19 June Saturday
കൂടുതൽ പരിശോധന നടത്തിയാകും നേതൃമാറ്റമടക്കം നടപ്പാക്കുക

സുരേന്ദ്രന്‌ ശാസന , അമിത്‌ ഷായെ കാണാൻ അനുമതി നിഷേധിച്ചു ; പ്രകാശ്‌ ജാവദേക്കറും കൂടിക്കാഴ്‌ചയ്‌ക്ക്‌ വിസമ്മതിച്ചു

എം പ്രശാന്ത്‌Updated: Friday Jun 11, 2021

-
ന്യൂഡൽഹി
ദയനീയമായ തെരഞ്ഞെടുപ്പ്‌ തോൽവിക്ക്‌ പിന്നാലെ ബിജെപിക്ക്‌ നാണക്കേടായ കുഴൽപ്പണ–- കള്ളപ്പണ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‌ കേന്ദ്ര നേതൃത്വത്തിന്റെ ശാസന. ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയാണ്‌ വ്യാഴാഴ്‌ച സുരേന്ദ്രനെ ഡൽഹിയിലെ വസതിയിൽ വിളിച്ചുവരുത്തി ശാസിച്ചത്‌. കേന്ദ്ര സഹമന്ത്രി വി മുരളീധരനും ഒപ്പമുണ്ടായിരുന്നു. ആഭ്യന്തരമന്ത്രി അമിത്‌ ഷായെ നേരിൽ കണ്ട്‌ വിശദീകരണം നൽകാനുള്ള സുരേന്ദ്രന്റെ നീക്കവും പരാജയപ്പെട്ടു. അമിത്‌ ഷായെ കാണാൻ അനുമതി തേടിയെങ്കിലും നിരാകരിക്കപ്പെട്ടു. വനം–-പരിസ്ഥിതി മന്ത്രി പ്രകാശ്‌ ജാവദേക്കറും കൂടിക്കാഴ്‌ചയ്‌ക്ക്‌ വിസമ്മതിച്ചു.

തെരഞ്ഞെടുപ്പ്‌ തോൽവിയേക്കാൾ കുഴൽപ്പണ–- കള്ളപ്പണ വിവാദമാണ്‌ കേന്ദ്ര നേതൃത്വത്തെ ചൊടിപ്പിച്ചത്‌. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും വിവാദങ്ങളിൽ ക്ഷുഭിതരാണെന്ന്‌ നഡ്ഡ വ്യക്തമാക്കി. കേന്ദ്ര നേതൃത്വം നൽകിയ തെരഞ്ഞെടുപ്പ്‌ ഫണ്ട്‌ സംസ്ഥാന നേതൃത്വത്തിൽ ഒരു വിഭാഗം അടിച്ചുമാറ്റിയെന്ന ഉറച്ചവിശ്വാസത്തിലാണ്‌ നഡ്ഡയടക്കമുള്ള നേതാക്കൾ. ഇത്‌ വ്യക്തമാക്കുന്ന തെളിവുകൾ സുരേന്ദ്രന്‌ മുമ്പാകെ നിരത്തി. സുരേന്ദ്രൻ–- മുരളീധരൻ കൂട്ടുക്കെട്ടിന്റെ തെരഞ്ഞെടുപ്പ്‌ ഫണ്ട്‌ തട്ടിക്കൽ അടക്കം, ക്രമക്കേടുകൾക്കെതിരായി സംസ്ഥാനത്തുനിന്ന്‌ ലഭിച്ച നാൽപ്പതോളം പരാതി മുന്നിൽവച്ചായിരുന്നു നഡ്ഡയുടെ ചോദ്യംചെയ്യൽ. ഇ ശ്രീധരൻ, ജേക്കബ്‌ തോമസ്‌, സി വി ആനന്ദബോസ്‌ എന്നിവർ നൽകിയ ഇടക്കാല റിപ്പോർട്ടിലെ വിവരങ്ങളും അക്കമിട്ട്‌ നിരത്തി. സി കെ ജാനുവിന്‌ 10 ലക്ഷം, കെ സുന്ദരയ്‌ക്ക്‌ രണ്ടര ലക്ഷം തുടങ്ങിയ വിവാദങ്ങളും ദേശീയ അധ്യക്ഷൻ ഉയർത്തി. ഒരു വിഷയത്തിലും തൃപ്‌തികരമായ വിശദീകരണം സുരേന്ദ്രനുണ്ടായില്ലെന്നാണ്‌ പാർടി വൃത്തങ്ങളിൽ നിന്നുള്ള സൂചന.

വിവാദങ്ങളിൽ കൂടുതൽ പരിശോധന നടത്തിയ ശേഷമാകും നേതൃമാറ്റമടക്കമുള്ള കാര്യങ്ങളിലേക്ക്‌  കേന്ദ്രനേതൃത്വം നീങ്ങുക. യുപി, ബംഗാൾ, കർണാടക എന്നിവിടങ്ങളിലെ സംഘടനാപ്രശ്‌നങ്ങൾ പരിഹരിക്കാനാണ്‌ ദേശീയ നേതൃത്വം മുൻഗണന നൽകുന്നത്‌.

സുരേന്ദ്രനെ വിലക്കി അമിത്‌ ഷാ
കുഴൽപ്പണ വിവാദം അടക്കമുള്ള വിഷയങ്ങളിൽ ആഭ്യന്തരമന്ത്രി അമിത്‌ ഷായെ നേരിൽ കണ്ട്‌ വിശദീകരണം നൽകാനുള്ള ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ നീക്കം പരാജയപ്പെട്ടു. അമിത്‌ ഷായെ കാണാൻ സുരേന്ദ്രൻ അനുമതി തേടിയെങ്കിലും നിരാകരിക്കപ്പെട്ടു. വനം–-പരിസ്ഥിതി മന്ത്രി പ്രകാശ്‌ ജാവദേക്കറും കൂടിക്കാഴ്‌ചയ്‌ക്ക്‌ വിസമ്മതിച്ചു.

കുഴൽപ്പണ വിവാദത്തെ തുടർന്ന്‌ ദേശീയ നേതൃത്വം വിളിപ്പിച്ച സുരേന്ദ്രൻ ചൊവ്വാഴ്‌ച രാത്രിയാണ്‌ ഡൽഹിയിൽ എത്തിയത്‌. ബുധനാഴ്‌ച പൂർണമായും മാധ്യമങ്ങൾക്കടക്കം മുഖംനൽകാതെ സഹമന്ത്രി വി മുരളീധരന്റെ ഔദ്യോഗിക വസതിയിൽ കഴിഞ്ഞുകൂടി. ഇതോടൊപ്പം നേതൃത്വം വിളിപ്പിച്ചതുകൊണ്ടല്ല വന്നതെന്നും മരംമുറി കേസ്‌ കേന്ദ്ര വനം–-പരിസ്ഥിതി മന്ത്രി പ്രകാശ്‌ ജാവദേക്കറിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനാണെന്നും പ്രചരിപ്പിക്കുകയും ചെയ്‌തു. എന്നാൽ ജാവദേക്കർ കൂടിക്കാഴ്‌ചയ്‌ക്ക്‌ അനുമതി നിഷേധിച്ചതോടെ ഈ പ്രചാരണം പാളി. തുടർന്ന്‌ മന്ത്രി വി മുരളീധരൻ മാത്രമായി ജാവദേക്കറെ കണ്ടു. മരംമുറി വിഷയത്തിൽ വനം മന്ത്രാലയം റിപ്പോർട്ട്‌ തേടിയിട്ടുണ്ടെന്ന്‌ മുരളീധരൻ പിന്നീട്‌ മാധ്യമങ്ങളോട്‌ പറഞ്ഞു.

അമിത്‌ ഷായുമായി കൂടിക്കാഴ്‌ചയ്‌ക്ക്‌ ബുധനാഴ്‌ചയാണ്‌  സുരേന്ദ്രൻ അനുമതി തേടിയത്‌. എന്നാൽ കുഴൽപ്പണം പുറത്തായതിലും മറ്റും കടുത്ത അതൃപ്‌തിയുള്ള ഷാ കൂടിക്കാഴ്‌ചയ്‌ക്ക്‌ താൽപ്പര്യപ്പെട്ടില്ല. മാത്രമല്ല ഷാ അടക്കം ബിജെപി കേന്ദ്രനേതൃത്വം കുഴൽപ്പണ വിവാദത്തിന്റെ വിവിധ വശങ്ങൾ പരിശോധിച്ചു വരികയുമാണ്‌. അന്വേഷണം കേന്ദ്ര നേതൃത്വത്തിലേക്ക്‌ എത്താതിരിക്കാനും നീക്കങ്ങൾ സജീവമാണ്‌.

അതേസമയം, കുഴൽപ്പണ വിവാദം അടക്കമുള്ള വിഷയങ്ങളിൽ ദേശീയ നേതൃത്വം പൂർണ പിന്തുണ നൽകിയെന്ന പ്രചാരണമാണ്‌ സുരേന്ദ്രൻ–- മുരളീധരൻ ക്യാമ്പ്‌ നടത്തുന്നത്‌. കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെതിരായി ആഞ്ഞടിക്കാൻ കേന്ദ്ര നേതൃത്വം നിർദേശം നൽകിയെന്നാണ്‌ അവകാശവാദം. ദേശീയ നേതൃത്വം എല്ലാ പിന്തുണയും നൽകിയതായി നഡ്ഡയെ കണ്ട ശേഷം സുരേന്ദ്രൻ മാധ്യമങ്ങളോട്‌ പറഞ്ഞു. വെള്ളിയാഴ്‌ച സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷിനെ സുരേന്ദ്രൻ കാണും.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top