21 April Sunday

ജലീലിനെതിരായ ആരോപണം: വ്യക്തിഹത്യ ലീഗിന്റെ രാഷ്ട്രീയതന്ത്രം

കെ ശ്രീകണ‌്ഠൻUpdated: Sunday Nov 11, 2018കഴമ്പില്ലാത്ത ആരോപണങ്ങൾ ഉയർത്തി മന്ത്രി കെ ടി ജലീലിനെ വേട്ടയാടുന്നതിനുപിന്നിൽ മുസ്ലിംലീഗിന്റെ രാഷ്ട്രീയതന്ത്രം. മലപ്പുറത്തെ ലീഗ‌് വിരുദ്ധ രാഷ്ട്രീയത്തിന്റെ കുന്തമുനയായ ജലീലിനെ വ്യക്തിഹത്യയിലൂടെ നേരിടുകയാണ‌് ഇല്ലാക്കഥകൾക്കുപിന്നിലെ ലക്ഷ്യം. മലപ്പുറം, വേങ്ങര ഉപതെരഞ്ഞെടുപ്പുകളിലെ മുസ്ലിംലീഗിന്റെ വോട്ടുചോർച്ചയും എൽഡിഎഫിന് വോട്ട‌് വർധിച്ചതുമാണ‌് ലോക‌്സഭാ തെരഞ്ഞെടുപ്പ‌് അടുത്ത ഘട്ടത്തിൽ ലീഗിനെയും യുഡിഎഫിനെയും ഭയപ്പെടുത്തുന്നത‌്.

2017 ഏപ്രിലിൽ നടന്ന മലപ്പുറം ലോക‌്സഭാ ഉപതെരഞ്ഞെടുപ്പിൽ പി കെ കുഞ്ഞാലിക്കുട്ടിയെ ലീഗ‌് രംഗത്തിറക്കിയിട്ടും എൽഡിഎഫിന‌് ഒരു ലക്ഷത്തിൽപ്പരം വോട്ടാണ‌് കൂടിയത‌്. തൊട്ടുപിന്നാലെ നടന്ന വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ലീഗ‌് സ്ഥാനാർഥി കെ എൻ എ ഖാദർ വിജയിച്ചെങ്കിലും 14,747 വോട്ട‌് കുറഞ്ഞു. ഇതെല്ലാം ലീഗിന്റെ കണ്ണിലെ കരടായ ജലീലിനോടുള്ള വൈരാഗ്യം  കൂട്ടിയതേയുള്ളൂ. നിനച്ചിരിക്കാതെ വന്നുപെട്ട മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ‌് ഇതിന‌് ആക്കം കൂട്ടി. ജലീലിനെ നോട്ടമിടുന്നതിലൂടെ ഇടതുമുന്നേറ്റം തടയാമെന്ന കണക്കുകൂട്ടലിലാണ‌് ലീഗ‌്. 

ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷനിൽ യുഡിഎഫ‌് ഭരണകാലത്ത‌് സഹകരണസംഘം ജീവനക്കാരനെ മാനേജിങ‌് ഡയറക്ടറായാണ‌് നിയമിച്ചത‌്. ബാങ്കിങ‌് രംഗത്ത‌് ഒരു ദശാബ്ദത്തിലേറെ പ്രവൃത്തിപരിചയമുള്ള ഉദ്യോഗസ്ഥനെയാണ‌് ഇപ്പോൾ ഡെപ്യൂട്ടേഷനിൽ ഒരുവർഷത്തേക്ക‌് ജനറൽ മാനേജർ സ്ഥാനത്ത‌് നിയമിച്ചത‌്. ഇദ്ദേഹം മന്ത്രി ജലീലിന്റെ ബന്ധുവായിപ്പോയി എന്നതാണ‌് ഇപ്പോൾ അയോഗ്യതയായി ഉയർത്തിക്കാട്ടുന്നത‌്.
മന്ത്രി ജലീലിന്റെ ഭാര്യ എൻ പി ഫാത്തിമക്കുട്ടി എയ‌്ഡഡ‌് സ്ഥാപനമായ വളാഞ്ചേരി  ഹയർ സെക്കൻഡറി സ‌്കൂളിൽ പ്രിൻസിപ്പലായി ചുമതലയേറ്റത‌് 2016 മെയ‌് രണ്ടിനാണ‌്. അന്ന‌് യുഡിഎഫ‌് സർക്കാരായിരുന്നു. കെ ടി ജലീൽ മന്ത്രിയായതാകട്ടെ മെയ‌് 25നും. ഈ സ‌്കൂൾ യുഡിഎഫ‌് നിയന്ത്രണത്തിലുള്ള മാനേജ‌്മെന്റിന‌് കീഴിലാണ‌്.

1992ൽ ഇതേ സ‌്കൂളിൽ എച്ച‌്എസ‌്എയായി ജോലിയിൽ പ്രവേശിച്ച ഫാത്തിമക്കുട്ടി 98ൽ സ‌്കൂൾ ഹയർ സെക്കൻഡറിയായി ഉയർത്തിയപ്പോൾ യോഗ്യതയുടെ അടിസ്ഥാനത്തിൽ അങ്ങോട്ടുമാറി. എച്ച‌്എസ‌്എ എന്ന നിലയ‌്ക്കുള്ള സർവീസ‌് കൂടി പരിഗണിച്ചാണ‌് യുഡി‌എഫ‌് മാനേജ‌്മെന്റ‌് പ്രിൻസിപ്പലായി സ്ഥാനക്കയറ്റം നൽകിയത‌്. മുസ്ലിംലീഗ‌് കോട്ടയ‌്ക്കൽ മണ്ഡലം പ്രസിഡന്റ‌് സി എച്ച‌് അബുയൂസഫ‌് ഗുരുക്കൾ ആണ‌് സ‌്കൂൾ മാനേജർ. യുഡിഎഫ‌് മാനേജ‌്മെന്റ‌് സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ നൽകിയ സ്ഥാനക്കയറ്റവും ഇപ്പോൾ മന്ത്രി ജലീലിനെതിരെ ആയുധമാക്കുകയാണ‌്.

ബംഗളൂരു ആസ്ഥാനമായ ജെയ‌്ൻ യൂണിവേഴ‌്സിറ്റിക്ക‌് ഓഫ‌് ക്യാമ്പസ‌് കൊച്ചിയിൽ തുറക്കാൻ സഹായം നൽകിയെന്നാണ‌് ജലീലിനെതിരെ കെ എൻ എ ഖാദർ ഉയർത്തിയ ആക്ഷേപം. ജെയ‌്ൻ യൂണിവേഴ‌്സിറ്റിക്ക‌് കേരളത്തിലെ ഒരു സർവകലാശാലയുടെയും അംഗീകാരമില്ല. മാത്രവുമല്ല യുജിസിയും അംഗീകാരം നൽകിയിട്ടില്ല.

കിലയിലെ താൽക്കാലിക നിയമനത്തിൽ മന്ത്രി ഇടപെട്ടുവെന്ന ആരോപണമാണ‌് കോൺഗ്രസ‌് എംഎൽഎയായ അനിൽ അക്കരെയുടേത‌്. കില ഡയറക്ടറാണ‌് അവിടത്തെ നിയമനങ്ങളുടെ അധികാരി. അവിടത്തെ എംഎൽഎകൂടിയായ അനിൽ അക്കരെ ഇക്കാര്യം അറിയാതെയല്ല ആരോപണമുന്നയിച്ചത‌്. പാലക്കാട്ടെ എലപ്പുള്ളി പഞ്ചായത്തിലെ ഒരു ക്ലർക്കിനെ സർവീസിൽ തിരിച്ചെടുത്തത‌് സംബന്ധിച്ച ആരോപണത്തിന‌് അവിടെ പോയി അന്വേഷിച്ചാൽ യാഥാർഥ്യം ബോധ്യപ്പെടുമെന്ന മറുപടിയാണ‌് ജലീൽ നൽകിയത‌്.


പ്രധാന വാർത്തകൾ
 Top