17 January Sunday

ഐഎഫ്‌സിയുടേത്‌ സൗഹൃദവായ്‌പ; പലിശ കുറയും

വെബ് ഡെസ്‌ക്‌Updated: Thursday Nov 26, 2020


ഇന്റർനാഷണൽ ഫിനാൻസ്‌ കോർപറേഷനിൽനിന്ന്‌ കിഫ്‌ബിക്ക്‌ സൗഹൃദവായ്‌പ  ലഭിക്കാൻ സാധ്യത. ‌ സൗഹൃദ വായ്‌പകൾക്ക്‌ തുച്ഛമായ പലിശയേ ഈടാക്കൂ. സംസ്ഥാനത്തിന്റെ പരിസ്ഥിതിസൗഹൃദ പദ്ധതികൾക്കായി ഐഎഫ്‌സിയിൽനിന്ന്‌ പണം കണ്ടെത്താൻ കഴിയുമെന്നതാണ്‌ പ്രത്യേകത. ഇത്‌ അടിസ്ഥാനസൗകര്യ വികസനത്തിൽ‌ പുതിയ മേഖലകൾ തുറക്കും.

ഇന്ത്യൻ രൂപയിൽ കടമെടുക്കാനുള്ള സാധ്യതയ്‌ക്കാണ്‌ ഐഎഫ്‌സിയുമായുള്ള ചർച്ചയിൽ ഊന്നൽനൽകുന്നതെന്ന്‌ കിഫ്ബി വൃത്തങ്ങൾ വ്യക്തമാക്കി. ബോർഡിന്റെ പൊതുയോഗത്തിന്റെ തീരുമാനപ്രകാരമാണ്‌ വായ്‌പാ മൂല്യനിർണയ നടപടി ആരംഭിച്ചത്‌. ഇതിനുശേഷമേ  വായ്‌പയിൽ അന്തിമ തീരുമാനമുണ്ടാകൂ.

സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക്‌ ആവശ്യമായ തുക കടമെടുക്കുകയാണ് കിഫ്ബി രൂപീകരണത്തിന്റെ പ്രധാന ദൗത്യം. തിരിച്ചടവുശേഷി ഉറപ്പുവരുത്തിയാണ്‌ വായ്‌പ സാധ്യമാക്കുന്നത്‌. രാജ്യത്ത് ബാങ്കിങ് മേഖലയിൽ കുറഞ്ഞ പലിശ നിരക്കാണ്‌ ഇപ്പോഴുള്ളത്‌. ഇത്‌ പരമാവധി പ്രയോജനപ്പെടുത്തി, കുറഞ്ഞ പലിശയിൽ ധന സ്ഥാപനങ്ങളുമായി കരാറിൽ ഏർപ്പെടാനാണ് കിഫ്ബി ശ്രമം.

പൊതുമേഖലാ ബാങ്ക്‌, വികസന നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന ആഭ്യന്തര ധന സ്ഥാപനങ്ങൾ, അടിസ്ഥാനസൗകര്യ ധന സ്ഥാപനങ്ങൾ, ബഹുമുഖ (മൾട്ടിലാറ്ററൽ) ഏജൻസികൾ എന്നിവയുമായി കിഫ്‌ബി ചർച്ച പുരോഗമിക്കുന്നതായി അധികൃതർ വ്യക്തമാക്കി. അതിനായി പ്രമുഖ വായ്‌പാ ഏജൻസികളുമായി ബന്ധങ്ങൾ സ്ഥാപിക്കേണ്ടതുണ്ട്. എന്നാൽ, വായ്‌പ എടുക്കുന്നത് ആവശ്യങ്ങൾ പരിഗണിച്ചായിരിക്കും.

കിഫ്‌ബിയെ സംരക്ഷിക്കാൻ കേരളം തെരുവിൽ
കിഫ്ബിയെ സംരക്ഷിക്കാൻ കേരളം തെരുവിലിറങ്ങിത്തുടങ്ങി. പത്തനംതിട്ടയിലെ കൊടുമണിൽ ഇതിനു തുടക്കമായി. കൊടുമൺ സ്റ്റേഡിയം നിർമാണം സംരക്ഷിക്കാനാണ്‌ നൂറുകണക്കിന്‌ യുവതീയുവാക്കൾ അണിനിരന്നത്‌. ട്രാക്ക് സ്യൂട്ടണിഞ്ഞ്‌ കായികതാരങ്ങളും കായികപ്രേമികളും പ്രതിഷേധജ്വാലയേന്തി. കിഫ്‌ബി സഹായത്തിൽ 15 കോടി രൂപ അടങ്കലിലാണ്‌ സ്‌റ്റേഡിയം പണി പുരോഗമിക്കുന്നത്‌. ഇത്‌ തടസ്സപ്പെടുമെന്ന ആശങ്കയാണ്‌ സംരക്ഷണ റാലിക്ക്‌ പ്രേരണ.

ഇതൊരു തുടക്കമാണെന്ന്‌ ധനമന്ത്രി ടി എം തോമസ്‌ ഐസക്‌ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. വികസനക്കുതിപ്പിനു തടയിടാൻ ശ്രമിക്കുന്ന യുഡിഎഫ്–-ബിജെപി സംയുക്ത മുന്നണിയുടെ രാഷ്ട്രീയം ജനങ്ങൾ തിരിച്ചറിയുകയാണ്.കിഫ്ബിയെ സംരക്ഷിക്കേണ്ടത് തങ്ങളുടെ ചുമതലയായി നാട് ഏറ്റെടുത്തിരിക്കുന്നു. കൊടുമണിൽ കൊളുത്തിയ പ്രതിഷേധജ്വാല കേരളമാകെ ആളിപ്പടരേണ്ടതുണ്ട്. കേരള വികസനം അട്ടിമറിക്കാൻ ആരെയും അനുവദിക്കില്ലെന്ന് നാട്‌ ഒറ്റക്കെട്ടായി നിലപാടു സ്വീകരിക്കുമെന്നും ധനമന്ത്രി കുറിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top