20 January Wednesday

വികസന രംഗത്ത് ഇടുക്കി മോഡൽ സൃഷ്ടിക്കും: ജോയ‌്സ‌് ജോർജ‌്

വെബ് ഡെസ്‌ക്‌Updated: Monday Mar 11, 2019


ഇടുക്കി
വികസനരംഗത്ത് ഇടുക്കിയെ പ്രത്യേക മാതൃകയായി രൂപപ്പെടുത്തുമെന്ന് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജ് പറഞ്ഞു. നെടുങ്കണ്ടത്ത് ഇടതുപക്ഷ വനിതാ പ്രവർത്തകർ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നോക്ക മണ്ഡലമെന്ന പേരുദോഷം ഇടുക്കിക്ക് മാറിവരുകയാണ്. 4750 കോടിയുടെ വികസന പ്രവർത്തനങ്ങൾ കൊണ്ടുവരാനായത് ചരിത്രനേട്ടമാണ്. 2014ൽ ജനങ്ങളർപ്പിച്ച വിശ്വാസത്തെ പത്തരമാറ്റ് വിശുദ്ധിയോടെ കാത്തുസൂക്ഷിക്കാൻ കഴിഞ്ഞു. ഇടുക്കിയുടെ പ്രശ്നങ്ങൾ കൃത്യതയോടെ പാർലമെന്റിൽ അവതരിപ്പിച്ചു. കേന്ദ്ര–-സംസ്ഥാന സർക്കാരുകളുമായി നടത്തിയ നിരന്തര ഇടപെടലുകളുമാണ് മണ്ഡലത്തിലെ വികസനത്തിന‌് ശക്തി പകർന്നത്. ഒട്ടേറെ പദ്ധതികൾ പൂർത്തീകരിക്കാനായി. ചില പദ്ധതികളുടെ നിർമാണം പുരോഗമിക്കുന്നു. അനുമതി ലഭിച്ച പദ്ധതികൾ ആരംഭിക്കാനുമുണ്ട്. തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചാട്ടം അവസാനിക്കുന്നതോടെ പദ്ധതികൾ ആരംഭിക്കാൻ കഴിയും. ഒന്നും നടക്കില്ലെന്നു കരുതി നിരാശയിലാണ്ടിരുന്ന ഒരു ജനതയ‌്ക്ക‌് ആത്മവിശ്വാസവും പ്രതീക്ഷയും നൽകി വിവിധ പദ്ധതികൾ യാഥാർഥ്യമാക്കാൻ കഴിഞ്ഞപ്പോഴാണ് ജനപ്രതിനിധിയെന്ന നിലയിൽ അഭിമാനം തോന്നിയതെന്ന് ജോയ്സ് ജോർജ് വ്യക്തമാക്കി.

പളനി– നെടുങ്കണ്ടം– കട്ടപ്പന, ഏലപ്പാറ– പെരുവന്താനം– ശബരിമല തീർഥാടന പാതയുടെ നിർമാണം പൂർത്തീകരിക്കുന്നതിനാണ് പ്രഥമ പരിഗണന. അങ്കമാലി–- ശബരിമല റെയിൽപാതയും പൂർത്തീകരിക്കും. അയ്യായിരം കോടി രൂപയുടെ ഇടുക്കി പാക്കേജ് നടപ്പാക്കി നാടിന്റെ പുനർനിർമാണത്തിന് കരുത്തുപകരുമെന്നും ജോയ്സ് ജോർജ് പറഞ്ഞു.

സ്വാതന്ത്ര്യത്തിനുശേഷം ഇടുക്കിക്ക് ഇതുവരെ ലഭിക്കാതിരുന്ന സിആർഎഫ് റോഡുകൾ കൊണ്ടുവരാനായത് വലിയനേട്ടമാണ്. 134 കോടിയുടെ ഒമ്പത‌് റോഡുകളാണ് അനുവദിപ്പിച്ചത്. നിർമാണവും ആരംഭിച്ചു. ഒരവസരംകൂടി ലഭിച്ചാൽ 25 പുതിയ സിആർഎഫ് റോഡുകളെങ്കിലും മണ്ഡലത്തിൽ കൊണ്ടുവരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നു. ഒരു ജനത ഒരേവികാരത്തിൽ ഒരുമിച്ച് നിന്നതാണ് ഇടുക്കിക്ക് മുന്നോട്ടു പോകാൻ പ്രേരണയായത്.

പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ പരിഗണിച്ച് കർഷകരെ ഉയർത്തിക്കൊണ്ടുവരാൻ ആവശ്യമായ എല്ലാ നടപടിയും സ്വീകരിക്കും. തന്റെ തെരഞ്ഞെടുപ്പ് വിജയത്തിനു എല്ലാവിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും നാടിന്റെ വികസനവും നയവും ആഗ്രഹിക്കുന്ന ജനങ്ങളുടെ വിജയമായിരിക്കുമെന്നും ജോയ്സ് ജോർജ് പറഞ്ഞു.

അഭിവാദ്യമർപ്പിച്ച് വനിതാ പ്രവർത്തകർ
ഇടുക്കി
സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ടതിനുശേഷം രണ്ടാംദിനത്തിൽതന്നെ ജോയ്സ് ജോർജ് പ്രചാരണം ശക്തമാക്കി. ഉടുമ്പൻചോല, പീരുമേട് നിയോജക മണ്ഡലങ്ങളിലായിരുന്നു ജോയ്സ് ജോർജിന്റെ പര്യടനങ്ങൾ. കടകൾ കയറിയിറങ്ങി വ്യാപാരികളോടും ഓട്ടോറിക്ഷ, ചുമട്ടു തൊഴിലാളികളോടും വോട്ടഭ്യർഥിച്ചും സ്നേഹാന്വേഷണങ്ങൾ നടത്തിയുമാണ് മുന്നോട്ടുനീങ്ങിയത്. ഒരിക്കൽകൂടി മത്സരിക്കുകയാണെന്നും എല്ലാ സഹായവും ഉണ്ടാകണമെന്നും വോട്ടർമാരോട് അഭ്യർഥിച്ചു. രാവിലെ എട്ടിന‌് ചേറ്റുകുഴിയിൽ നിന്നായിരുന്നു പര്യടനം തുടങ്ങിയത‌്. തുടർന്ന‌് കൊച്ചറ, കമ്പംമെട്ട്, കുഴിത്തൊളു, ചെന്നാക്കുളം, പോത്തിൻകണ്ടം എന്നിവിടങ്ങളിൽ പര്യടനം പൂർത്തിയാക്കി.

    ചെന്നാക്കുളത്ത് ക്ഷേത്രാങ്കണത്തിൽ ശുചീകരണത്തിൽ ഏർപ്പെട്ടിരുന്നവരെയും നേരിൽകണ്ട് വോട്ട് അഭ്യർഥിച്ചു. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ നെടുങ്കണ്ടത്ത് സംഘടിപ്പിച്ച വനിതാ പാർലമെന്റിലാണ‌് പിന്നീട‌് എംപി പങ്കെടുത്തത‌്.

     ആറായിരത്തിലധികം വനിതാ പ്രവർത്തകരാണ് സമ്മേളനത്തിൽ പങ്കെടുത്തത്. വനിതാ പ്രവർത്തകർ സ്ഥാനാർഥിക്ക് അഭിവാദ്യമർപ്പിച്ച് ടൗണിൽ പ്രകടനംനടത്തി. പകൽ മൂന്നിന് പീരുമേട് നിയോജക മണ്ഡലം കമ്മിറ്റി ഏലപ്പാറയിൽ സംഘടിപ്പിച്ച വനിതാ പാർലമെന്റിലും പങ്കെടുത്തു. വൈകിട്ട് അഞ്ചിന് കട്ടപ്പന ഇരുപതേക്കർ ദേവാലയത്തിൽ കുർബാനയിൽ പങ്കെടുത്തശേഷം വണ്ടൻമേട് പഞ്ചായത്തിലും പര്യടനം നടത്തി.
 

പ്രചാരണം തുടങ്ങിയത് 102 വയസ്സുള്ള കുടിയേറ്റ കർഷകന്റെ അനുഗ്രഹംവാങ്ങി
ഇടുക്കി
ജില്ലയിലെ ഏറ്റവും മുതിർന്ന കുടിയേറ്റ കർഷകന്റെ അനുഗ്രഹം വാങ്ങിയാണ് ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥി ജോയ്സ് ജോർജ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചത്. 102 വയസ്സുള്ള ഇരട്ടയാർ ചെമ്പകപ്പാറ തെക്കേക്കുറ്റ് ജോസഫിനെ സന്ദർശിച്ചാണ് ജോയ്സ് ജോർജ് അനുഗ്രഹം തേടിയത്. 1950 കളിൽ ഹൈറേഞ്ചിൽ ആദ്യം കുടിയേറിയ ആളാണ് ജോസഫ്. കർഷകർക്കൊപ്പം നിൽക്കുന്ന ജോയ്സ് ജോർജിന് വിജയാശംസകൾ നേർന്നും വലിയ ഭൂരിപക്ഷത്തിൽ ജയിക്കട്ടെ എന്ന് ആശംസിച്ചും പ്രാർഥിച്ചുമാണ് സ്ഥാനാർഥിയെ യാത്രയാക്കിയത്.
 

ജോയ്സ് ജോർജ് ഇന്ന് തൊടുപുഴയിൽ, നാളെ മൂവാറ്റുപുഴയിൽ
ഇടുക്കി
ഹൈറേഞ്ച് സംരക്ഷണ സമിതി പിന്തുണയ‌്ക്കുന്ന എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജ് തിങ്കളാഴ‌്ച തൊടുപുഴ നിയോജക മണ്ഡലത്തിൽ പര്യടനം നടത്തും. പകൽ 11ന് പ്രസ‌് ക്ലബ്ബിൽ കെ പി ഗോപിനാഥ് അനുസ്മരണ പുരസ‌്കാര വിതരണ ചടങ്ങിൽ പങ്കെടുക്കും.
 തൊടുപുഴ മേഖലയിലെ സ്ഥാപനങ്ങൾ മത– സാമുദായിക സംഘടനാ നേതാക്കൾ, സാംസ‌്കാരിക പ്രവർത്തകർ, വ്യാപാരികൾ എന്നിവരെകണ്ട് വോട്ട് അഭ്യർഥിക്കും. ചൊവ്വാഴ്ച മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ പര്യടനം നടത്തും. ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കൾ സ്ഥാനാർഥിക്കൊപ്പം പര്യടനത്തിൽ പങ്കെടുക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top