കേരളകൗമുദി മുന്‍ അസോസിയേറ്റ് എഡിറ്ററും പ്രശസ്ത സൈദ്ധാന്തികനുമായിരുന്ന കെ വിജയരാഘവന്റെ സ്മരണാര്‍ത്ഥം കെ.വിജയരാഘവന്‍ സ്മാരക സമിതി ഏര്‍പ്പെടുത്തിയ ഈ പുരസ്‌കാരം 20000 രൂപയും ശില്‍പ്പവും പ്രശംസാ പത്രവും അടങ്ങുന്നതാണ്.കഴിഞ്ഞ ദിവസം ഇവിടെ ചേര്‍ന്ന വിജയരാഘവന്‍ സ്മാരക സമിതി യോഗമാണ് ആര്‍ എസ് ബാബുവിന് പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചതെന്ന് സമിതി പ്രസിഡന്റ് കെ ജി പരമേശ്വരന്‍ നായരും സെക്രട്ടറി വി എസ് രാജേഷും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഈ മാസം ഒടുവില്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ ചേരുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

മികച്ച റിപ്പോര്‍ട്ടിംഗിനുള്ള ശിവറാം അവാര്‍ഡ് രണ്ട് തവണ നേടിയ ബാബുവിന് സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആക്ടിംഗ് ജനറല്‍ സെക്രട്ടറി,കേസരി സ്മാരക ജേര്‍ണലിസ്റ്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.കൊല്ലം കടപ്പാക്കട സ്വദേശിയായ ബാബു പരേതരായ കെ പി രാഘവന്റെയും ഭഗ്‌നിയുടെയും മകനാണ്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരിക്കെ കാറപകടത്തില്‍ മരിച്ച എന്‍ ശ്രീധരന്റെ മകള്‍ പി ഗിരിജയാണ് ഭാര്യ. നിഥിന്‍ ,നീതു എന്നിവര്‍ മക്കളും ഡോ. മിഥു , സുനിത് എന്നിവര്‍ മരുമക്കളുമാണ്.


പ്രധാന വാർത്തകൾ
 Top