23 September Wednesday

മൂന്നിടത്ത്‌ ജയിൽ പെട്രോൾപമ്പ്‌ തുറന്നു; ജീവനക്കാരായി തടവുകാർ

വെബ് ഡെസ്‌ക്‌Updated: Friday Jul 31, 2020

തിരുവനന്തപുരം > ജയിൽ വകുപ്പ്  ഇന്ത്യൻ ഓയിൽ കോർപറേഷനുമായി സഹകരിച്ച്‌  ആരംഭിച്ച മൂന്ന്‌  ജയിൽ പെട്രോൾ പമ്പുകൾ   മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് ‌വഴി ഉദ്‌ഘാടനം ചെയ്‌തു. തിരുവനന്തപുരം, വിയ്യൂർ, ചീമേനി ജയിലുകളിലാണ്‌ പുതിയ ഔട്ട്‌ലെറ്റുകൾ. കണ്ണൂർ സെൻട്രൽ ജയിലിലെ പമ്പ്‌ നിർമാണത്തിലാണ്‌.  ജയിൽ വക സ്ഥലത്ത് നാല് പെട്രോൾ പമ്പുകൾ സ്ഥാപിക്കുന്നതിന്‌ 9.5 കോടി  രൂപ  ഇന്ത്യൻ ഓയിൽ കോർപറേഷൻ മുതൽമുടക്കി‌. 30 ലക്ഷം രൂപയാണ് ജയിൽ വകുപ്പിന്റെ വിഹിതം.

ഭൂമി 30 വർഷത്തേക്കാണ് ഇന്ത്യൻ ഓയിൽ കോർപറേഷന് പാട്ടത്തിന് നൽകിയത്. തിരുവനന്തപുരത്ത് 25 സെന്റ്‌, കണ്ണൂരിൽ 39 സെന്റ്‌, വിയ്യൂരിൽ 25 സെന്റ്‌, ചീമേനിയിൽ 25 സെന്റ്‌ എന്നിങ്ങനെയാണ്‌ സ്ഥലം നൽകിയത്‌.  ഇതുവഴി മാസം 5.9 ലക്ഷം രൂപ വാടക ഇനത്തിൽ  സർക്കാരിന് ലഭിക്കും. ഭാവിയിൽ സിഎൻജി, ഇലക്ട്രിക്കൽ ചാർജിങ് സ്റ്റേഷൻ എന്നിവ ഉൾപ്പെടെയുള്ളവ  സ്ഥാപിച്ച് പദ്ധതി വിപുലീകരിക്കാനുമാകും.
 ഓരോ പമ്പിലും പതിനഞ്ചോളം അന്തേവാസികൾക്ക് തൊഴിൽ ലഭിക്കും. പമ്പുകൾക്കൊപ്പം പബ്ലിക് കംഫർട്ട് സ്റ്റേഷനുകളുമുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഇരിങ്ങാലക്കുട സ്പെഷ്യൽ സബ്ജയിലിലെ തടവുകാരുടെ ബാഹുല്യം കുറയ്ക്കുന്നതിനായി നിർമിച്ച പുതിയ സ്പെഷ്യൽ സബ് ജയിലും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്‌തു.  200 പേരെ പാർപ്പിക്കാനാകും. ചീമേനി തുറന്ന ജയിലിൽ   നിർമാണം പൂർത്തിയാക്കിയ പുതിയ ഭരണ വിഭാഗത്തിന്റെ ഉദ്ഘാടനവും തൃക്കരിപ്പൂരിൽ എംഎൽഎയുടെ ഫണ്ടുപയോഗിച്ച് നിർമിക്കുന്ന ഡിസ്പെൻസറിയുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിച്ചു. മന്ത്രിമാരായ വി എസ് സുനിൽകുമാർ, കടകംപള്ളി സുരേന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരും പങ്കെടുത്തു. ജയിൽ ഡിജിപി ഋഷിരാജ് സിങ് സ്വാഗതം പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top