25 April Thursday

വ്യാപാരികൾക്ക‌് പലിശയില്ലാതെ 10 ലക്ഷംവരെ

വെബ് ഡെസ്‌ക്‌Updated: Saturday Aug 25, 2018


പ്രളയക്കെടുതിയിൽ ജീവനോപാധി നഷ്ടപ്പെട്ട വ്യാപാരികൾക്ക്‌ പലിശയില്ലാതെ പത്തുലക്ഷം രൂപ ലഭ്യമാക്കുമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വ്യവസായ സ്ഥാപനങ്ങളുടെ പുനരുജ്ജീവനത്തിനുള്ള സഹായങ്ങളും നൽകും. പരമ്പരാഗത വ്യവസായ മേഖലയിലുണ്ടാക്കിയ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നതിന്‌ പ്രത്യേക പദ്ധതികൾ തയ്യാറാക്കുന്നു.

സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച്‌ സംസ്ഥാനതല ബാങ്കിങ‌് കമ്മിറ്റി യോഗം ചേർന്ന‌് ചെറുകിട വ്യവസായങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയുടെ നിലവിലുള്ള വായ്‌പാ തിരിച്ചടവിന്‌ ഒരുവർഷംമുതൽ ഒന്നരവർഷംവരെ മൊറട്ടോറിയം പ്രഖ്യാപിച്ചു. പ്രവർത്തന മൂലധന വായ്‌പ പുനഃക്രമീകരിക്കും. ഇത്തരം സ്ഥാപനങ്ങൾക്ക്‌ മാർജിൻ മണി കൂടാതെ പുതിയ ലോണുകൾ ആവശ്യാനുസരണം ലഭ്യമാക്കും.

വീടുകളിലേക്ക്‌ എത്തുന്ന ആളുകൾക്ക‌് വീടും വീട്ടുപകരണങ്ങളും ഉപയോഗിക്കാൻ പ്രാപ്‌തമാക്കുന്നതിനുള്ള പദ്ധതികളുണ്ടാകും. കൃഷി പുനരാരംഭിക്കുന്നതിന്‌ ആവശ്യമായ സഹായങ്ങളും ആലോചിക്കുന്നു. പലിശരഹിതമായും സബ്‌സിഡിയായും ഈ മേഖലയിൽ ഇടപെടും.  മൃഗങ്ങൾക്ക്‌ ഭക്ഷണം ഉറപ്പുവരുത്തുന്ന നടപടി ത്വരിതപ്പെടുത്തും. വീട്‌ പുനർനിർമിക്കുന്നതിനും റിപ്പയർ ചെയ്യുന്നതിനും അധിക ഭവനവായ്‌പ നൽകുന്നതിനും തീരുമാനിച്ചിട്ടുണ്ട്‌. അഞ്ചുലക്ഷം രൂപവരെ എടുക്കുന്ന അധികലോണുകൾക്ക്‌ മാർജിൻ മണി ഉണ്ടാകില്ല. കാർഷികവായ്‌പകൾ പുനഃക്രമീകരിക്കും.

വെള്ളത്തിൽ കിടക്കുന്ന വാഹനങ്ങൾ കേടാകുന്നത‌് പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. വാഹനങ്ങളുടെ ഇൻഷുറൻസ്‌ തുക ലഭ്യമാക്കുന്നത‌് ത്വരിതപ്പെടുത്തും.
പ്രളയബാധിത പ്രദേശങ്ങളിൽ സ്‌കൂളുകളിലേക്ക്‌ കുട്ടികളുടെ പ്രശ‌്നങ്ങളിൽ ഇടപെടുന്നതിന്‌ പിടിഎകളും പൂർവവിദ്യാർഥികളും യോജിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ പ്രാദേശികതലത്തിൽ ആസൂത്രണം ചെയ്യണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ ശ്രദ്ധിക്കണം‐ മുഖ്യമന്ത്രി വ്യക്തമാക്കി.

വിദഗ‌്ധതൊഴിലാളികളുടെ സഹായം പുനരധിവാസത്തിന്‌ ഉറപ്പാക്കണം. ഇതിന‌്  തൊഴിലാളി സംഘടനകളുടെ സജീവമായ സഹകരണം ഉണ്ടാകണം. പ്രാദേശികതലത്തിൽ ഇത്തരം സാധ്യതകൾ ഉപയോഗപ്പെടുത്തണം.

വീടുകൾ, പൊതുസ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ തുടങ്ങിയ വ്യത്യസ്‌തമായ പ്രദേശങ്ങളിൽ പല സ്വഭാവത്തിലുള്ള മാലിന്യങ്ങൾ കൂടിക്കുഴഞ്ഞ്‌ നിൽക്കുന്ന സ്ഥിതിയാണുള്ളത്‌. അഴുകിയ മാലിന്യങ്ങളെ വേർതിരിച്ച്‌ സ്വന്തം സ്ഥലത്തുതന്നെ സംസ്‌കരിക്കണം. ചെളിയും മണ്ണുമെല്ലാം പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും തള്ളാതെ ഒരിടത്ത്‌ സൂക്ഷിക്കണം. പ്ലാസ്റ്റിക്‌, ഇലക്‌ട്രോണിക്‌സ്‌ ഉപകരണങ്ങൾ, അപകടകരമായ മറ്റ‌് വസ്‌തുക്കൾ എന്നിവ ജലാശയത്തിലോ പൊതുസ്ഥലങ്ങളിലോ നിക്ഷേപിക്കുന്ന രീതി ഉണ്ടാകരുത്‌. ഇവയിൽ പുനഃചംക്രമണം ചെയ്യാൻ കഴിയുന്നവയെ ഏറ്റെടുക്കാൻ ഏജൻസികളുണ്ട്‌. അവയ്‌ക്ക്‌ നൽകുന്നതിന്‌ ശ്രദ്ധിക്കാനാകണം.

പുനഃചംക്രമണം സാധ്യമല്ലാത്ത മാലിന്യങ്ങൾ സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട്‌ ഏജൻസികളെ ഏൽപ്പിക്കുന്നതിന്‌ അൽപ്പം സമയം വേണ്ടിവന്നേക്കാം. അതുവരെ ഇവ ശേഖരിച്ച്‌ സൂക്ഷിക്കുന്നതിന്‌ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ താൽക്കാലിക സംവിധാനങ്ങളുണ്ടാക്കണം. ശുചീകരണപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ഇത്തരം സാധനങ്ങൾ പ്രത്യേകമായി തരംതിരിച്ച്‌ സൂക്ഷിക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നിലനിൽക്കുന്ന ഹരിത കർമസേന ഉൾപ്പെടെയുള്ള സംവിധാനങ്ങളെ പ്രയോജനപ്പെടുത്തി അവ ഏറ്റെടുത്ത്‌ താൽക്കാലികകേന്ദ്രങ്ങളിൽ എത്തിക്കുന്നത്‌ ശുചീകരണപ്രവർത്തനത്തെ സഹായിക്കും.

പുനഃചംക്രമണം നടത്താൻ കഴിയുന്നതും നടത്താൻ കഴിയാത്തതുമായ അജൈവമാലിന്യങ്ങൾ ഏറ്റെടുത്ത്‌ വിവിധ ഏജൻസികൾവഴി അവയെ സംസ്‌കരിക്കുന്നതിനുള്ള ചുമതല ക്ലീൻ കേരള കമ്പനിക്കായിരിക്കും. രക്ഷാപ്രവർത്തനംപോലെതന്നെ നാടിന്റെ ഭാവിക്ക്‌ പ്രധാനമാണ്‌ ശരിയായ രീതിയിലുള്ള ശുചീകരണപ്രവർത്തനം. അവ ശരിയായ രീതിയിൽ നടത്തിയില്ലെങ്കിൽ അത്‌ ഭാവിയിൽ ഗുരുതര പ്രശ്‌നങ്ങൾക്ക്‌ വഴിയൊരുക്കുമെന്ന്‌ മനസ്സിലാക്കി ബന്ധപ്പെട്ട എല്ലാവരുടെയും പൂർണസഹകരണം ഉണ്ടാക്കിയെടുക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഹരിതകേരളം മിഷനും ശ്രദ്ധിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു‌.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top