കൊച്ചി
ജില്ലയിൽ നാലാം ദിനവും മഴ ശക്തമായതോടെ പെരിയാർ, മൂവാറ്റുപുഴയാർ എന്നിവിടങ്ങളിലെ ജലനിരപ്പ് ഉയർന്നു. കടലാക്രമണം രൂക്ഷമായ ചെല്ലാനത്ത് 80 വീടുകളിൽ വെള്ളം കയറി. ഭൂതത്താൻകെട്ട് ഡാമിന്റെ 15 ഷട്ടറുകളും തുറന്നു. മലങ്കര ഡാമിന്റെ മൂന്നാമത് ഷട്ടർ തുറന്നു.വെള്ളിയാഴ്ച രാത്രി എട്ടുമുതൽ ശനിയാഴ്ച രാവിലെ 8.30വരെ ജില്ലയിൽ 122.9 മില്ലി മീറ്റർ മഴ പെയ്തു. ഞായറാഴ്ചവരെ ജില്ലയിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് 3.30 മുതൽ 6.30വരെ (മൂന്ന് മണിക്കൂറിനിടെ) വിവിധയിടങ്ങളിലായി 17.53 മില്ലി മീറ്റർ മുതൽ 63. 74 മില്ലി മീറ്റർ മഴയാണ് പെയ്തത്.
കിഴക്കൻ മേഖലയിൽ മഴ കനത്തതാണ് പെരിയാറിൽ ജല നിരപ്പുയരാൻ കാരണം. ആലുവയിൽ താൽക്കാലിക ശിവക്ഷേത്രത്തിന്റെ തറയിലേക്ക് ശനിയാഴ്ച രാവിലെ വെള്ളം കയറിയെങ്കിലും വൈകിട്ടോടെ ഇറങ്ങി. പുഴയിലേക്കുള്ള കൽപ്പടവുകൾ മുങ്ങിയിട്ടുണ്ട്. മലങ്കര ഡാമിന്റെ അഞ്ചാം നമ്പർ ഷട്ടറാണ് ശനിയാഴ്ച തുറന്നത്. ഇതോടെ മൂവാറ്റുപുഴയാറിൽ അഞ്ചടി വെള്ളം ഉയർന്നു. വെള്ളിയാഴ്ച മൂന്നും നാലും ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം ഉയർത്തിയിരുന്നു.
തുടർച്ചയായ രണ്ടാം ദിവസമാണ് ചെല്ലാനം കാടലാക്രമണം നേരിടുന്നത്. കമ്പനിപ്പടി, ബസാർ, വേളാങ്കണ്ണി പ്രദേശങ്ങളിലാണ് രൂക്ഷമായ കടൽകയറ്റം. ഈ പ്രദേശങ്ങളിലെ 80 വീടുകളിൽ വെള്ളം കയറി. ഉച്ചയോടെയാണ് കടലാക്രമണം ശക്തമായത്. വീട്ടു സാധനങ്ങളും, പാത്രങ്ങളും, വീട് നിർമാണത്തിന് ഇറക്കിവച്ച സാമഗ്രികളും ഒലിച്ചുപോയി. എറണാകുളം നഗരത്തിൽ വിവിധയിടങ്ങളിൽ ശനിയാഴ്ചയും വെള്ളക്കെട്ട് രൂക്ഷമായി.