20 September Sunday

റൊണാൾഡോ തൊടുത്തു, യുവന്റസ്‌ ഇറ്റാലിയൻ ലീഗ്‌ കിരീടത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jul 22, 2020

ടൂറിൻ > ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ ചിറകിലേറി യുവന്റസ്‌ ഇറ്റാലിയൻ ലീഗ്‌ കിരീടത്തിലേക്ക്‌. റൊണാൾഡോയുടെ ഇരട്ടഗോൾ മികവിൽ ലാസിയോയെ 2–-1ന്‌ കീഴടക്കി യുവന്റസ്‌ ഒരുപടികൂടി അടുത്തു. നാല്‌ കളിശേഷിക്കെ നാല്‌ പോയിന്റ്‌ മതി. തുടർച്ചയായ ഒമ്പതാംകിരീടമാണ്‌ യുവന്റസ്‌ ലക്ഷ്യമിടുന്നത്‌. രണ്ടാമതുള്ള ഇന്റർ മിലാൻ എട്ട്‌ പോയിന്റ്‌ പിന്നിലാണ്‌.

ഗോളടിയിൽ മറ്റൊരു റെക്കോഡും റൊണാൾഡോ കുറിച്ചു. ഇറ്റാലിയൻ ലീഗിലും 50 ഗോളായി. ഇതോടെ ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിലും സ്‌പാനിഷ്‌ ലീഗിലും ഇറ്റാലിയൻ ലീഗിലും 50 ഗോളടിക്കുന്ന ആദ്യ കളിക്കാരനായി ഈ പോർച്ചുഗീസുകാരൻ. ഇറ്റാലിയൻ ലീഗിൽ 61 കളിയിൽ 51 ഗോളാണ്‌. പ്രീമിയർ ലീഗിൽ മാഞ്ചസ്‌റ്റർ യുണൈറ്റഡിനായി 196 കളിയിൽ 84 ഗോളടിച്ചു. സ്‌പാനിഷ്‌ ലീഗിൽ റയൽ മാഡ്രിഡിനുവേണ്ടി 292 കളിയിൽ 311 ഗോളും നേടി.

ലീഗിൽ ഈ സീസണിൽ 30 ഗോളായി. ലാസിയോയുടെ സിറോ ഇമ്മൊബീലും ഇത്രതന്നെ ഗോളുമായി ഒപ്പമുണ്ട്‌. ലാസിയോക്കെതിരെ റൊണാൾഡോയുടെ ഒരു ഗോൾ പെനൽറ്റിയിലൂടെയായിരുന്നു. പിന്നാലെ പൗലോ ഡിബാലയുടെ നീക്കത്തിൽ രണ്ടാം ഗോളും നേടി. ഹാട്രിക്‌ നേരിയ വ്യത്യാസത്തിലാണ്‌ നഷ്ടമായത്‌. തകർപ്പൻ ഷോട്ട്‌ ക്രോസ്‌ ബാറിൽ തട്ടിത്തെറിക്കുകയായിരുന്നു. ഒരു സീസണിൽ 30 ഗോളടിക്കുന്ന മൂന്നാമത്തെ യുവന്റസ്‌ താരമാണ്‌ റൊണാൾഡോ. ഇറ്റാലിയൻ ലീഗിൽ വേഗത്തിൽ 50 ഗോളടിച്ച നേട്ടവും ഈ മുപ്പത്തഞ്ചുകാരനാണ്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top