30 November Monday

സ്കൂള്‍, ഞങ്ങളുടെ അഭിമാനം

എ എസ് ജിബിനUpdated: Monday Nov 23, 2020


കൊച്ചി
‘ഞങ്ങളുടെ സ്കൂൾ പ്രളയത്തിൽ മുങ്ങുന്നത് ഹയർ സെക്കൻഡറി ബ്ലോക്കിലെ ദുരിതാശ്വാസ ക്യാമ്പിലിരുന്ന് ഞാൻ നേരിൽ കണ്ടതാണ്. വെള്ളത്തിൽ മുങ്ങിയ ഓ‌ടിട്ട കെട്ടിടത്തിന്റെ മേൽക്കൂര മാത്രമാണ് കാണാനായത്. പി രാജീവ് എംപിയായിരുന്നപ്പോൾ ഞങ്ങളുടെ സ്കൂളിന് നൽകിയ ബസടക്കം  മുങ്ങി. പശുവിന്റെ ജഡം സ്കൂളിൽ ഒഴുകിനടന്നു. ക്ലാസ്‌ മുറികളും ഐടി, സയൻസ് ലാബും ഓഫീസുമെല്ലാം നശിച്ചു. ആ ഒന്നുമില്ലായ്മയിൽ നിന്നാണ് സംസ്ഥാന സർക്കാർ ഞങ്ങളുടെ സ്കൂളിനെ അന്താരാഷ്ട്രമികവിലേക്ക് കൈപിടിച്ചുയർത്തിയത്. 105 വർഷം പിന്നിട്ട ഞങ്ങളുടെ സ്കൂൾ ഇപ്പോൾ ഹൈടെക്കാണ്... പാഠപുസ്തകം വാങ്ങാൻ സ്കൂളിലെത്തിയപ്പോൾ ശരിക്കും അഭിമാനം തോന്നി... ’ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബിയുടെ അഞ്ച് കോടി ഫണ്ട് ഉപയോഗിച്ച്  മികവിന്റെ കേന്ദ്രമായി മാറിയ കൊങ്ങോർപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ്‌ വിദ്യാർഥിനി വിയ വർഗീസിന്റെ വാക്കുകളാണിവ.

2018 ആഗസ്‌തിലെ പ്രളയം വിഴുങ്ങിയ കൊങ്ങോർപ്പിള്ളി ഗവ. സ്കൂളിൽ ഇപ്പോൾ 1884 ചതുരശ്രമീറ്റർ വിസ്തീർണത്തിൽ മൂന്നു നിലയുള്ള രണ്ട് കെട്ടിടങ്ങൾ തലയുയർത്തി നിൽക്കുന്നു. നശിച്ച ക്ലാസ്‌മുറികൾക്കും ഓഫീസിനും ലാബിനും പകരം 13 ഹൈടെക്‌ ക്ലാസ്‌ മുറിയും കംപ്യൂട്ടർ, സയൻസ്, ഭാഷാ ലാബുകളും ഓഫീസും ഇടംപിടിച്ചിട്ടുണ്ട്. 18 ശുചിമുറി, സിക്ക് റൂം, ആർട്സ് റൂം, രണ്ട് സ്റ്റോർ റൂം എന്നിവയും സ്കൂളിന് സ്വന്തം. കിഫ്ബി അനുവദിച്ച അഞ്ചു കോടിയിൽ 4.42 കോടിയാണ് നിർമാണപ്രവർത്തനങ്ങൾക്ക് ചെലവായത്. 

സ്കൂളിന്റെ ഹൈടെക്‌ മാറ്റം കുട്ടികളിലുണ്ടാക്കിയ അമ്പരപ്പ് ചെറുതല്ല. അന്താരാഷ്ട്ര മികവിൽ പൊതുവിദ്യാലയത്തിൽ മക്കൾക്ക് പഠിക്കാനാകുമെന്ന സംതൃപ്തിയിലാണ് മാതാപിതാക്കൾ. മികവിന്റെ കേന്ദ്രമായതിനുശേഷം കുട്ടികളുടെ എണ്ണത്തിലുണ്ടായ വർധന അധ്യാപകരുടെ ആത്മവിശ്വാസം ഇരട്ടിയാക്കി. 100 കുട്ടികൾ മാത്രമുണ്ടായിരുന്ന സ്കൂളിലേക്ക് 112 കുട്ടികൾ കൂടി പുതുതായെത്തി. സമീപപ്രദേശത്ത് താമസിക്കുന്ന അധ്യാപകരുൾപ്പെടെയുള്ള ജീവനക്കാരുടെ മക്കൾ ഇവിടെയാണ് പഠിക്കുന്നത്.

ജില്ലയിൽ 55 മികവിന്റെ കേന്ദ്രങ്ങൾ

എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കൊങ്ങോർപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളടക്കം 55 സ്കൂളുകളാണ്  മികവിന്റെ കേന്ദ്രങ്ങളായത്. കിഫ്ബിയുടെ അഞ്ച് കോടിയുടെ ഫണ്ട് 15 സ്കൂളുകൾക്കും മൂന്നു കോടിയുടെ ഫണ്ട് ഒമ്പത് സ്കൂളുകൾക്കും ഒരു കോടിയുടെ ഫണ്ട് 25 സ്കൂളുകൾക്കും അനുവദിച്ചു. നബാർഡിന്റെ രണ്ടു കോടിയുടെ ഫണ്ട് ആറ് സ്കൂളുകൾക്കും ലഭിച്ചു. അഞ്ചു കോടിയുടെ ഫണ്ട് ലഭിച്ച കൊങ്ങോർപ്പിള്ളി ഗവ. ഹൈസ്കൂൾ, ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ, സൗത്ത് വാഴക്കുളം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, പിറവം ഗവ. എച്ച്എസ്എസ് എന്നിവയുടെ നിർമാണം പൂർത്തിയായി. ചേന്ദമംഗലം ജിഎച്ച്എസ്എസ്, ചെല്ലാനം ജിഎച്ച്എസ്എസ്, എളമക്കര ജിഎച്ച്എസ്എസ് എന്നീ സ്കൂളുകളുടെ നിർമാണം പുരോഗമിക്കുകയാണ്.

പെരുമ്പാവൂർ ജിജിഎച്ച്എസ്, നായത്തോട് എംജിഎം എച്ച്എസ്എസ്, ഇടപ്പള്ളി ജിഎച്ച്എസ്എസ്, ഫോർട്ടുകൊച്ചി ഇഎം ജിഎച്ച്എസ്എസ്, തൃപ്പൂണിത്തുറ ജിഎച്ച്എസ്എസ്, ചെങ്ങമനാട് ജിഎച്ച്എസ്എസ്, ഞാറക്കൽ ജിഎച്ച്എസ്എസ്, പേഴയ്ക്കാപ്പിള്ളി ജിഎച്ച്എസ്എസ് എന്നിവയുടെ നിർമാണോദ്ഘാടനം അടുത്തഘട്ടത്തിൽ നടക്കുമെന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ–-ഓർഡിനേറ്റർ ഡാൽമിയ തങ്കപ്പൻ പറഞ്ഞു.

മൂന്നുകോടിയുടെ ഫണ്ട് ലഭിച്ച കടയിരുപ്പ് ​ഗവ. എച്ച്എസ്എസ്, ​കുന്നുകര ​ഗവ. ജെബിഎസ് എന്നിവയുടെ നിർമാണം പൂർത്തിയായി. കല്ലിൽ  ജിഎച്ച്എസ്, കുട്ടമശേരി ജിഎച്ച്എസ്, വെണ്ണല ജിഎച്ച്എസ് എന്നിവയുടെ നിർമാണപ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണ്. ​ആറൂർ ജിഎച്ച്എസ്, പിണവൂർ ജിഎച്ച്എസ്, നെല്ലിക്കുഴി ജിഎച്ച്എസ്, തത്തപ്പിള്ളി ജിഎച്ച്എസ്, നൊച്ചിമ ജിഎച്ച്എസ്, പാലിശേരി ജിഎച്ച്എസ് എന്നീ സ്കൂളുകൾക്കാണ് നബാർഡിന്റെ രണ്ടുകോടി ലഭിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top