22 September Sunday

സന്ദര്‍ശകരിൽനിന്നും കെെക്കൂലി; 20 വർഷത്തിന് ശേഷം മുന്‍ ജയില്‍ വാര്‍ഡന്റെ തടവുശിക്ഷ ഹെെക്കോടതി ശരിവെച്ചു

വെബ് ഡെസ്‌ക്‌Updated: Friday May 24, 2019

കൊച്ചി> തടവുകാരനെ സന്ദർശിക്കാനെത്തിയ ആളിൽ നിന്നും ആയിരം രൂപ കെെക്കൂലി വാങ്ങിയെന്ന കേസിൽ മുൻ ജയിൽ വാർഡന്റെ ശിക്ഷ ഹെെക്കോടതി ശരിവെച്ചു. തിരുവനന്തപുരം അട്ടക്കുളങ്ങര സബ്  ജയിൽ വാർഡനായിരുന്ന പൂജപ്പുര സ്വദേശി പി കൃഷ്ണൻകുട്ടിക്ക് വിജിലൻസ് കോടതി വിധിച്ച തടവുശിക്ഷയാണ് ഹെെക്കോടതി ശരിവെച്ചത്. പക്ഷെ,  പ്രതിയുടെ പ്രായവും കേസിന്റെ സ്വഭാവവും കാലപ്പഴക്കവും പരിഗണിച്ച് കീഴ്ക്കോടതി വിധിച്ച മുന്നുവർഷം തടവുശിക്ഷ ഒരു വർഷമാക്കി ചുരുക്കി.

പ്രതിക്ക് 55 വയസുണ്ടായിരിക്കെ 1998ൽ നടന്ന സംഭവത്തിൽ 20 വർഷത്തിന് ശേഷമാണ് കേസ് തീർപ്പാകുന്നതെന്നും പ്രതിക്ക് ഇപ്പോൾ 75 വയസാണ് പ്രായമെന്നും ആയിരം രൂപ മാത്രം കൈക്കൂലി നൽകിയ കേസാണിതെന്നും വിലയിരുത്തിയാണ് ജസ്റ്റീസ് പി ഉബെെ​ദിന്റെ ഉത്തരവ്. തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മോഷണ കേസിൽ പ്രതിയായി ജാമ്യത്തിലിറങ്ങിയ ലോറൻസ് എന്നയാളുടെ പരാതിയിലാണ് തിരുവന്തപരും വിജിലൻസ് കേസെടുത്തിരുന്നത്.

ജയിലിൽ തന്നെ കഴിഞ്ഞിരുന്ന കൂട്ടു പ്രതിയെ കാണാൻ ജയിലിൽ പോയപ്പോൾ കൃഷ്ണൻകുട്ടി കൈക്കൂലി ചോദിച്ചെന്നാണ് ലോറൻസ് വിജിലൻസിന് പരാതി നൽകിയത്. വിജിലൻസിന്റെ നിർദേശ പ്രകാരം ഫിനോൽഫ്തലീൻ തൂകിയ ആയിരം രൂപ കൃഷ്ണൻകുട്ടിയെ കണ്ട് കൈക്കൂലിയായി നൽകിയതിന് പിന്നാലെ വിജിലൻസ് സംഘം എത്തി പിടികൂടുകയായിരുന്നു. പിടികൂടുമ്പോൾ പണം ഇയാളിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. അധാർമിക നടപടിയിലൂടെ തന്നെ കുടുക്കിയതാണെന്നായിരുന്നു കൃഷ്ണൻകുട്ടിയുടെ വാദം. താനറിയാതെ തന്റെ പാന്റിന്റെ പോക്കറ്റിലിലേക്ക് പണം തിരുകിവെച്ചുവെന്നാണ് വാദം.

രണ്ട് വകുപ്പുകളിലായി രണ്ടും മൂന്നും വർഷം വീതവും 5000 രൂപ പിഴയൊടുക്കാനും 2008 ഏപ്രിലിൽ വിജിലൻസ് കോടതി ഉത്തരവിട്ടു. തുടർന്നാണ് ഹർജിക്കാരൻ അപ്പീലുമായി ഹൈക്കോടതിയിലെത്തിയത്. പണം അറിയാതെ പോക്കറ്റിൽ തിരുകിവെച്ചതാണെന്ന ഹരജിക്കാരന്റെ വാദം കോടതി തള്ളി. പണം നൽകി കൂറേ കഴിഞ്ഞ് പിടികൂടുമ്പാഴും ഈ തുക കൈവശം തന്നെ ഉണ്ടായിരുന്നത് സംബന്ധിച്ച് വ്യക്തമായ മറുപടി നൽകാൻ ഹർജിക്കാരനായിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാൽ, അധാർമികമായി കുടുക്കിയതാണെന്ന് കരുതാൻ മതിയായ കാരണങ്ങളില്ല. അന്വേഷണത്തിൽ വീഴ്ചയുള്ളതായി പരാതിയോ തെളിവോ ഇല്ല. പണം കണ്ടെത്തിയത് കൊണ്ടുമാത്രം കുറ്റവാളിയാകില്ലെന്നും പണം ചോദിച്ചതിനും കൈപ്പറ്റിയതിനൂം തെളിവു വേണമെന്നുമാണ് നിയമമെങ്കിലും കെെക്കൂലി ചോദിച്ചതിന് സ്വതന്ത്ര തെളിവുകൾ ആവശ്യപ്പെടാനാവില്ല.

രഹസ്യമായിട്ടാവും കൈക്കൂലി ആവശ്യപ്പെടുക. അതേസമയം, പരാതിയിൽ കൃത്യമായി ഇക്കാര്യം പറയുന്നുണ്ട്. അധാർമികമായി ജയിൽ വാർഡനെ കുടുക്കേണ്ട ആവശ്യം പരാതിക്കാരനുണ്ടായിരുന്നില്ലെതും പരിഗണിക്കേണ്ടതുണ്ട്. അതിനാൽ പരാതി  അവിശ്വസിക്കേണ്ടതില്ലെന്ന് കോടതി വിലയിരുത്തി. നേരത്തെ പല തവണ ഹർജിക്കാരനടക്കം നാല് വാർഡൻമാർക്ക് കൈക്കൂലി നൽകിയതായി പരാതിക്കാരൻ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഒരു സംഭവത്തിൽ മാത്രമാണ് കേസുള്ളത്. ഹർജിക്കാരൻ കൈക്കൂലി കൈപ്പറ്റിയെന്നത് സംശയമില്ലാതെ തെളിയിക്കപ്പെട്ടിട്ടുണ്ട്.

മറ്റുള്ളവർ കെെക്കൂലി വാങ്ങിയതിന് തെളിവുണ്ടായാൽ പോലും കേസിൽ അവരെ പ്രതി ചേർക്കാനാവില്ല. കെെക്കൂലി വാങ്ങിയ മറ്റുള്ളവർക്കെതിരെ കേസില്ലെന്നത് ഹർജിക്കാരനെ കുറ്റവിമുക്തനാക്കാനുള്ള കാരണമാവില്ല. പ്രതി സർക്കാർ ഉദ്യോഗസ്ഥനായതിനാൽ പ്രോസിക്യുഷൻ ചെയ്യുന്നതിന് നിയമപരമായി വേണ്ട ശരിയായ പ്രോസിക്യൂഷൻ അനുമതി ലഭിച്ചിരുന്നതായും കോടതി ചൂണ്ടിക്കാട്ടി.

ശിക്ഷ വിധിച്ച വിചാരണ കോടതി നടപടി ശരിവെച്ചെങ്കിലും നിലവിലെ സാഹചര്യത്തിൽ ഒരു വർഷത്തെ ജയിൽ വാസം മതിയായ ശിക്ഷയാണെന്ന് കോടതി വിലയിരുത്തി. രണ്ട് വകുപ്പുകളിലും ഓരോ വർഷം ശിക്ഷ വിധിച്ച കോടതി രണ്ടും ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നും വ്യക്തമാക്കി. 5000 രൂപ പിഴയൊടുക്കാതിരുന്നാൽ നാല് മാസത്തെ തടവ് കൂടി അനുഭവിക്കണം. നാലാഴ്ചക്കകം വിചാരണ കോടതി മുമ്പാകെ പ്രതി കീഴടങ്ങണം. പിഴ ഒടുക്കുകയും വേണം. അല്ലാത്തപക്ഷം ഉത്തരവ് നടപ്പാക്കാനുള്ള നടപടികൾ വിചാരണ കോടതി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top