20 April Tuesday
സ്ഥാനാർഥിയാക്കിയാലും പ്രസിഡന്റ്‌ സ്ഥാനം 
ഒഴിയില്ലെന്ന്‌ മുല്ലപ്പള്ളി

സുധാകരന്റെ ഭീഷണി 
; മുല്ലപ്പള്ളി തെറിക്കും ; പ്രസിഡന്റ്‌ പദവി 
രാജിവയ്‌പിക്കാൻ‌ ഹൈക്കമാൻഡ്‌ സമ്മർദം

പ്രത്യേക ലേഖകൻUpdated: Saturday Feb 27, 2021


തിരുവനന്തപുരം
കെപിസിസി പ്രസിഡന്റ്‌ സ്ഥാനം നൽകിയില്ലെങ്കിൽ ബിജെപിയിൽ ചേരുമെന്ന‌ കെ സുധാകരന്റെ ഭീഷണിയിൽ മുല്ലപ്പള്ളി പുറത്തേക്ക്‌. ഉമ്മൻചാണ്ടിയും ചെന്നിത്തലയും പിന്തുണയ്‌ക്കാത്തതും മുല്ലപ്പള്ളിക്ക്‌ തിരിച്ചടിയായി‌. നിയമസഭാ സ്ഥാനാർഥിയാക്കി, മുല്ലപ്പള്ളി രാമചന്ദ്രനെ പ്രസിഡന്റ്‌ സ്ഥാനത്തുനിന്നും നീക്കാൻ ഹൈക്കമാൻഡ്‌ സമ്മർദം തുടങ്ങി. എന്നാൽ സ്ഥാനാർഥിയാക്കിയാലും പ്രസിഡന്റ്‌ സ്ഥാനം ഒഴിയില്ലെന്ന നിലപാടിലാണ്‌ മുല്ലപ്പള്ളി. സ്ഥാനം ഒഴിയാതെ രമേശ്‌ ചെന്നിത്തല മത്സരിച്ച കീഴ്‌വഴക്കം തനിക്കും ബാധകമെന്നാണ്‌ മുല്ലപ്പള്ളിയുടെ വാദം. 

എഐസിസി ജനറൽ സെക്രട്ടറി താരിഖ്‌ അൻവറുമായി തിരുവനന്തപുരത്ത്‌ നടത്തിയ  ചർച്ചയിലാണ്‌ വർക്കിങ്‌ പ്രസിഡന്റായ കെ സുധാകരൻ പ്രസിഡന്റ്‌ സ്ഥാനം ആവശ്യപ്പെട്ടത്‌. വഴങ്ങിയില്ലെങ്കിൽ തെരഞ്ഞെടുപ്പ്‌ സമയത്ത്‌ തന്നെ ബിജെപിയിലേക്ക്‌ പോകാനും മടിക്കില്ലെന്ന്‌ മുന്നറിയിപ്പും നൽകി.  ഉമ്മൻചാണ്ടി, രമേശ്‌ ചെന്നിത്തല എന്നിവരുമായി താരിഖ്‌ അൻവർ ഇക്കാര്യം ചർച്ചചെയ്‌തു. ഹൈക്കമാൻഡ്‌  തീരുമാനമെടുക്കട്ടെയെന്നു പറഞ്ഞ്‌ ‌ ഇരുവരും കൈയൊഴിഞ്ഞു.

മുല്ലപ്പള്ളിയെ മാറ്റുന്നതിനോട്‌ ഉമ്മൻചാണ്ടിക്കും രമേശ്‌ ചെന്നിത്തലയ്‌ക്കും എതിർപ്പില്ല. പക്ഷേ, കെ സുധാകരനോട്‌ ഇരുവർക്കും താൽപ്പര്യമില്ല; ഉള്ളിൽ കടുത്ത നീരസവുമുണ്ട്‌. എങ്കിലും സുധാകരന്റെ ഭീഷണി നിർണായകസമയത്ത്‌ അവഗണിക്കാനും ഭയമാണ്‌. തെരഞ്ഞെടുപ്പ്‌ കഴിയുംവരെ തീരുമാനം നീട്ടിവയ്‌ക്കാമെന്ന്‌ അറിയിച്ചെങ്കിലും സുധാകരൻ വഴങ്ങിയിട്ടില്ല.

അവഗണിച്ചൊതുക്കാനും 
നീക്കം
തെരഞ്ഞെടുപ്പ്‌ സമിതിയിലുണ്ടെങ്കിലും പല കാര്യങ്ങളിലും തീരുമാനം എടുക്കുമ്പോൾ മുല്ലപ്പള്ളിയെ അവഗണിക്കുകയാണ്‌‌. സ്ഥാനാർഥി നിർണയം സംബന്ധിച്ച്‌ കൂടിയാലോചനയ്‌ക്കുപോലും ഉമ്മൻചാണ്ടിയും ചെന്നിത്തലയും തയ്യാറായിട്ടില്ല. അവഗണിച്ച്‌ ഒഴിവാക്കാനാണ്‌‌ ഉമ്മൻചാണ്ടിയും ചെന്നിത്തലയും ശ്രമിക്കുന്നതെന്ന്‌ മുല്ലപ്പള്ളിക്ക്‌‌ ബോധ്യമായിട്ടുണ്ട്‌. സംസ്ഥാനത്ത്‌ തമ്പടിച്ച എഐസിസി പ്രതിനിധികൾ ഇക്കാര്യം ഗൗനിക്കുന്നില്ലെന്ന പരാതിയുമുണ്ട്‌. 

സുധാകരനെ ബിജെപി 
മുമ്പേ നോക്കിവച്ചു
ബിജെപി വർഷങ്ങൾക്ക്‌ മുമ്പേ നോക്കിവച്ച നേതാവാണ്‌ കെ സുധാകരൻ. അമിത്‌ ഷാ തന്നെ പ്രത്യേകദൂതനെ അയച്ച്‌ കാണാനും താൽപര്യപ്പെട്ടു. ഇക്കാര്യം സുധാകരൻ തന്നെ രണ്ടുവർഷം മുമ്പ്‌ വെളിപ്പെടുത്തി. അക്കാര്യം വിവാദമായപ്പോൾ സുധാകരൻ പ്രതികരിച്ചതിങ്ങനെ: ‘‘ബിജെപിയിലേക്ക്‌ പോകണമെന്ന്‌ വിചാരിച്ചാൽ പോകും. അതിന്‌ ആരുടെയും അനുവാദം വാങ്ങേണ്ടതില്ല’’
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top