13 May Thursday
രേഖയില്ല, ഷാജി വന്നത്‌ വെറുംകൈയോടെ

6 മണിക്കൂർ ചോദ്യംചെയ്‌തു ; വിജിലൻസിന്‌ മുന്നിൽ വിയർത്ത്‌ ഷാജി

വെബ് ഡെസ്‌ക്‌Updated: Friday Apr 16, 2021


കോഴിക്കോട്‌
അനധികൃത സ്വത്ത്‌ സമ്പാദനക്കേസിൽ വിജിലൻസ്‌ അന്വേഷണ ഉദ്യോഗസ്ഥർ ഉന്നയിച്ച ചോദ്യങ്ങൾക്ക്‌ കൃത്യമായ മറുപടിയില്ലാതെ മുസ്ലിംലീഗ്‌ നേതാവ്‌  കെ എം ഷാജി എംഎൽഎ. ആറ്‌ മണിക്കൂറോളമാണ്‌ ‌ ഷാജിയെ വിജിലൻസിന്റെ കോഴിക്കോട്‌ സ്‌പെഷ്യൽ  യൂണിറ്റ്‌ ഉദ്യോഗസ്ഥർ ചോദ്യംചെയ്‌തത്‌. വെള്ളിയാഴ്‌ച രാവിലെ പത്തിന്‌ തുടങ്ങിയ ചോദ്യംചെയ്യൽ പകൽ മൂന്നിന്‌ അവസാനിച്ചു‌.

അഴീക്കോട്ടെ വീട്ടിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത അരക്കോടി രൂപയെ സംബന്ധിച്ച വിശദീകരണം നൽകാനാണ്‌ ഷാജി കൂടുതൽ സമയവും ചെലവിട്ടത്‌. തെരഞ്ഞെടുപ്പിനായി സ്വരൂപിച്ച പണമാണിതെന്ന വാദം വിജിലൻസ്‌ ഉദ്യോഗസ്ഥർ മുഖവിലയ്‌ക്കെടുത്തിട്ടില്ല.  കറൻസിയുടെ കാലപ്പഴക്കമടക്കമുള്ള കാര്യങ്ങളിലും അത്‌ കട്ടിലിനടിയിൽ ഒളിപ്പിച്ചുവച്ചതിലും ഷാജിക്ക്‌ മറുപടിയുണ്ടായില്ല. ഭൂമി വാങ്ങിക്കൂട്ടിയത്‌ സംബന്ധിച്ചും ആഡംബര വീട്‌ നിർമാണത്തെക്കുറിച്ചുമുള്ള രേഖകൾ ഹാജരാക്കാത്തതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടും പ്രതികരിച്ചില്ല. ഒരാഴ്‌ച  സമയം കൂടി വേണമെന്നാണ്‌ അന്വേഷണ ഉദ്യോഗസ്ഥരോട്‌ ആവശ്യപ്പെട്ടത്‌. ഇത്‌ വിജിലൻസ്‌ അംഗീകരിച്ചു.

രേഖകളൊന്നും ഹാജരാക്കാത്ത സാഹചര്യത്തിൽ വീണ്ടും വിശദമായ ചോദ്യംചെയ്യൽ വേണ്ടിവരും. കള്ളപ്പണമായതിനാലാണ്‌ രേഖകൾ ഹാജരാക്കാൻ സമയമെടുക്കുന്നതെന്ന വിലയിരുത്തലും അന്വേഷണ സംഘത്തിനുണ്ട്‌.
വിജിലൻസ്‌ എസ്‌പി എസ്‌ ശശിധരൻ, ഡിവൈഎസ്‌പി പി ജോൺസൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ.

രേഖയില്ല, ഷാജി വന്നത്‌ വെറുംകൈയോടെ
അനധികൃത സ്വത്ത്‌ സമ്പാദനക്കേസിൽ വിജിലൻസ്‌ ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കാൻ കെ എം ഷാജി എംഎൽഎയ്‌ക്കായില്ല. അഴീക്കോട്ടെ വീട്ടിൽനിന്ന്‌ പിടിച്ചെടുത്ത പണത്തിന്റെ വിവരങ്ങളും‌ ഭൂമിയടക്കം വരവിൽക്കവിഞ്ഞ സ്വത്തിന്റെ രേഖകളുമായി ചോദ്യം ചെയ്യലിന്‌ ഹാജരാകണമെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ നിർദേശം. 

ഇതിനൊന്നും സാധിക്കാതെ തെരഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങൾക്കായി പണം പിരിക്കാൻ തീരുമാനിച്ചതായുള്ള പാർടി യോഗത്തിന്റെ മിനുട്‌സിന്റെ പകർപ്പ്‌ മാത്രമാണ്‌ ഷാജി വിജിലൻസിന്‌ കൈമാറിയത്‌. ഇതാകട്ടെ നിയമപരമായി നിലനിൽക്കില്ലെന്നാണ്‌ അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.എംഎൽഎ ആയശേഷം ഷാജി അനധികൃതമായി സ്വത്ത്‌ സമ്പാദിച്ചുവെന്ന പരാതിയിൽ‌ വിജിലൻസ് കോടതി നിർദേശപ്രകാരമാണ്‌‌ അന്വേഷണം തുടങ്ങിയത്‌. കോഴിക്കോട്‌ സ്‌പെഷ്യൽ യൂണിറ്റ്‌ എസ്‌പി എസ്‌ ശശിധരന്റെ നേതൃത്വത്തിൽ നടത്തിയ പ്രാഥമികാന്വേഷണത്തിൽ ഷാജിയുടെ വരുമാനത്തിൽ നിയമപരമല്ലാതെ 166 ശതമാനം വർധനയുള്ളതായി കണ്ടെത്തി. തുടർന്നാണ്‌ കഴിഞ്ഞ ദിവസം കേസ്‌ രജിസ്‌റ്റർ ചെയ്‌തത്‌. കോഴിക്കോട്ട്‌‌ അനധികൃതമായി നിർമിച്ച വീട്ടിലും അഴീക്കോട്ടെ വീട്ടിലും നടത്തിയ പരിശോധനയിൽ അരക്കോടി രൂപയും പിടിച്ചെടുത്തു.  വെള്ളിയാഴ്‌ച ചോദ്യം ചെയ്യലിനെത്തുമ്പോൾ കൈവശം എല്ലാ രേഖയുമുണ്ടാകുമെന്നായിരുന്നു ഷാജിയുമായി അടുത്ത കേന്ദ്രങ്ങൾ അറിയിച്ചിരുന്നത്‌. എന്നാൽ  വെള്ളിയാഴ്‌ചയും കൃത്യമായ രേഖകൾ ഹാജരാക്കാനായില്ല.

അഴീക്കോട്ടെ വീട്ടിലെ കട്ടിലിനടിയിൽനിന്ന്‌ പിടിച്ച പണം ബന്ധുവിന്റെ ഭൂമി ഇടപാടിനുവേണ്ടി സൂക്ഷിച്ചതാണെന്ന വാദം ഷാജി ഉദ്യോഗസ്ഥർക്ക്‌ മുന്നിൽ തിരുത്തി. തെരഞ്ഞെടുപ്പ്‌ പ്രവർത്തനത്തിനായി സ്വരൂപിച്ച പണമാണിതെന്നും വിവിധ ആവശ്യങ്ങൾക്കായി കൊടുക്കാനുള്ളതാണെന്നുമാണ്‌ ഷാജിയുടെ പുതിയ വാദം. കണക്കുകൾ സംഘടിപ്പിക്കാൻ എളുപ്പവഴി തെരഞ്ഞെടുപ്പ്‌ ഫണ്ടിലേക്ക്‌ തിരിയുകയാണെന്ന നിയമോപദേശമാണ്‌ ഇതിന്‌ പിന്നിലെന്നാണ്‌ അന്വേഷണ സംഘത്തിന്റെ നിഗമനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top