25 February Thursday
കൂത്താട്ടുകുളത്ത്‌ മുനിസിപ്പൽ പ്രസിഡന്റിന്‌ കിട്ടിയത്‌ 15 വോട്ട്‌

വോട്ടുകച്ചവടവും കാലുവാരലും; ബിജെപിയിൽ തമ്മിലടിയും കൂട്ടനടപടിയും തുടരുന്നു

പ്രത്യേക ലേഖകൻUpdated: Wednesday Jan 20, 2021

കൊച്ചി> തദ്ദേശ തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി ഏറ്റവാങ്ങിയ ബിജെപിയുടെ  അവലോകന യോഗങ്ങൾ വാക്കേറ്റവും കൈയാങ്കളിയുമായതോടെ  കൂട്ടപുറത്താക്കൽ തുടങ്ങി. വോട്ടുകച്ചവടത്തിന്റെയും കാലുവാരലിന്റെയും പേരിൽ പരസ്യമായി ഏറ്റുമുട്ടൽ ആരംഭിച്ചതോടെയാണ്‌ ജില്ലാ നേതൃത്വം നടപടി തുടങ്ങിയത്‌. ബിജെപിയുടെ കൂത്താട്ടുകളും മുനിസിപ്പൽ കമ്മിറ്റിയും ഇലഞ്ഞി, ചോറ്റാനിക്കര പഞ്ചായത്ത്‌ കമ്മിറ്റികളും പിരിച്ചുവിട്ടു. പിറവം, തൃപ്പൂണിത്തുറ, വൈപ്പിൻ, പറവൂർ, കോതമംഗലം, അങ്കമാലി, തൃക്കാക്കര, കൊച്ചി  മേഖലകളിലെ 15 പേരെ പ്രാഥമിക അംഗത്വത്തിൽനിന്ന്‌ ഒഴിവാക്കി.  34 പേരെ പാർടി ചുമതലയിൽനിന്ന്‌ മാറ്റി.  മണ്ഡലം കമ്മിറ്റി യോഗത്തിൽ പരസ്യമായ കൈയാങ്കളിയും കസേരയേറുമുണ്ടായ പിറവത്ത്‌ രണ്ടുപേരെ പ്രാഥമിക അംഗത്വത്തിൽനിന്ന്‌ സസ്‌പെൻഡ്‌ ചെയ്‌തു. 10 പേരെ ചുമതലയിൽനിന്ന്‌ ഒഴിവാക്കി.
 
കൂത്താട്ടുകുളത്തെയും ഇലഞ്ഞിയിലെയും വോട്ടുകച്ചവടത്തിന്റെ പേരിലാണ്‌ കഴിഞ്ഞദിവസം പിറവം മണ്ഡലം കമ്മിറ്റിയിൽ പ്രവർത്തകർ ചേരിതിരിഞ്ഞ്‌ ഏറ്റുമുട്ടിയത്‌.  മണ്ഡലം പ്രസിഡന്റ്‌ പ്രഭ പ്രശാന്തിനെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും കസേര എറിയുകയും ചെയ്‌തു.  കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയിൽ 25 വാർഡിൽ ആകെ ഏഴിടത്തുമാത്രമാണ്‌ മത്സരിച്ചതെങ്കിലും  കിട്ടിയത്‌ വിരലിൽ എണ്ണാവുന്ന വോട്ടുകൾ മാത്രം.  മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ്‌ എൻ കെ വിജയൻ മത്സരിച്ചെങ്കിലും  കിട്ടിയത്‌ 15 വോട്ട്‌. 2015ൽ 111 വോട്ട്‌ ലഭിച്ച വാർഡാണിത്‌. ഇതേത്തുടർന്ന്‌ മുനിസിപ്പൽ കമ്മിറ്റിയിൽ ഗ്രൂപ്പുകൾ ഏറ്റുമുട്ടി.  ഇലഞ്ഞി  പഞ്ചായത്തിലെ ഒരു വാർഡിൽ  ജയിക്കാൻ യുഡിഎഫിന്റെ വൊട്ട്‌ വാങ്ങുകയും  മറ്റു വാർഡുകളിലെ വോട്ട്‌ യുഡിഎഫിന്‌ മറിക്കുകയും ചെയ്‌തിരുന്നു. ഒരുവിഭാഗം ഇതിനെതിരെ രംഗത്ത്‌ വന്നതാണ്‌ ഇലഞ്ഞിയിലെ കമ്മിറ്റിയിൽ തമ്മിലടിക്ക്‌ കാരണം.  ചോറ്റാനിക്കരയിലെ വൊട്ടുകച്ചവടം മൂലം ഉണ്ടായ അതിദയനീയ തോൽവിയാണ്‌ നടപടിയ്‌ക്കു കാരണം.

തൃപ്പൂണിത്തുറയിൽ വി ഫോർ തൃപ്പൂണിത്തുറ എന്ന പേരിൽ മത്സരിച്ച ബിജെപിയുടെ മൂന്നു മുൻമുനിസിപ്പൽ കൗൺസിലർമാർ ഉൾപ്പെടെ  അഞ്ചുപേരെയാണ്‌ സസ്‌പെൻഡ്‌ ചെയ്‌തത്‌. മുൻകൗൺസിലർമാരായ വി ആർ വിജയകുമാർ, സീന സുരേഷ്‌, എ ബി ബൈജു എന്നിവർ ഇത്തവണ വി ഫോർ തൃപ്പൂണിത്തുറ എന്ന പേരിൽ മത്സരിച്ചിട്ടും വിജയിച്ചില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top