20 October Tuesday

രാജ്യസഭ ഡപ്യൂട്ടി ചെയർമാന്റെ സന്ദർശനം പ്രഹസനം: കെ കെ രാഗേഷ്‌ എം പി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 22, 2020

ന്യൂഡൽഹി> സസ്പെൻഷൻ ചെയ്യപ്പെട്ടതിനെ തുടർന്ന് പ്രതിഷേധ ധർണ്ണ നടത്തുന്ന എം പിമാരെ രാജ്യസഭ ഡപ്യൂട്ടി ചെയർമാൻ ഹരിവംശ്‌ നാരായൻ സിങ് ഇന്ന്‌ രാവിലെ സമരമുഖത്ത്  സന്ദർശിച്ചത്‌ പ്രഹസനമാണെന്ന്‌ കെ കെ രാഗേഷ്‌ എം പി .  ഡപ്യൂട്ടി ചെയർമാൻ്റെ സന്ദർശനം നാടകമായിരുന്നു എന്നത് പ്രധാനമന്ത്രിയുടെ ട്വീറ്റ് കണ്ടപ്പോഴാണ് വ്യക്തമായത്. താൻ ഡപ്യൂട്ടി ചെയർമാൻ എന്ന നിലയിൽ ഔദ്യോഗിക സന്ദർശനം നടത്തിയതല്ലെന്നും സമരം ചെയ്യുന്ന സഹപ്രവർത്തകരെ വ്യക്തിപരമായി സന്ദർശിച്ചതാണെന്നും പറഞ്ഞ അദ്ദേഹം പിന്നീട് രാജ്യസഭയിൽ ഉണ്ടായ  സംഭവങ്ങളെ കുറിച്ചും താനും  ഉപവസിക്കാൻ പോകുകയാണെന്ന പ്രഖ്യാപനവുമാണ് നടത്തിയതെന്നും രാഗേഷ്‌ പറഞ്ഞു.

നിമിഷങ്ങൾക്കകം അദ്ദേഹത്തിൻ്റെ മഹാ മനസ്കതയെ കുറിച്ച് പ്രധാനമന്ത്രിയുടെ ട്വീറ്റ് വന്നു.  ചട്ടവിരുദ്ധവും, ഭരണഘടന വിരുദ്ധവുമായ കർഷകദ്രോഹ കരിനിയമം പാസാക്കിയതോടെ ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ട ബി.ജെ.പിയും അതിൻ്റെ സഖ്യകക്ഷിയായ ജെഡിയുവും മുഖം മിനുക്കുന്നതിൻ്റെ ഭാഗമായാണ് സന്ദർശനം നടത്തിയതെന്ന് വ്യക്തം.

വരാനിരിക്കുന്ന ബിഹാർ ഇലക്ഷനിൽ ബിജെപിയും ജെഡിയുവും കനത്ത തിരിച്ചടി ഏറ്റ് വാങ്ങാൻ പോകുകയാണ്. അതിൽ നിന്ന് രക്ഷപ്പെടാൻ മുഖം മിനുക്കുന്നതിൻ്റെ ഭാഗമായാണ് ഡപ്യൂട്ടി ചെയർമാൻ്റെ സമര മുഖത്തെ സന്ദർശനവും പ്രധാനമന്ത്രിയുടെ ട്വീറ്റും എന്ന് വ്യക്തം.ചെപ്പടി വിദ്യ കൊണ്ട് ഇനിയും ജനങ്ങളെ വഞ്ചിക്കാനാവില്ലെന്ന് ഇക്കൂട്ടർ ഓർക്കുന്നത് നന്നെന്നും രാഗേഷ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top