04 June Thursday

താമസമില്ലാത്ത വീടുകൾ ടൂറിസ്റ്റ് ഹോംസ്റ്റേകളാക്കാം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Feb 22, 2020

തിരുവനന്തപുരം> സംസ്ഥാനത്ത് താമസമില്ലാതെ കിടക്കുന്ന വീടുകൾ ടൂറിസ്റ്റ് ഹോംസ്റ്റേകളാക്കുന്നത് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദപരിപാടിയായ ‘നാം മുന്നോട്ടി’ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് നൈപുണ്യ വികസന പരിശീലനം നൽകണം. തദ്ദേശസ്ഥാപനങ്ങളിലെ ‘ആയിരം പേർക്ക് അഞ്ച് തൊഴിൽ’ എന്ന പുതിയ പദ്ധതി ഏപ്രിൽ മുതൽ ആരംഭിക്കുകയാണ്. ഇതിൽ ലൈഫ് പദ്ധതിയിലുള്ളവരെ ഉൾപ്പെടുത്തി തൊഴിൽ നൽകാനാകും. ലൈഫ് പദ്ധതിയിൽ നിലവിൽ ഉൾപ്പെടാതിരുന്ന അർഹരായവരെ ചേർത്ത് അടുത്ത ഘട്ടത്തിൽ പുതിയ ലിസ്റ്റ് തയ്യാറാക്കും. വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ലൈഫ് പദ്ധതിക്കായി മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. നിശ്ചയിച്ച മാനദണ്ഡപ്രകാരമാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്.  കെട്ടിടസമുച്ചയത്തിൽ വ്യത്യസ്ത ചുറ്റുപാടിൽ കഴിയുന്നവർ  വിപുലമായ ഒരു കുടുംബമായി മാറണം. അവരിൽ ഐക്യവും മൈത്രിയും ഉണ്ടാകുന്നതിന് സാമൂഹ്യപ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ സേവനം ഉണ്ടാകണം.

ലൈഫിന്റെ  ആദ്യ രണ്ടു ഘട്ടം പൂർത്തിയായതോടെ രണ്ടു ലക്ഷം പേർക്കാണ് സ്വന്തം വീടായത്. മൂന്നാം ഘട്ടത്തിൽ വീടും സ്ഥലവും സ്വന്തമായില്ലാത്തവരെ ഉൾപ്പെടുത്തി. ഇതിൽ പുറമ്പോക്കുകളിൽ കഴിയുന്നവരുമുണ്ട്‌. കെട്ടിട സമുച്ചയങ്ങളിൽ ചിലതിന്റെ നിർമാണം ആരംഭിച്ചു. അടുത്ത വർഷത്തോടെ മൂന്നാംഘട്ടം പൂർത്തിയാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ എം. മുഹമ്മദ് സലീം, വെള്ളറട പഞ്ചായത്ത് പ്രസിഡന്റ് ശോഭാകുമാരി, ലൈഫ് പദ്ധതിയിൽ ഒരേക്കർ സ്ഥലം സൗജന്യമായി നൽകിയ കടയ്ക്കൽ അബ്ദുള്ള, നടനും സംവിധായകനുമായ മധുപാൽ, പാർപ്പിടനയ വിദഗ്ധൻ ഡോ. ജി ഗോപിക്കുട്ടൻ, സാമൂഹ്യശാസ്ത്രജ്ഞ എസ് മീന, കോസ്റ്റ്ഫോർഡ് ജോയിന്റ് ഡയറക്ടർ പി ബി സാജൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. വിവിധ ജില്ലകളിൽനിന്നുള്ള തെരഞ്ഞെടുത്ത ലൈഫ് ഗുണഭോക്താക്കളും സന്നിഹിതരായി.


പ്രധാന വാർത്തകൾ
 Top