18 August Sunday

കെ സുധാകരന്റെ തെരഞ്ഞെടുപ്പ്‌ വീഡിയോ സ്‌ത്രീത്വത്തെ അപമാനിക്കുന്നത്‌ :വനിതാ കമ്മീഷൻ കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Wednesday Apr 17, 2019

കൊച്ചി> കണ്ണൂരിലെ  യുഡിഎഫ്‌ സ്‌ഥാനാർത്ഥി കെ സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോക്കെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് വീഡിയോ എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി.

കഴിഞ്ഞ ദിവസമാണ്  തെരഞ്ഞെടുപ്പ് പ്രചരണത്തിന് സ്ത്രീവിരുദ്ധത നിറഞ്ഞ പരസ്യചിത്രവുമായി കെ സുധാകരൻ രംഗത്തെത്തിയത്. സ്ത്രീകള്‍ പോയാല്‍ ഒന്നും നടക്കില്ലെന്നും കാര്യം നടക്കണമെങ്കില്‍ ആണ്‍കുട്ടി പോകണമെന്നും പരസ്യത്തിൽ പറയുന്നു. ഓളെ പഠിപ്പിച്ച്‌ ടീച്ചറാക്കിയിട്ട്‌ കാര്യമുണ്ടായില്ല എന്നും പരസ്യത്തിലുണ്ട്‌.

പരസ്യ ചിത്രത്തിലെ ഡയലോഗായ ‘ഓളെ പഠിപ്പിച്ച് ടീച്ചര്‍ ആക്കിയത് വെറുതെയായി’ എന്ന ക്യാപ്ഷനോടെയാണ് കെ. സുധാകരന്‍ ഈ വീഡിയോ അദ്ദേഹത്തിന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

എൽഡിഎഫ‌് സ്ഥനാർഥികൂടിയായ കണ്ണൂർ എംപി പി കെ ശ്രീമതിയെ ലക്ഷ്യം വച്ചാണ‌് പരസ്യചിത്രം തയ്യാറാക്കിയത‌്.ഓള് പോയി സംസാരിച്ചിട്ട് കാര്യം നടക്കൂല രാമാ, ഒരുവട്ടം പോയതല്ലേ, ആടപ്പോയിട്ട് ഓള് പറഞ്ഞത് ഓക്കും മനസിലായില്ല. അതാണെങ്കില്‍ ഓക്കൊട്ട് പിടീല്ല. ഓള പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി’ എന്നാണ് പരാമർശം. ‘ഇനി ഓൻ പോകട്ടെ. ഓൻ ആൺകുട്ടിയാ. പോയാ കാര്യം സാധിച്ചിട്ടേ വരൂ’ എന്നും പറയുന്നു.

സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ തെരഞ്ഞെടുപ്പു കമീഷനും പൊലീസിലും പരാതി നൽകിയിട്ടുണ്ട്‌. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടങ്ങളുടെയും ജനപ്രാതിനിധ്യ നിയമത്തിന്റെയും ലംഘനത്തിനൊപ്പം സ‌്ത്രീത്വത്തെ അപമാനിക്കൽ ശിക്ഷാർഹമായ കുറ്റമാണെന്നും സുധാകരനെതിരെ കർശന നടപടിയുണ്ടാകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. വിവിധ വനിതാ സംഘടനകളും നിയമനടപടിയുമായി മുന്നോട്ടുവന്നു.


പ്രധാന വാർത്തകൾ
 Top