02 December Thursday
മീൻപിടിക്കാൻ പോകരുത്‌ , മിന്നൽ: ജാഗ്രത വേണം

വില്ലനായത്‌ ന്യൂനമർദം ; പിൻവാങ്ങാതെ കാലവർഷം

സ്വന്തം ലേഖകൻUpdated: Saturday Oct 16, 2021

മുണ്ടക്കയം – കുട്ടിക്കാനം റോഡിൽ കനത്ത മഴയെത്തുടർന്ന് മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ട നിലയിൽ


തിരുവനന്തപുരം
ഇടയ്‌ക്കിടെയുണ്ടായ ന്യൂനമർദത്തെ തുടർന്ന്‌ തുലാവർഷം എത്തുന്നതിനുമുമ്പേ സംസ്ഥാനത്ത്‌ കനത്തമഴ. എന്നാൽ, 2018ലേതുപോലെ മഹാപ്രളയത്തിലേക്ക്‌ കടക്കാൻ സാധ്യതയില്ലെന്നാണ്‌ കാലാവസ്ഥാ വിദഗ്‌ധരുടെ നിഗമനം. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദവും പസഫിക്‌ സമുദ്രത്തിൽ ചുഴലിയുമാണുള്ളത്‌. ഇവ പടിഞ്ഞാറൻ കാറ്റിനെ കിഴക്കോട്ട്‌ വലിക്കുന്നുമുണ്ട്‌. ഇതിന്റെ പ്രതിഫലനമാണ്‌ ശക്തമായ മഴ.

2018ൽ മഹാപ്രളയത്തിന്‌  പസഫിക്‌, ബംഗാൾ ഉൾക്കടലിലെ ചുഴലിക്കാറ്റുകളും കാരണമായിരുന്നു. ആ സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോൾ അതിന്റെ ഏറ്റവും ചെറിയപതിപ്പാണ്‌ ഇപ്പോഴുള്ളത്‌.  എന്നാൽ, മഴലഭ്യത, ഭൂപ്രകൃതി എന്നിവയ്‌ക്ക്‌ അനുസൃതമായി പ്രാദേശികമായി പ്രളയസമാന പ്രശ്‌നങ്ങൾ സൃഷ്ടിക്കാം.

ഒക്ടോബർ ഒന്ന്‌ മുതൽ 16 വരെ 164 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത്‌ 331 മില്ലിമീറ്റർ ആണ്‌ പെയ്‌തത്‌. 102 ശതമാനം അധികം. ജൂൺമുതൽ സെപ്‌തംബർ വരെ കുറവുണ്ട്‌. 2049 മില്ലിമീറ്റർ ലഭിക്കേണ്ടിടത്ത്‌ 1718.  അറബിക്കടലിലെ ന്യൂനമർദം ഉടൻ ദുർബലമാകാനിടയുണ്ട്‌. തിങ്കൾമുതൽ മഴയുടെ ശക്തി കുറഞ്ഞേക്കും.

മീൻപിടിക്കാൻ പോകരുത്‌
കേരള-–- ലക്ഷദ്വീപ്  തീരങ്ങളിൽ ഞായറാഴ്‌ച മീൻപിടിക്കാൻ പോകരുതെന്ന്‌ കേന്ദ്ര കാലാവസ്ഥാവകുപ്പ്. മണിക്കൂറിൽ  60  കി.മീ. വരെ വേഗത്തിൽ കാറ്റിനും കാലാവസ്ഥ മോശമാകാനും സാധ്യതയുണ്ട്‌. തെക്ക്‌–- - കിഴക്കൻ  അറബിക്കടൽ,  മാലദ്വീപ് തീരം, മാന്നാർ കടലിടുക്ക്‌, കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മീൻപിടിക്കാൻ പോകരുത്‌.

മിന്നൽ: ജാഗ്രത വേണം
സംസ്ഥാനത്ത്‌ ഞായറാഴ്‌ച ഇടിമിന്നലോടുകൂടിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യത. ജാഗ്രത പാലിക്കണം.

ആശുപത്രികൾ സജ്ജം
വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നതിനാൽ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ആശുപത്രികളെ സജ്ജമാക്കി ആരോഗ്യവകുപ്പ്‌. ഇതിനായി ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർമാർ യോഗം ചേർന്നു. ആശുപത്രികൾ സജ്ജമാണെന്ന്‌  ഉറപ്പാക്കാൻ ആരോഗ്യ, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർമാരോട്‌ മന്ത്രി നിർദേശിച്ചു. ആവശ്യമെങ്കിൽ പ്രത്യേക ചികിത്സാ സംവിധാനമൊരുക്കും. മതിയായ മരുന്ന്‌  ഉറപ്പാക്കി. ദുരിതാശ്വാസ ക്യാമ്പുകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. രോഗലക്ഷണമുള്ളവരെ മാറ്റിപ്പാർപ്പിക്കണം. ആവശ്യമെങ്കിൽ ക്യാമ്പുകളിൽ ആന്റിജൻ പരിശോധന നടത്തും.

ശ്രദ്ധിക്കണം പകർച്ചവ്യാധി
മഴക്കാലത്ത്‌ പകർച്ചവ്യാധികൾക്കും സാധ്യതയുള്ളതിനാൽ വ്യക്തി–- പരിസര ശുചിത്വം പാലിക്കണം. ജലജന്യരോഗങ്ങളായ വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, കോളറ തുടങ്ങിയവ പടരാൻ സാധ്യതയുണ്ട്. മലിനജല സമ്പർക്കത്തിലൂടെ എലിപ്പനിക്കും സാധ്യത. പ്രതിരോധത്തിനുള്ള ഗുളികയായ ഡോക്‌സിസൈക്ലിൻ എല്ലാ സർക്കാർ ആശുപത്രിയിലും സൗജന്യമായി ലഭിക്കും. ഇതിനായി ഡോക്‌സി കോർണറുകൾ സ്ഥാപിച്ചു. മലിനജലവുമായി സമ്പർക്കത്തിൽ വരുന്നവർ ഡോക്‌സിസൈക്ലിൻ കഴിക്കണം.

മണ്ണിടിച്ചിൽ പ്രദേശങ്ങളിൽ സർവീസ് നിർത്തിവയ്ക്കും
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കെഎസ്ആർടിസിയുടെ സേവനം വിട്ടു നൽകണമെന്ന്‌ ഗതാഗതമന്ത്രി ആന്റണി രാജു നിർദേശിച്ചു.  മണ്ണിടിച്ചിൽ പ്രദേശങ്ങളിൽ സർവീസ് താൽക്കാലികമായി നിർത്തിവയ്ക്കും. 

ആവശ്യമായ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം നടത്താൻ ജലഗതാഗത വകുപ്പിന്റെ കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലുള്ള അഞ്ച് റെസ്‌ക്യൂ -കം -ആംബുലൻസ് ബോട്ടുകൾ തയ്യാറാക്കി നിർത്തണം. അതത്‌ പ്രദേശങ്ങളിലെ മണ്ണുമാന്തിയന്ത്രം, ടിപ്പർ, ക്രെയിൻ, ആംബുലൻസ് എന്നിവയുടെയും  ആളുകളെ സുരക്ഷിത ഇടത്തേക്ക്‌ മാറ്റാനുള്ള വാഹനങ്ങളുടെയും ലിസ്റ്റ് തയ്യാറാക്കാൻ ആർടിഒ, ജോയിന്റ് ആർടിഒമാരോട്‌ നിർദേശിച്ചു. കലക്ടറേറ്റുകളിലെ  ദുരന്തനിവാരണ സെല്ലിന്റെ പ്രവർത്തനങ്ങൾക്ക്  സഹായം നൽകാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോടും നിർദേശിച്ചു.

ജില്ലകളില്‍ പൊലീസ്‌ കണ്‍ട്രോള്‍ റൂം
ജില്ലകളിൽ പ്രത്യേക കൺട്രോൾ റൂം തുറക്കാൻ ജില്ലാ പൊലീസ് മേധാവിമാരോട്‌ സംസ്ഥാന പൊലീസ്‌ മേധാവി അനിൽകാന്ത്‌ മിശ്ര നിർദേശിച്ചു. കലക്ടർമാർ, ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുമായി ചേർന്ന് പൊലീസ് സംവിധാനം പ്രവർത്തിക്കും. അടിയന്തര സാഹര്യങ്ങളിൽ പൊതുജനങ്ങൾക്ക് 112 എന്ന നമ്പരിൽ ബന്ധപ്പെടാം.

പൊലീസ്‌ സ്റ്റേഷനുകളിൽ രക്ഷാപ്രവർത്തനങ്ങൾക്ക് പ്രത്യേകസംഘം രൂപീകരിക്കും. രക്ഷാപ്രവർത്തനത്തിന്  ചെറിയ ബോട്ടുകൾ, ലൈഫ് ജാക്കറ്റ്, മണ്ണ് മാറ്റാനും മരം മുറിക്കാനുമുള്ള ഉപകരണങ്ങൾ, വെളിച്ച സംവിധാനം എന്നിവ കരുതും.

നദികൾ, കായൽ, കടൽ തീരങ്ങളിൽ വസിക്കുന്നവരെ  ഒഴിപ്പിക്കാൻ സഹായം ഉറപ്പാക്കും. മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും ധ്യതയുള്ള പ്രദേശങ്ങളിൽ  മുൻകരുതൽ സ്വീകരിക്കും. ദുരിതാശ്വാസകേന്ദ്രങ്ങളിൽ പ്രത്യേ ക പൊലീസ് സുരക്ഷ ഏർപ്പെടുത്തണം. കൃഷിവകുപ്പും ജില്ലകളിൽ കൺട്രോൾ റൂം തുറന്നു. സംസ്ഥാനതലം: 9447210314.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top