26 November Thursday

തീവ്രവർഗീയവാദികളെ ഇളക്കി നാടാകെ മഹാമാരി പടർത്താനുള്ള രാഷ്‌ട്രീയകുതന്ത്രം വിശ്വാസികൾ തിരിച്ചറിയണം : കെ ടി ജലീൽ

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020

മലപ്പുറം > തീവ്രവർഗീയ മനസ്സുകാരെ ഇളക്കിവിട്ട് മഹാമാരി നാടാകെ പടർത്തി നിരവധിപേരെ കൊലക്ക് കൊടുക്കാനുള്ള രാഷ്ട്രീയകുതന്ത്രം വിശ്വാസികൾ തിരിച്ചറിയണമെന്ന്‌ മന്ത്രി കെ ടി ജലീൽ. ചെറിയപെരുന്നാളിന്  ഇളവുകൾ അനുവദിച്ചതിന്‌ സംഘപരിവാരം സർക്കാരിനെതിരെ കുപ്രചരണങ്ങൾ നടത്തുമ്പോൾ പെരുന്നാൾ നമസ്കാരത്തിന് അനുമതി നൽകാത്തതിനെതിരെ രാഷ്‌ട്രീയംതിമിരം ബാധിച്ചവരെ ഉപയോഗിച്ച്‌ മറ്റൊരുകൂട്ടർ കുപ്രചരണം നടത്തുകയാണ്‌. കോവിഡ്‌  വ്യാപനം തടയുന്നതിന്‌ ലോകമെങ്ങും ആരാധനാലയങ്ങൾ അടച്ചിട്ടിരിക്കുകയാണ്. ഇന്ത്യയും അതിൽനിന്ന് ഭിന്നമല്ല. കേരളത്തിൽ ഇത്തരമൊരു തീരുമാനം എടുത്തത് എല്ലാ മത,സമുദായ നേതാക്കളുമായും ചർച്ചനടത്തിയാണ്‌.

മുസ്ലിം പണ്ഡിതന്മാരും മുഖ്യമന്ത്രിയും നേരിട്ട് ഇsനിലക്കാരില്ലാതെ ചർച്ച നടത്തി എടുത്ത തീരുമാനങ്ങളിൽ 'ചിലർ' കടുത്ത അതൃപ്തിയിലാണ്.  വീഡിയോ കോൺഫറൻസിലൂടെയാണ്‌ പെരുന്നാൾ ആഘോഷത്തിൽ വരുത്തേണ്ട നിയന്ത്രണങ്ങളെക്കുറിച്ച്‌  വിശദമായ ആ ചർച്ചകൾ നടത്തിയത്.  രോഗവ്യാപനം വർധിച്ച സാഹചര്യത്തിൽ നിലവിലെസ്ഥിതി കുറച്ചു കാലത്തേക്കുകൂടി തുടരണമെന്നാണ് ചർച്ചയിൽ പൊതുവായി ഉയർന്ന വികാരം. അവയെല്ലാം പരിഗണിച്ചാണ്  ഭാവികാര്യങ്ങൾ സ്ഥിതിഗതികൾ വിലയിരുത്തി ചർച്ചചെയ്ത് തീരുമാനിക്കാമെന്ന് ഉറപ്പുനൽകി മുഖ്യമന്ത്രി വെബിനാർ അവസാനിപ്പിച്ചത്.  ‘അടിച്ചേൽപ്പിക്കലിന്റെ ഒരുരീതിയും ആരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് വീഡിയോ കോൺഫറൻസിൽ പങ്കെടുത്ത ഏത് നേതാക്കളോട് ചോദിച്ചാലും മനസ്സിലാക്കാനാകും. സത്യം ഇതായിരിക്കെ വസ്തുതാ വിരുദ്ധമായ പ്രചരണം നടത്തുന്നത് സമുദായത്തിനകത്തെ ഛിദ്രശക്തികളെയും പുഴുക്കുത്തുകളെയും പ്രോൽസാഹിപ്പിക്കാനേ ഉപകരിക്കുകയുള്ളു.’

വാഹന ഓട്ടവും കടകൾ തുറക്കലും ഉണ്ടായിട്ടും സൗദ്യ അറേബ്യ ഉൾപ്പടെയുള്ള ഗൾഫ് നാടുകളിലൊന്നും മസ്ജിദുകൾ പ്രാർത്ഥനക്കായി  ഇതുവരെയും തുറന്നുകൊടുത്തിട്ടില്ല. വത്തിക്കാനിൽ മാർപ്പാപ്പ മാത്രം പങ്കെടുത്ത ഈസ്റ്റർ ചടങ്ങ് നാം കണ്ടതാണ്. ശബരിമലയും ഗുരുവായൂരുമുൾപ്പടെ ഹൈന്ദവ ക്ഷേത്രങ്ങളെല്ലാം രാജ്യത്ത് അടഞ്ഞ് കിടക്കുകയാണ്. ഇന്ത്യയിലെ എല്ലാ മതസമുദായങ്ങളുടെ ആരാധനാലയങ്ങളും കേന്ദ്രസർക്കാരിന്റെ കർശന നിർദ്ദേശത്താൽ അടച്ചിട്ടിരിക്കുകയാണ്. വസ്തുതകൾ ഇതായിരിക്കെ തെറ്റായ പ്രചരണം നടത്തുന്നത് മഹാമാരിയോടൊപ്പം മഹാവർഗ്ഗീയതയേയും കെട്ടഴിച്ചു വിടാൻ ലക്ഷ്യമിട്ടാണ്. ഇതിനെതിരെ എല്ലാ വിഭാഗം ജനങ്ങളും ജാഗ്രത പുലർത്തണം–- മന്ത്രി ഫേസ്‌ ബുക്കിൽ കുറിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top