20 August Tuesday

ജിഷ‌്ണു പ്രണോയ‌്‌ സമരം: മാർക്ക‌് തിരുത്തി വിദ്യാർഥികളെ മനഃപൂർവം തോൽപ്പിച്ചതായി റിപ്പോർട്ട‌്

കെ എ നിഥിൻനാഥ‌്Updated: Tuesday Jun 18, 2019

തിരുവനന്തപുരം
പാമ്പാടി നെഹ്റു കോളേജിൽ സമരം ചെയ്ത വിദ്യാർഥികളെ  മാർക്ക് തിരുത്തി അധ്യാപകർ മനഃപൂർവം തോൽപ്പിച്ചെന്ന‌് ആരോ​ഗ്യ സർവകലാശാലാ അന്വേഷണ റിപ്പോർട്ട്. ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടർന്ന‌് സമരം ചെയ്ത വിദ്യാർഥികളുടെ പരീക്ഷാപേപ്പർ തിരുത്തി പ്രായോ​ഗികപരീക്ഷയിൽ തോൽപ്പിക്കുകയായിരുന്നുവെന്നാണ‌് കണ്ടെത്തൽ. അധ്യാപകർക്കും മാനേജ്മെന്റിനുമെതിരെയുള്ള വിദ്യാർഥികളുടെ മൊഴി ശരിവയ‌്ക്കുന്നതാണ് അന്വേഷണ റിപ്പോർട്ട്.

ഫാർമസി വിഭാ​ഗം അധ്യാപകരായ അനൂപ‌് സെബാസ്റ്റ്യൻ, ശ്രീകാന്ത്, സുധാകരൻ എന്നിവർക്കും മാനേജ്മെന്റിനുമെതിരായ  വിദ്യാർഥികളുടെ  മൊഴിയും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട‌്. കോളേജിലെ എസ്എഫ്ഐ പ്രവർത്തകരായ അതുൽ ജോസ്, ആഷിക്, വസീം എന്നിവരെ‌യാണ‌്‌ ഫാർമസി മൂന്നാംവർഷ പ്രായോ​ഗികപരീക്ഷയിൽ മനഃപൂർവം തോൽപ്പിച്ചത്.

മാനേജ്മെന്റ് താൽപ്പര്യത്തിന് വഴങ്ങി വിദ്യാർഥികളുടെ മാർക്ക് തിരുത്തിയ നടപടി നീതികരിക്കാനാകില്ലെന്ന് റിപ്പോർട്ട‌് വ്യക്തമാക്കുന്നു.  സമരത്തിന്റെ ഭാ​ഗമാകുന്നതിനുമുമ്പ‌് മികച്ച മാർക്ക് നേടിയ വിദ്യാർഥികളെയാണ് മനഃപൂർവം തോൽപ്പിച്ചത്. തോൽപ്പിക്കാനുള്ള മാർക്ക് മുൻകൂട്ടി കണക്കാക്കി അതിനനുസരിച്ച് പ്രായോഗിക പരീക്ഷയിൽ മാർക്ക് വെട്ടിക്കുറയ്ക്കുകയായിരുന്നു. സംഭവത്തിൽ കുറ്റക്കാരായ അധ്യാപകരുടെയും മാനേജ‌്മെന്റിന്റെയും  പങ്കും ഇടപെടലും വ്യക്തമാണ‌്.  പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച കോളേജിലെ ചിലരുടെ മൊഴി മാർക്ക് തിരുത്തിയത് അം​ഗീകരിക്കുന്നു. ജിഷ്ണു പ്രണോയ് സമരം നെഹ്റു കോളേജിനെ വലിയ രീതിയിൽ ബാധിച്ചു. ഇതിന്റെ വിരോധത്തിൽ വിദ്യാർഥികളെ തോൽപ്പിക്കാൻ മാനേജ്മെന്റിൽനിന്ന് വലിയ സമ്മർദമുണ്ടായി. ഇത് മൂലമാണ് അധ്യാപകർ പരീക്ഷാപേപ്പറിൽ തിരുത്തൽ വരുത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

പരീക്ഷയിൽ തോറ്റതിനെ തുടർന്ന‌് ഇവർ നൽകിയ പരാതിയിൽ സർവകലാശാല പ്രാഥമിക അന്വേഷണം നടത്തി.  അതിൽ വിദ്യാർഥികളുടെ പരാതി വസ‌്തുനിഷ‌്ഠമാണെന്ന റിപ്പോർട്ടിനെ തുടർന്ന്  ഇവർക്കായി സർവകലാശാല  പ്രത്യേക പരീക്ഷ നടത്തി. അതിൽ ഈ വിദ്യാർഥികൾ വിജയിച്ചു. ഇതേ തുടർന്നാണ‌് വിശദമായ അന്വേഷണത്തിന‌് ആർ രാജേഷ് എംഎൽഎ അധ്യക്ഷനായ സമിതിയെ ചുമതലപ്പെടുത്തിയത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top