20 September Sunday

അതിതീവ്ര മഴ: തയ്യാറെടുത്ത്‌ കേരളം ; കടലാക്രമണം തടയാൻ പദ്ധതികൾ

വെബ് ഡെസ്‌ക്‌Updated: Thursday Aug 6, 2020


തിരുവനന്തപുരം
സംസ്ഥാനത്ത്‌ അതിതീവ്ര മഴ പ്രവചിച്ച സാഹചര്യത്തിൽ തയ്യാറെടുപ്പുകൾ പൂർത്തിയാക്കാൻ ജില്ലാ ഭരണസംവിധാനങ്ങൾക്കും വകുപ്പുകൾക്കും നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ.  ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം സാധ്യത മുന്നിൽക്കണ്ട് തയ്യാറെടുപ്പ്‌ നടത്തും.

റെഡ് അലർട്ട് നിലനിൽക്കുന്ന ഉരുൾപൊട്ടൽ സാധ്യതാ മേഖലകളിലുള്ളവരെ മാറ്റിത്താമസിപ്പിക്കും. നീലഗിരി കുന്നുകളിലെ അതിതീവ്ര മഴ വയനാട്, മലപ്പുറം ജില്ലയുടെ കിഴക്കൻമേഖല, പാലക്കാട് ജില്ലയുടെ വടക്ക് കിഴക്കൻമേഖല എന്നിവിടങ്ങളിൽ അപകടസാധ്യത വർധിപ്പിക്കും. ഇടുക്കി ജില്ലയിലെ അതിതീവ്ര മഴ എറണാകുളം ജില്ലയെയും ബാധിക്കും. കാലാവസ്ഥാ മുന്നറിയിപ്പുകളെ ഗൗരവത്തിൽ കാണണം.

തങ്ങളുടെ പ്രദേശത്ത് നിലവിൽ മഴയില്ലെങ്കിൽ മുന്നറിയിപ്പിനെ അവഗണിക്കുന്ന രീതിയുണ്ട്. അത്‌ പാടില്ല. പ്രധാന അണക്കെട്ടുകളിൽ ജലനിരപ്പ് ഗണ്യമായി ഉയർന്നിട്ടില്ല. പെരിങ്ങൽക്കുത്ത്, കല്ലാർകുട്ടി, ലോവർ പെരിയാർ എന്നീ അണക്കെട്ടുകളിൽനിന്ന് നിയന്ത്രിത അളവിൽ ജലം പുറത്തുവിടുന്നുണ്ട്. മുൻകരുതലിന്റെ ഭാഗമായി ജലസേചനവകുപ്പിന്റെ ചില അണക്കെട്ടുകളിലും ജലം പുറത്തേക്കൊഴുക്കുന്നു.

മണിമലയാറിൽമാത്രമാണ് മുന്നറിയിപ്പ്‌ ലെവലിനോട് അടുത്തുള്ള ജലനിരപ്പുള്ളത്. നദികളിൽ പെട്ടെന്ന് ജലനിരപ്പ് ഉയരുന്ന സാഹചര്യം പ്രത്യേകം ശ്രദ്ധിക്കും. ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പുവരുത്തും. ക്വാറന്റൈനിൽ കഴിയുന്നവർ, രോഗലക്ഷണമുള്ളവർ, കോവിഡ് ബാധിക്കുന്നതുമൂലം കൂടുതൽ അപകടസാധ്യതയുള്ളവർ, സാധാരണ ജനങ്ങൾ എന്നിങ്ങനെ നാലുതരത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കും. നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്ക് ഇറങ്ങാനോ പാടില്ല. കടലാക്രമണസാധ്യതയുള്ളതിനാൽ തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന്‌ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കടലാക്രമണം തടയാൻ  പദ്ധതികൾ
കടലാക്രമണം തുടരുന്ന സാഹചര്യത്തിൽ ആവശ്യമായ പ്രവൃത്തികൾ അടിയന്തര പ്രാധാന്യം നൽകി ആരംഭിക്കുമെന്ന്‌ മുഖ്യമന്ത്രി അറിയിച്ചു. ഇത് സംബന്ധിച്ച്‌ ധനം, ഫിഷറീസ്, ജലവിഭവം വകുപ്പുകൾ കൂട്ടായി ചർച്ചചെയ്യും. നേരത്തേ തീരുമാനിച്ച കാര്യങ്ങൾ യുദ്ധകാലടിസ്ഥാനത്തിൽ പൂർത്തിയാക്കും. നിലവിൽ അനുമതി നൽകിയ പ്രവൃത്തികളിൽ തുടർനടപടി ഉടൻ സ്വീകരിക്കും. കടലാക്രമണം തടയാൻ ഹ്രസ്വ–-ദീർഘകാല പദ്ധതികൾക്ക് രൂപം നൽകും.

തീരദേശ ജില്ലകൾക്ക് അടിയന്തര പ്രവൃത്തികൾക്ക് രണ്ടു കോടി രൂപവീതം അനുവദിച്ചിരുന്നു. പൊന്നാനിയിൽ സമ്പൂർണ കടൽഭിത്തി നിർമാണമെന്ന ആവശ്യം പരിഗണനയിലാണ്. ശംഖുംമുഖം റോഡ് സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top