26 June Wednesday

കേരളത്തിന് അഭിമാനമായി എവറസ്റ്റിന് മുകളിൽ "അയേണ്‍മാന്‍' അബ്ദുല്‍ നാസര്‍

വെബ് ഡെസ്‌ക്‌Updated: Monday May 20, 2019

അബ്ദുല്‍ നാസര്‍

പട്ടാമ്പി> കേരളത്തിന് അഭിമാനമായി എവറസ്റ്റിന് മുകളിൽ "അയേണ്‍മാന്‍' അബ്ദുല്‍ നാസര്‍. പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ നെടുങ്ങോട്ടൂര്‍ സ്വദേശിയായ പെരിങ്ങോട്ടിൽ അബ്ദുല്‍ നാസര്‍ (42) മെയ് 16 നാണ് എവറസ്റ്റ് കീഴടക്കിയത്. കഴിഞ്ഞ ഏപ്രില്‍ 17 നാണ് ഭൗത്യം നിറവേറ്റാനായി അദ്ദേഹം യാത്ര പുറപ്പെട്ടത്. നാസറിനെ കൂടാതെ സ്പെയിന്‍, ഇറ്റലി, യഎസ്എ, ആസ്ത്രേലിയ, യുകെ എന്നീ രാജ്യങ്ങളില്‍ നിന്നുമായി 26 പേര്‍ സംഘത്തിലുണ്ടായിരുന്നു. മലേഷ്യ, ശ്രീലങ്ക, പ്രാൻസ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ അധിസാഹസികമായ മത്സരങ്ങളിൽ പങ്കെടുത്തതിന് ലഭിച്ച ബഹുമതിയാണ് അയേൺമാൻ.

മഞ്ഞ് മലയിലെ പ്രതികൂല കാലാവസ്ഥയെ  ശാരീരിക ക്ഷമതയും ആത്മവീര്യവും കൊണ്ട് മറികടന്ന് 29,029 അടി ഉയരം 30 ദിവസം കൊണ്ട് താണ്ടിയാണ് നാസർ ഉൾപ്പെടെയുള്ള സംഘം ദൗത്യം പൂര്‍ത്തീകരിച്ച് എവസ്റ്റിന് മുകളില്‍ ഇന്ത്യയുടെ വിജയക്കൊടി പാറിച്ചത്. എവറസ്റ്റ് കീഴടക്കിയ കാര്യം കഴിഞ്ഞ ദിവസമാണ് അദ്ദേഹം തന്റെ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.

സംഘത്തിലെ മറ്റൊരു ഇന്ത്യക്കാരനായ രവി താക്കര്‍ ദൗത്യത്തിനിടെ മരണപ്പെടുകയും ഐര്‍ലാന്‍റ്കാരനായ ലോലെസ്സിനെ കാണാതാവുകയും ചെയ്തതായാണ് വിവരം. എവറസ്റ്റിൽ നിന്നും മടങ്ങി എത്തി നേപ്പാളിൽ വിശ്രമിക്കുന്ന അബ്ദുൾ നാസർ അടുത്ത ദിവസം തന്നെ നാട്ടിലെത്തുമെന്നാണ് ലഭിക്കുന്ന വിവരം. നേരത്തെ 2015ലും 2018ലും എവറസ്റ്റിനടുത്തിയ അബ്ദുൾ നാസര്‍ എവറസ്റ്റ് ബൈസ് ക്യാമ്പും പിന്നിട്ട് 18519 ഫീറ്റ് ദൂരം താണ്ടിയിരുന്നു.

മതപണ്ഡിതനും വളാഞ്ചേരി കാര്‍ത്തല മര്‍ക്കസ് അറബിക് കോളേജ് പ്രാഫസറുമായ പി കുഞ്ഞഹമ്മദ് മുസ്ലിയാരുടേയും നഫീസയുടെയും മകനായ നാസര്‍ നിലവിൽ ഖത്തര്‍ പെട്രോളിയത്തില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റായി ജോലി ചെയ്യുകയാണ്. അന്താരാഷ്ട്ര തലത്തില്‍  മോട്ടിവേഷനല്‍ സ്പീക്കര്‍, ട്രൈനര്‍ എന്നീ മേഖലകളിൽ പ്രവര്‍ത്തിച്ച് വരുന്ന അബ്ദുൾ നാസർ "ദി റോഡ് ലെസ്സ് ട്രാവല്‍ഡ്' എന്ന പേരിലുള്ള പുസ്തകവും പുറത്തിറക്കിയിട്ടുണ്ട്.


പ്രധാന വാർത്തകൾ
 Top