16 July Tuesday

കാഴ്ച വൈകല്യത്തെ തോല്‍പ്പിച്ച് റെഷി കൊട്ടിയകറ്റിയത് ജാതിചിന്ത

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019

ചേലക്കര> അന്തിമഹകാളന്‍കാവ് വലിയകത്ത് വീട്ടില്‍ റെഷി ഇടയ്ക്ക പഞ്ചവാദ്യത്തിലൂടെ കൊട്ടിയകറ്റിയത് ജാതിചിന്ത. റമദാന്‍ നോമ്പിനിടയിലാണ് റെഷി പഴയന്നൂര്‍ വടക്കേത്തറ കൊട്ടേക്കാട്ടുകാവ് താലപ്പൊലിയിലെ ഇടയ്ക്ക പഞ്ചവാദ്യത്തിനെത്തിയത്.

ആസ്വാദകരുടെ ഹൃദയം കീഴടക്കുന്ന പ്രകടനമാണ് ഈ കലാകാരന്‍ കാഴ്ചവെച്ചത്. ക്ഷേത്ര കമ്മിറ്റിക്കാര്‍ നല്‍കിയ വെള്ളം കുടിച്ചാണ് നോമ്പ് മുറിച്ചത്.കലയ്ക്കും കലാകാരനും ജാതിയും മതവും വേണ്ടെന്ന് തെളിയിക്കുകയായിരുന്നു റെഷി.

ഷൊര്‍ണൂര്‍ കലാ സോപാനത്തിന്റെ ഇടയ്ക്ക പഞ്ചവാദ്യം ടീമംഗമായാണ് റെഷിയെത്തിയത്. ഇടയ്ക്കയിലെ ഗുരുവായ സുജിത് കോട്ടക്കലിനൊപ്പമാണ് റെഷി പഴയന്നൂരിലെത്തിയത്. ഭഗവതി പ്രതിഷ്ഠയ്ക്കുമുന്നില്‍ കൊട്ടിയത് സ്വപ്ന സാക്ഷാത്കാരമാണ്. സാധാരണ ശാസ്താവിന് മുന്നിലാണ് അവസരങ്ങള്‍ ലഭിക്കാറുള്ളത്; റഷി പറഞ്ഞു.

കാഴ്ചവൈകല്യത്തോട് പടവെട്ടിയാണ് റെഷി കലാരംഗത്തിന്റെ പടവുകളേറിയത്. നാല്‍പ്പതുശതമാനം കാഴ്ച നഷ്ടപ്പെട്ടുകഴിഞ്ഞ ഈ കലാകാരന് കലതന്നെയാണ് ജീവിതവും ലഹരിയും. സോപാനസംഗീതത്തിലും കഴിവുതെളിയിച്ചു. ഭാര്യ നിഷ. മക്കള്‍ സാഹില്‍, സമിത്ത്.



 


പ്രധാന വാർത്തകൾ
 Top