29 July Thursday

പിണറായിയെ അടിച്ചുവെന്നത്‌ അസത്യം; സുധാകരൻ മാപ്പ്‌ പറയണമെന്ന്‌ ഫ്രാൻസിസിന്റെ കുടുംബം

സ്വന്തം ലേഖകൻUpdated: Saturday Jun 19, 2021

കോഴിക്കോട്‌ > അച്ഛനെ അക്രമിയായി ചിത്രീകരിച്ച കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനെതിരെ നിയമ നടപടിസ്വീകരിക്കുമെന്ന്‌ മകൻ ജോബി ഫ്രാൻസിസ്‌. ബ്രണ്ണൻ കോളേജിലെ പഠനകാലത്ത്‌ എസ്‌എഫ്‌ഐ സമരം പൊളിക്കാനുള്ള ശ്രമത്തിനിടെ  മുഖ്യമന്ത്രി പിണറായിവിജയനെ ചവിട്ടിവീഴ്‌ത്തി എന്ന അവകാശവാദവുമായുള്ള അഭിമുഖത്തിലാണ്‌ ഫ്രാൻസിസിനെ അക്രമിയായി ചിത്രീകരിക്കുന്നത്‌.  ‘‘മറ്റൊരിക്കൽ ഫ്രാൻസിസ്‌ എന്ന കെഎസ്‌യു പ്രവർത്തകൻ കേളേജ്‌ വളപ്പിൽ പ്രസംഗിച്ച്‌ കൊണ്ടിരുന്ന പിണറായി വിജയനെ മൈക്കെടുത്ത്‌ ഒറ്റയടി. ഒഴിഞ്ഞുമാറിയില്ലെങ്കിൽ  പിണറായിയുടെ തല പിളർന്ന്‌ പോകുമായിരുന്നു. അന്ന്‌ കത്തിയുമായിട്ടാണ്‌ ഫ്രാൻസിസിന്റെ നടപ്പ്‌'.

സുധകരൻ ഇത്തരത്തിലാണ്‌ ഫ്രാൻസിസിനെ അക്രമകാരിയായി ചിത്രീകരിക്കുന്നത്‌. ഇതിനെതിരെയാണ്‌ മകൻ കൂരാച്ചുണ്ട്‌ സ്വദേശി ജോബി ഫ്രാൻസിസ്‌ രംഗത്ത്‌ വന്നത്‌. എപ്പോഴും കത്തിയുമായി നടക്കുന്ന  വഴക്കാളിയായി പിതാവിനെ ചിത്രീകരിച്ചത്‌ തെറ്റായി  എന്ന്‌ സമ്മതിച്ച്‌ പരസ്യമായി മാപ്പ്‌ പറയണം ഇല്ലെങ്കിൽ നിയമ നടപടി സ്വീകരിക്കും.

അച്ഛൻ  ദേഗിരിയിലെ പ്രീഡിഗ്രി പഠനം കഴിഞ്ഞാണ്‌  തലശേരി ബ്രണ്ണൻ കോളേജിലെത്തുന്നത്‌.  പഠനകാലത്ത്‌ കെഎസ്‌യു പ്രവർത്തകനായിരുന്നു. അദ്ദേഹത്തിന്റെ സീനിയറായിരുന്നു പിണറായി വിജയൻ. എ കെ ബാലൻ,  രാമചന്ദ്രൻ കടന്നപ്പള്ളി എന്നവരോടൊപ്പം ഹോസ്‌റ്റലിൽ  ഒരുമുറിയിലായിരുന്നു താമസം. ഈ സൗഹൃദവും ബന്ധവും അച്ഛൻ  മരിക്കുംവരെ തുടർന്നു. കൂരാച്ചുണ്ടിലും പരിസരത്തും പൊതുപരിപാടികളിൽ പങ്കെടുക്കാൻ പിണറായി വിജയൻ എത്തിയാൽ അച്ഛനോട്‌ സൗഹൃദം പങ്കിടാതെ മടങ്ങാറില്ലായിരുന്നു.  കാമ്പസ്‌ രാഷ്‌ട്രീയ പ്രവർത്തിനിടെയ്‌ക്ക്‌ ചെറിയ പ്രശ്‌നമെന്തങ്കിലും ഉണ്ടായിട്ടുണ്ടാവാം. അല്ലാതെ അച്ഛൻ   കുഴപ്പക്കാരനായിരുന്നില്ല.

കത്തിയായി നടക്കുന്ന ശിലവുമുണ്ടായിരുന്നില്ല. സർവകലാശാല  വോളീബോൾ ടീം അംഗമായിരുന്നു. എല്ലാവരോടും സ്നേഹത്തോടെയും സൗഹാർദത്തോടെയും  ഇടപെടുന്ന ആളുമായിരുന്നു. 21 വർഷം മുമ്പ്‌ മരിച്ചയാളെ അക്രമിയായി ചിത്രീകരിക്കുന്നതിൽ വലിയ വിഷമമുണ്ട്‌.  കെപിസിസി പ്രസിഡന്റിനെപോലെയുള്ളവർ  രാഷ്‌ട്രീയ നേട്ടത്തിനാണെങ്കിലും  വാസ്‌തവവിരുദ്ധമായ കാര്യം പ്രചരിപ്പിക്കരുത്.   പരാമർശം പിൻവലിക്കാൻ സുധാകരൻ തയ്യാറാവണം - ജോബി ഫ്രാൻസിസ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top