22 October Tuesday

ലിജോയുടെ ജെല്ലിക്കെട്ട് വരുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2019

ഈമയൗവിനുശേഷം ലിജോ ജോസ്‌പെല്ലിശേരി വീണ്ടുംവരുന്നു. സമകാലീന മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനനായ സംവിധായകന്റെ പുതിയ ചിത്രം ജെല്ലിക്കെട്ട് ടൊറന്റോ രാജ്യാന്തര ചലച്ചിത്രമേളയിൽ കന്നിപ്രദർശനം നടത്തും. സെപ്തംബർ അഞ്ചുമുതൽ 15വരെയാണ് മേള. ടൊറന്റോമേളയുടെ വെബ്‌സൈറ്റിലൂടെ പുറത്തുവന്ന സിനിമയുടെ നിശ്ചലദൃശ്യങ്ങൾ ഇതിനോടകം പ്രേക്ഷകപ്രതീക്ഷ വർധിപ്പിച്ചിട്ടുണ്ട്.

എസ് ഹരീഷിന്റെ മാവോയ്‌സിറ്റ് എന്ന കഥയിൽനിന്ന്‌ പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ സിനിമയാണ് ജെല്ലിക്കെട്ട്. ഹരീഷും ആർ ജയകുമാറും ചേർന്നാണ് തിരക്കഥ. അറക്കപ്പെടുംമുമ്പ് കട്ടപ്പനയിൽനിന്ന്‌ കെട്ടുപൊട്ടിച്ചോടിയ പോത്തിനെ പിടികൂടാനുള്ള മനുഷ്യരുടെ ശ്രമമാണ് സിനിമയുടെ പ്രമേയം. കടലോരഗ്രാമത്തിലെ ശവമടക്കിന്റെ കഥ പറഞ്ഞ ഇ മ യൗ വെറും 18 ദിവസം കൊണ്ടാണ് ലിജോ ചിത്രീകരിച്ചതെങ്കിൽ ജെല്ലിക്കെട്ട് ചിത്രീകരിക്കാൻ 39 ദിവസമെടുത്തു. ദേശീയപുരസ്‌കാര ജേതാവായ ഗിരീഷ് ഗംഗാധരനാണ് ക്യാമറ. ചെന്പൻ വിനോദ്‌, ആന്റണി വർഗീസ്, സാബുമോൻ തുടങ്ങിയവരാണ് അഭിനയിക്കുന്നത്. സംഗീതം പ്രശാന്ത് പിള്ള. ജെല്ലിക്കെട്ട് കേരളത്തിൽ റിലീസ് ചെയ്യുന്നതു സംബന്ധിച്ച് അന്തിമതീരുമാനം പുറത്തുവന്നിട്ടില്ല. അതേസമയം, ജെല്ലിക്കെട്ടിനുശേഷമുള്ള ചിത്രത്തിന്റെ തിരക്കിലാണ് ലിജോ ഇപ്പോൾ. സമകാലീന ലോക സിനിമ വിഭാഗത്തിലാണ് ജെല്ലിക്കെട്ട് പ്രദർശിപ്പിക്കുന്നത്.

മലയാളത്തിൽനിന്ന് ഗീതുമോഹൻദാസിന്റെ നിവിൽപോളി ചിത്രം മൂത്തോനും ഇക്കുറി ടൊറന്റോ മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഗീതാഞ്ജലി റാവു സംവിധാനം ചെയ്ത അനിമേഷൻ സിനിമ ബോംബെ റോസും മേളയിലുണ്ട്. ഇന്ത്യയിൽനിന്നുള്ള ആദ്യ അനിമേഷൻ സിനിമയായി ബോംബെ റോസിനെ പരിഗണിക്കപ്പെടുന്നു. വെനീസ് മേളയിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു.

പ്രിയങ്കചോപ്ര നിർമിക്കുകയും അഭിനയിക്കുകയും ചെയ്ത ദ സ്‌കൈ ഈസ് പിങ്ക് എന്ന ചിത്രവും മേളിൽ ഇടംനേടി. അഭിനയം മതിയാക്കി എന്ന് പ്രഖ്യാപിച്ച കശ്മീരിൽനിന്നുള്ള ബാലതാരം സൈറ വസീം പ്രധാന വേഷത്തിൽ എത്തുന്നു. പ്രിയങ്കയും ഫർഹാനും കൗമാരക്കാരിയായ കഥാപാത്രത്തിന്റെ മാതാപിതാക്കളായി എത്തുന്നു. ഹോളിവുഡിലേക്ക് ചേക്കേറിയ പ്രിയങ്ക ഒരിടവേളയ്‌ക്കുശേഷം അഭിനയിച്ച ഹിന്ദി ചിത്രം കൂടിയാണിത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top