20 September Friday

ഫാസിസം രാജ്യത്തെത്തന്നെ ജയിലാക്കി; അടിയന്തരാവസ്ഥയേക്കാൾ ഭീതിദം: സച്ചിദാനന്ദന്‍

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2019

പ്രൊഫ. എം മുരളീധരൻ അനുുസ്‌മരണചടങ്ങിൽ കെ സച്ചിദാനന്ദൻ , പ്രൊഫ. എം ഹരിദാസ് , മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് , ഡോ. കാവുമ്പായി ബാലകൃഷ്ണൻ , ജയരാജ് വാര്യർ എന്നിവർ

തൃശൂർ> ഫാസിസം രാജ്യത്തെത്തന്നെ  ജയിലാക്കി മാറ്റുകയാണെന്ന് കവി  കെ സച്ചിദാനന്ദൻ.  ഭരണാധികാരികൾ ജനങ്ങളെ അദൃശ്യമായി നിരീക്ഷിക്കുകയാണ്. നവമാധ്യമങ്ങൾ, കവിതകൾ,  ലേഖനങ്ങൾ എന്നിവയെല്ലാം നിരീക്ഷിക്കുന്നു. ചുറ്റും  മതിലുകൾ തീർത്ത് ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ്.

പ്രൊഫ. എം മുരളീധരൻ സ്മാരകസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മുരളിമാഷ് സ്മൃതിയിൽ ‘ജനാധിപത്യത്തിന്റെ പ്രതിസന്ധികളും നവസമീപനത്തിന്റെ അനിവാര്യതയും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

എഴുതാനും പറയാനും ജനങ്ങൾ മടിക്കുകയാണ്‌. അടിയന്തരാവസ്ഥക്കാലത്തേക്കാൾ ഭീതിതമാണ് അവസ്ഥ. അധികാരമുപയോഗിച്ച് ഭരണഘടനയെ നിശ്ശബ്ദമാക്കുകയാണ്.  മതാധിപത്യ, കോർപറേറ്റ് താൽപ്പര്യങ്ങളാക്കി ഭരണഘടന മാറ്റിയെഴുതുന്നു. ന്യൂനപക്ഷമെന്ന പേരിൽ മാത്രം മനുഷ്യരെ  തല്ലിക്കൊല്ലുകയാണ്‌.  പുരാണവും മിത്തുകളും യാഥാർഥ്യമെന്ന്‌ വിശ്വസിപ്പിക്കുന്നു.  മുസോളിനി മുതൽ മോഡിവരെയുള്ള ഭരണാധികാരികളിൽ ഒരേ മുഖംകാണാം. വിമർശകരേയും മാധ്യമങ്ങളേയും ചൊൽപ്പിടിയിലാക്കുകയോ   കൊന്നൊടുക്കുകയോ ചെയ്യുന്നു.ഇത്തരം നായാട്ടുകാർ  ആത്മഹത്യചെയ്തതാണ്  ചരിത്രം.  വേട്ടയാടപ്പെട്ടവർ ഉയർത്തെഴുന്നേറ്റതും ചരിത്രത്തിലുണ്ടെന്ന്‌ സച്ചിദാനന്ദൻ പറഞ്ഞു. 

അനുസ്മരണ സമ്മേളനം മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഡോ. കാവുമ്പായി ബാലകൃഷ്ണൻ അധ്യക്ഷനായി.  പ്രൊഫ. എം മുരളീധരൻ ഫൗണ്ടേഷന്റെ ലോഗോ സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ പ്രകാശനം ചെയ്‌തു.   ഡോ. ടോണീ നീലങ്കാവിൽ, ജയരാജ് വാര്യർ, പ്രൊഫ. എം ഹരിദാസ് എന്നിവർ സംസാരിച്ചു.  ഡോ. കെ പ്രദീപ്കുമാർ സ്വാഗതവും ഇ ഡി ഡേവിസ് നന്ദിയും പറഞ്ഞു.  ഗസൽ സന്ധ്യയുമുണ്ടായി.


പ്രധാന വാർത്തകൾ
 Top