കൊച്ചി> പാലാരിവട്ടം പാലം നിർമാണ കരാർ നിയമവിരുദ്ധമായി ആർഡിഎസ് പ്രോജക്ട്സിന് നൽകിയതും 8.25 കോടി രൂപ മൊബിലൈസേഷൻ അഡ്വാൻസ് അനുവദിച്ചതും വി കെ ഇബ്രാഹിംകുഞ്ഞെന്ന് വിജിലൻസ് റിപ്പോർട്ട്. മന്ത്രിയുടെ നിർദേശപ്രകാരമാണ് പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് പ്രവർത്തിച്ചത്. നിർമാണത്തിന് പണം നൽകിയ കേരള റോഡ് ഫണ്ട് ബോർഡിന്റെ (കെആർഎഫ്ബി) വൈസ് ചെയർമാനും നിർമാണച്ചുമതല ഉണ്ടായിരുന്ന കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ കേരള (ആർബിഡിസികെ) ചെയർമാനും ഇബ്രാഹിംകുഞ്ഞ് ആയിരുന്നു. ഇബ്രാഹിംകുഞ്ഞും ടി ഒ സൂരജും കേസിലെ 10–-ാംപ്രതിയായ ആർബിഡിസികെ എംഡി മുഹമ്മദ് ഹനീഷും ചേർന്നാണ് കരാറിൽ ക്രമക്കേട് നടത്തിയത്.
ടെൻഡർ രേഖകളിൽ കൃത്രിമം കാണിച്ച് ആർഡിഎസ് കമ്പനിയ്ക്ക് കരാർനൽകി. മൊബിലൈസേഷൻ അഡ്വാൻസ് ഉണ്ടാകില്ലെന്ന് പ്രീ ടെൻഡർ സമയത്ത് മന്ത്രി മറ്റു കമ്പനികളെ അറിയിച്ചു. എന്നാൽ ഒടുവിൽ മുടങ്ങിപ്പോയ ജോലികൾക്കായി 8.25 കോടി രൂപ അഡ്വാൻസായി അനുവദിക്കുകയും ചെയ്തു. ഇതിനെ അക്കൗണ്ടന്റ് ജനറൽ ഓഡിറ്റ് എതിർത്തിരുന്നു. സ്വകാര്യ ബാങ്കുകൾ ഈടാക്കുന്ന 14.75 ശതമാനം പലിശ കണക്കാക്കിയാൽ 85 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നും വിജിലൻസ് റിപ്പോർട്ടിലുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..