ഇടുക്കി> കനത്ത മഴയെ തുടർന്ന് ഇടുക്കി ജലാശയത്തിൽ ജലനിരപ്പ് 2390 അടിയിൽ എത്തിയതായി വൈദ്യുതി മന്ത്രി എം എം മണി അറിയിച്ചു. സംഭരണിയിലേക്കുള്ള നീരൊഴുക്ക് ഈ നില തുടർന്നാൽ 10 ദിവസത്തിനകം പരമാവധി ജല ശേഖരണ നിരപ്പായ 2403 അടിയിൽ എത്തിച്ചേരുമെന്നും ഇടുക്കി ഡാം സന്ദർശിച്ചശേഷം മന്ത്രി അറിയിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തുന്നതുമായി ബന്ധപ്പെട്ട് എല്ലാ സുരക്ഷാക്രമീകരണങ്ങളും സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.
ജലനിരപ്പ് 2400 അടി കടന്നാൽ അധികമായി ഒഴുകി എത്തുന്ന ജലം ചെറുതോണി ഡാം ഷട്ടറുകൾ തുറന്നു പുറത്തേക്ക് ഒഴുക്കി കളയേണ്ടിവരും.
അതിനാൽ ചെറുതോണി ഡാമിന്റെ താഴ്ന്ന പ്രദേശത്തിൽ ഉള്ളവരും ചെറുതോണി , പെരിയാർ നദിക്കരയിൽ ഉള്ളവരും അതീവ ജാഗ്രത പുലർത്തണമെന്നും മന്ത്രി അറിയിച്ചു. എംഎൽഎ റോഷി അഗസ്റ്റിനും മന്ത്രിക്കൊപ്പം ഡാം സന്ദർശിച്ചു.